- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാഫിക്, പെറ്റി കേസുകൾ കുഴപ്പമില്ല; ക്രിമിനൽ കേസുകളിൽ പെട്ടവർക്കും തെറ്റായ വിവരം നൽകുന്നവർക്കും നല്ല സ്വഭാവ സർട്ടിഫിക്കറ്റ് നൽകില്ല; ഏഴു ദിവസത്തിന് അകം സർട്ടിഫിക്കറ്റ് കൈയിൽ കിട്ടും; 'കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല' എന്ന പൊലീസ് സർട്ടിഫിക്കറ്റ് കിട്ടാൻ അപേക്ഷിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജോലിയാവശ്യത്തിനും മറ്റും സംസ്ഥാന പൊലീസ് ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം പൊലീസും കൈക്കൊണ്ടത്. സംസ്ഥാന പൊലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കി. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നു.
'പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്' എന്നതിനുപകരം 'കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല' എന്ന സർട്ടിഫിക്കറ്റാകും ഇനി നൽകുക. ഇതാകട്ടെ, സംസ്ഥാനത്തിനകത്തുള്ള ജോലിക്കായോ മറ്റോ മാത്രമാകും നൽകുക.
അപേക്ഷ നൽകേണ്ട വിധം:
1.ഈ സർട്ടിഫിക്കറ്റിനായി അപേക്ഷകൻ ജില്ലാ പൊലീസ് മേധാവിക്കോ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കോ അപേക്ഷ നൽകണം.
2. സർട്ടിഫിക്കറ്റിനായി അപേക്ഷകൻ തന്നെ, അപേക്ഷ സമർപ്പിക്കുന്നതാണ് ഉചിതം. എന്നാൽ, മതിയായ കാരണങ്ങളുണ്ടെങ്കിൽ, നേരിട്ടല്ലാതെ മറ്റൊരാളെ ചുമതലപ്പെടുത്തിയും സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ അപേക്ഷകൻ നേരിട്ട ഹാജരാകണമെന്ന് നിയമപരമായി നിഷ്‌കർഷിക്കുന്നില്ല. നേരിട്ട് സർട്ടിഫിക്കറ്റ് വാങ്ങാൻ കഴിയാത്ത സാഹചര്യങ്ങളിൽ, അപേക്ഷകൻ ചുമതലപ്പെടുത്തുന്ന ആൾക്ക് മതിയായ സാക്ഷ്യപ്പെടുത്തലോടെ, ഹാജരായി കൈപ്പറ്റാവുന്നതാണ്.
സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ജില്ലാ പൊലീസ് മേധാവിക്കോ, സ്റ്റേഷൻ ഹൗസ് ഓഫീസർക്കോ 'തുണ' സിറ്റിസൺ പോർട്ടൽ വഴിയോ പൊൽ-ആപ്പ് വഴിയോ മതിയായ ഫീസടച്ച് സമർപ്പിക്കാം. ക്ലിയറൻസ് സർട്ടിഫിക്കറ്റ് അടക്കം പൊലീസ് സംബന്ധമായ യാതോരുവിധ അനുമതികൾക്കും സ്റ്റേഷനിൽ നേരിട്ട് എത്തേണ്ട. ഇതിനായാണ് പൊലീസിന്റെ നവീകരിച്ച സിറ്റിസൺ സർവ്വീസ് പോർട്ടൽ തുണ പ്രവർത്തിക്കുന്നത്.
നിലവിൽ പൊലീസിന്റെ 27 സേവനങ്ങൾ പൊൽ-ആപ്പ്(POL-APP) പൊതുജനങ്ങൾക്ക് ലഭിക്കും. സാധാരണക്കാർക്ക് ആപ് എളുപ്പം ഉപയോഗിക്കാം. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ആപ്പ് ലഭ്യമാണ്.
3.ഫീസ്
500 രൂപയാണ് ഫീസ്. പൊലീസ് സ്റ്റേഷനിലോ, ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലോ നേരിട്ട് ക്യാഷായി അടയ്ക്കാം. ടിആർ 5 ഫോമിൽ, രസീത് കിട്ടും.
ഓൺലൈനായും പണമടയ്ക്കാം
4.അപേക്ഷയോടൊപ്പം വേണ്ട രേഖകൾ
മേൽവിലാസം തെളിയിക്കാനുള്ള രേഖകൾ( അറ്റസ്റ്റ് ചെയ്ത പകർപ്പ്)
1.റേഷൻ കാർഡ്
2.വോട്ടേഴ്‌സ് ഐഡി
3.എസ്എസ്എൽസി ബുക്ക്
4.ആധാർ കാർഡ്
തിരിച്ചറിയൽ രേഖ ( അറ്റസ്റ്റ് ചെയ്ത പകർപ്പ്)
1. കേന്ദ്രസർക്കാർ സ്ഥാപനമോ, സംസ്ഥാന സർക്കാരോ നൽകിയ തിരിച്ചറിയൽ രേഖ
2. ആധാർ കാർഡ്
3. വോട്ടർ കാർഡ്
4. ഡ്രൈവിങ് ലൈസൻസ്
'കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല' എന്ന സർട്ടിഫിക്കറ്റിന്റെ ആവശ്യകത കത്തിന്റെയോ രേഖയുടെയോ പകർപ്പോ(സ്ഥാപനത്തിന്റെ അപേക്ഷ, പരസ്യത്തിന്റെ പകർപ്പ് തുടങ്ങിയവ)
തുണ സിറ്റിസൺസ് പോർട്ടൽ വഴിയുള്ള ഓൺലൈൻ അപേക്ഷകൾക്ക് സർട്ടിഫിക്കറ്റിന്റെ ആധികാരികത ക്യുആർ കോഡ് വഴി സാധൂകരിക്കാം.
5. മതിയായ രേഖകളോടെ നേരിട്ട് ലഭിക്കുന്ന അപേക്ഷകൾ, ഫീസ് വാങ്ങി വേരിഫിക്കേഷനും നടത്തി, ജില്ലാ പൊലീസ് മേധാവിയോ, എസ്എച്ച്ഒയോ അപേക്ഷകനോ, ചുമതലപ്പെടുത്തുന്ന ആളിനോ കൈമാറും,
6. കേരള പൊലീസ് വെബ്‌സൈററ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം(www.keralapolice.gov.in) അല്ലെങ്കിൽ തുണ സിറ്റിസൺ പോർട്ടൽ( thuna.keralapolice.gov.in) അല്ലെങ്കിൽ കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പൊൽ-ആപ്പ്( Pol-App) വഴിയോ രേഖകൾ സഹിതം അപേക്ഷിക്കാം. നിർദ്ദേശങ്ങൾ അപേക്ഷകർ കർശനമായി പാലിക്കണം
7.സർട്ടിഫിക്കറ്റിന് ഉപയോഗിക്കുന്നത് ഗുണമേന്മയുള്ള ബോണ്ട് പേപ്പറായിരിക്കും,
8. അപേക്ഷ ലഭിച്ചാലുടൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകും. അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽ കേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നൽകും. തെറ്റായ വിവരങ്ങളാണ് അപേക്ഷകൻ നൽകുന്നതെങ്കിൽ സർട്ടിഫിക്കറ്റ് നിരസിക്കും. സാധാരണ ഗതിയിൽ, അപേക്ഷ കിട്ടി ഏഴു ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും.
കഴിഞ്ഞവർഷം ഓഗസ്റ്റിലെ ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിന്ന് പൊലീസ് പിൻവാങ്ങിയത്. ചിലരാജ്യങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ സ്വഭാവം മികച്ചതാണെന്ന സർട്ടിഫിക്കറ്റ് വേണമെന്നു വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി വന്നത്.
ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രസർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. കുവൈത്തിൽ ജോലിക്ക് ഇത്തരം സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും റീജണൽ പാസ്പോർട്ട് ഓഫീസിൽനിന്ന് ഇതുനൽകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഉദ്ധരിച്ചാണ് കേരള ഹൈക്കോടതി ഉത്തരവിറക്കിയത്.
ഇതിന്റെയടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യങ്ങൾ വ്യക്തമാക്കി കഴിഞ്ഞദിവസം സർക്കുലർ പുറത്തിറക്കിയത്. ഇതോടെ വിദേശത്ത് ജോലിക്ക് പോകുന്നവർ കേന്ദ്രസർക്കാറിന്റെ കണ്ണിലും നല്ലകുട്ടി ആകേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. അതേസമയം ഇതിന് മുമ്പ് വിദേശ രാജ്യങ്ങളിലെ ജോലിക്കായുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പാസ്പോർട്ട് ഓഫീസ് വഴിയും ലഭ്യമാക്കിയിരുന്നു.
പൊലീസ് ക്ലിയറൻസ്, പാസ്‌പോർട്ട് വെരിഫിക്കേഷൻ അപേക്ഷകളിൽ കാലതാമസം പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാൻ റേഞ്ച് ഡി.ഐ.ജി മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപേക്ഷകൾക്ക് അടിയന്തര പ്രാധാന്യം നൽകണമെന്നും അപേക്ഷകളിന്മേൽ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണമെന്നും ഡിജിപി അനിൽ കാന്ത് വ്യക്തമാക്കി. ക്രിമിനൽ കേസുകളിൽപെട്ടവർ, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവർ എന്നിവരുടെ അപേക്ഷകളിൽ സൂക്ഷ്മപരിശോധന നടത്തണമെന്നും ഡിജിപി അനിൽ കാന്ത് പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ