ന്യൂഡൽഹി: ഹണിട്രാപിൽ വീണ വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റനെ യുവതികൾ കെണിയിൽ വീഴ്‌ത്തിയത് പോൺ വീഡിയോകൾ അയച്ചുകൊടുത്ത്. തങ്ങളുടെ വീഡിയോ ഷെയർ ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതികൾ ഉദ്യോഗസ്ഥനെ പാട്ടിലാക്കിയത്. തിരുവനന്തപുരത്ത് ജോലിയുടെ ഭാഗമായി വന്നപ്പോഴാണ് യുവതികളിലൊരാൾ തന്നെ ഫേസ്‌ബുക്ക് മെസഞ്ചറിൽ ചേർത്തത്്

. യുവതിയുടെ പ്രൊഫൈലിൽ കയറിയപ്പോൾ, തന്റെ പഴയ സഹപ്രവർത്തകൻ മ്യൂച്ചൽ ഫ്രണ്ടാണെന്ന് കണ്ടു. തുടർന്ന് ഇരുവരും ചാറ്റ് ചെയ്തു.ഇതിന് പിന്നാലെ മറ്റൊരു യുവതിയും ചാറ്റ് റൂമിലെത്തി.തന്റെ രണ്ടു സഹപ്രവർത്തകരെ കുറിച്ചാണ് അവർ സംസാരിച്ചതെന്ന് 51 കാരനായ അരുൺ മർവാഹ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

വ്യോമസേനയുടെ പുതിയ ത്രിതലസർവീസ് ഏജൻസികളെ കുറിച്ചുള്ള രഹസ്യ വിവരം യുവതികൾക്ക് കൈമാറിയതിനാണ് മർവാഹയെ അറസ്റ്റ് ചെയ്തത്. വിദേശ ചാര ഏജൻസികൾക്ക് വേണ്ടിയാണ് യുവതികൾ ഇദ്ദേഹത്തെ കെണിയിൽ വീഴ്‌ത്തിയതെന്ന് കരുതുന്നു.മർവാഹയുടെ മൊബൈൽ ഫോണിൽ നിന്ന് പോൺ ക്ലിപ്പുകൾ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. യുവതികളുടെ ഫേസ്‌ബുക്ക് പ്രൊഫൈലുകൾ ഷെയർ ചെയ്യണമെന്ന് ഫേസ്‌ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എവിടെ വച്ച് എപ്പോഴാണ് പ്രൊഫൈലുകൾ സൃഷ്ടിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട മർവാഹ ഇപ്പോൾ തിഹാർ ജയിലിലാണ്.ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പെൻ ഡ്രൈവുകളും ഹാർഡ് ഡിസ്‌കുകളും പിടിച്ചെടുത്തിരുന്നു. ഇവ സിബിഐയുടെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.യുവതികളുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ, പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന അറുപതിലേറെ പേരെ ഫ്രണ്ടസ് ലിസ്റ്റിൽ കണ്ടെത്തി. ഇവരിൽ ചിലർ വിരമിച്ച ഉദ്യോഗസ്ഥരാണെന്നും പൊലീസ് അറിയിച്ചു.