- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30 ലക്ഷം രൂപയുടെ ഭൂമി വാങ്ങാൻ ഇനി ബാങ്കുകൾ 27 ലക്ഷം വരെ വായ്പ നൽകും; വീട് പണിയാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട വായ്പ്പാ കാര്യങ്ങൾ
തിരുവനന്തപുരം: ഒരു വീട് സ്വപ്‌നവും താലോലിച്ച് ബാങ്കിനെ സമീപിക്കുന്ന സാധാരണക്കാർക്ക് കടക്കാൻ കടമ്പകൾ ഏറെയാണ്. വായ്പയെടുത്ത് ഭൂമിവാങ്ങി വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷം പകരുന്ന ഉത്തരവാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിരിക്കുന്നത്. 30 ലക്ഷം രൂപ മൂല്യമുള്ള വസ്തു വാങ്ങാൻ 27 ലക്ഷം രൂപ വരെ ബാങ്കിൽ നിന്ന
തിരുവനന്തപുരം: ഒരു വീട് സ്വപ്‌നവും താലോലിച്ച് ബാങ്കിനെ സമീപിക്കുന്ന സാധാരണക്കാർക്ക് കടക്കാൻ കടമ്പകൾ ഏറെയാണ്. വായ്പയെടുത്ത് ഭൂമിവാങ്ങി വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷം പകരുന്ന ഉത്തരവാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിരിക്കുന്നത്. 30 ലക്ഷം രൂപ മൂല്യമുള്ള വസ്തു വാങ്ങാൻ 27 ലക്ഷം രൂപ വരെ ബാങ്കിൽ നിന്ന് വായ്പയായി ലഭിക്കും. ചുരുക്കം പറഞ്ഞാൽ മൂന്ന് ലക്ഷം രൂപ കൈവശമുണ്ടെങ്കിൽ 30 ലക്ഷം രൂപയുടെ ഭൂമി ബാങ്കിന്റെ സഹായത്തോടെ സ്വന്തമാക്കാം. തിരിച്ചടവ് മുടങ്ങിയാൽ ഇതേ ഭൂമി ബാങ്കിന്റെതാകുമെന്ന കാര്യവും ഓർക്കുക.
മുമ്പ് 20ലക്ഷം രൂപവരെയുള്ള ഭൂമി വാങ്ങാൻ മാത്രമാണ് ബാങ്കുകൾ 90 ശതമാനം തുക അനുവദിച്ചിരുന്നത്. ഇത് മാറ്റിയാണ് 30 ലക്ഷം രൂപ വരെ വിലവരുന്ന ഭൂമി വാങ്ങാനുള്ള വായ്പയ്ക്കും 90 ശതമാനം തുക അനുവദിക്കാൻ ആർ.ബി.ഐ ഉത്തരവിട്ടത്. 30 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയിലാണ് ഭൂമിയുടെ വിലയെങ്കിൽ 80 ശതമാനം വരെ വായ്പ അനുവദിക്കും. 75 ലക്ഷത്തിന് മുകളിലാണ് വായ്പയെങ്കിൽ 75 ശതമാനവുമാണ് ബാങ്കുകൾ പുതിയ ഉത്തരവ് പ്രകാരം അനുവദിക്കുക.
ഭവന വായ്‌പ്പകൾ പലവിധം, ഉചിതമായത് തിരഞ്ഞെടുക്കുക
ഭവന വായ്പകൾ പലതരത്തിലാണ് ബാങ്കുകൾ അനുവദിക്കുന്നത്. ഭൂമി വാങ്ങാൻ, ഭൂമിയും വീടും കൂടി വാങ്ങാൻ, ഉള്ള ഭൂമിയിൽ വീട് പണിയാൻ, പണിത വീട് ഫർണീഷ് ചെയ്യാനും പഴയ വീട് പുനരുദ്ധരിക്കാനും ഒക്കെ ഇപ്പോൾ ബാങ്കുകൾ വായ്പ അനുവദിക്കാറുണ്ട്്. 20 വർഷം വരെയുള്ള ദീർഘകാല വായ്പകളാണ് സാധാരണ ബാങ്കുകൾ നൽകാറുള്ളത്. എന്നാൽ നിശ്ചിതവരുമാനമുള്ളവർക്ക് ദീർഘകാല വായ്പകൾ പലപ്പോഴും ബാധ്യതയാകാറുണ്ട്. ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ഭർത്താവിന്റെ പേരിൽ വേണോ ഭാര്യയുടെ പേരിൽ വേണോ രണ്ടു പേർ ചേർന്ന് വായ്പയെടുക്കുന്നതാണോ ഉചിതം എന്നടക്കമുള്ള ആശയക്കുഴപ്പങ്ങൾ ഉണ്ടാകാറുണ്ട്.
ഭൂമി വാങ്ങാനായാലും വീട് പണിയാനായാലും വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രതിമാസം അടയ്‌ക്കേണ്ട തവണ തുക, മാസംതോറുമുള്ള ചെലവുകൾ, മറ്റു വായ്പതവണകൾ എന്നിവ മാറ്റി നിർത്തിയാൽ കൈയിലുണ്ടാകുന്ന പണത്തിന് ആനുപാതികമായിട്ടുള്ള ലോണിന് അപേക്ഷിക്കുന്നതാണ് നല്ലത്. ശമ്പളവും ഇടപാടുകാരന്റെ ആസ്തികളും കണക്കാക്കിയാണ് വായ്പ അനുവദിക്കുക. രണ്ടു പേർ ചേർന്ന് ഉയർന്ന തുക വായ്പയെടുക്കുമ്പോൾ വലിയ തുക വായ്പയായി ലഭിക്കുന്നതോടൊപ്പം ബാധ്യതകളെ പറ്റി ബോധവന്മാരായിരിക്കണം.
അപേക്ഷ നൽകുന്നത് എങ്ങനെ? അറിയേണ്ട കാര്യങ്ങൾ
പ്രധാന അപേക്ഷകന്റെയും ഒപ്പം അപേക്ഷിക്കുന്നയാളിന്റെയും വരുമാനം കൂടി കണക്കിലെടുത്താണ് വായ്പ അനുവദിക്കുന്നത്. പ്രധാന അപേക്ഷകൻ തിരിച്ചടവു മുടക്കുകയോ, വായപ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലോ വായപയുടെ പൂർണ ഉത്തരവാദിത്വം സഹഅപേക്ഷകനോ/അപേക്ഷകയ്‌ക്കോ ആയിരിക്കും. സഹ അപേക്ഷകന്റെ സിബിൽ ക്രെഡിറ്റ് സ്‌കോറും വായ്പയിൽ നിർണായകമാണ്. രണ്ടുപേരിൽ ആരുടെയെങ്കിലും സിബിൽ സ്‌കോർ മോശമായാൽ വായ്പ അപേക്ഷയെയേയും ഇത് പ്രതികൂലമായി ബാധിക്കും. തിരിച്ചടവ് പ്രധാന അപേക്ഷകൻ തന്നെ നടത്തുമെന്നാണു തീരുമാനമെങ്കിലും രണ്ടുപേരും തുല്യമായി അടയ്ക്കുമെന്നാണു തീരുമാനമെങ്കിലും ഉത്തരവാദിത്തം തുല്യമായിത്തന്നെ നിലനിൽക്കും. ക്രെഡിറ്റ് സ്‌കോറിൽ പ്രതിഫലിക്കുമെന്നു മാത്രമല്ല, തിരിച്ചടവുമുടങ്ങിയാൽ ബാങ്ക് അഥവാ ഭവനവായ്പ സ്ഥാപനം രണ്ടുപേരെയും നിയമപരമായി സമീപിക്കുകയും ചെയ്യും.
വായപയ്ക്ക് മുന്നോടിയായി രണ്ടു പേരും തിരിച്ചറിയൽ രേഖകൾ (കെവൈസി അപേക്ഷ) സമർപ്പിക്കണം. കൂടാതെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ്, ഐടി റിട്ടേൺ തുടങ്ങിയവയും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതായതിനാൽ ഇവയെല്ലാം കാലേകൂട്ടി തന്നെ തയ്യാറാക്കി വയ്ക്കുന്നതാണ് ഉചിതം. സിബിൽ സ്‌കോർ അനുകൂലമല്ലെങ്കിൽ അത് പരിഹരിച്ച ശേഷം അപേക്ഷിക്കുന്നതാണ് നല്ലത്. ഭവനനിർമ്മാണത്തെ കുറിച്ച് വ്യക്തമായ പദ്ധതി തയ്യാറാക്കി വേണം വായപയെടുക്കാൻ. ഭവനനിർമ്മാണത്തിന് ലഭിച്ച വായ്പയിൽ നിന്ന് മറ്റു ചെലവുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
വായ്പയെടുത്തു കഴിഞ്ഞാൽ കൃത്യമായ തിരിച്ചടയ്ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഭവനനിർമ്മാണ വായ്പയുള്ളവർക്ക് ആദായനികുതി ഇളവ് ലഭിക്കും. 21 വയസ് പൂർത്തിയായ വ്യക്തിക്കാണ് ബാങ്കുകൾ വായ്പ അനുവദിക്കുക. വായ്പാകാലാവധി തീരുമ്പോൾ 65 വയസ് കവിയരുത്. സ്ഥിരവരുമാനമുള്ള ആളായിരിക്കണം. കൊളാട്രൽ സെക്യൂരിറ്റി കൊടുക്കാൻ കെട്ടിടം പണിയുന്ന ഭൂമി സ്വന്തമായുണ്ടായിരിക്കണം. 30ലക്ഷം വരെ വിലയുള്ള ഭൂമി വാങ്ങാൻ 90 ശതമാനം വായ്പയും അനുവദിക്കുമ്പോൾ ഭവനനിർമ്മാണത്തിന് 80-85ശതമാനം വായ്പയാണ് അനുവദിക്കുക.
പലിശ പാരയാകുമോ? ശ്രദ്ധിക്കാൻ ചില മുൻകരുതലുകൾ
വായപപലിശയിൽ ഫ്ളാറ്റ്, ഫിക്‌സഡ് റേറ്റും, ഫ്‌ളോട്ടിങ് റേറ്റും ഉണ്ട്. ബാങ്കുകൾ ഫ്‌ളോട്ടിങ് റേറ്റിന് വായ്പ നൽകാനാണ് താല്പര്യം കാണിക്കുക. പലിശ നിരക്ക് ഏറ്റവും കുറഞ്ഞിരിക്കുമ്പോൾ ഫിക്‌സഡ് അഥവാ ഫ്‌ലാറ്റ് റേറ്റ് നോക്കി വായ്പ എടുക്കലാണ് ഗുണം ചെയ്യുക. കുറഞ്ഞ ഇഎംഐ യോ കുറഞ്ഞ പലിശനിരക്കോ നോക്കി ഏത് ബാങ്കാണ് അനുയോജ്യം എന്ന് തീരുമാനിക്കരുത്. കാലാവധി തീരുംമുമ്പ് ബാക്കി തുക തിരിച്ചടച്ചാൽ പിഴചുമത്തുമോ എന്നും നോക്കണം. വായ്പക്ക് മുമ്പ് ബാങ്കിൽ നിന്ന ലഭിക്കുന്ന എല്ലാ രേഖകളും കണ്ണടച്ച് ഒപ്പിടാതെ എല്ലാം ശരിയായി വായിച്ച് മനസ്സിലാക്കിയിട്ട് ഒപ്പിടുന്നതാണ് ബുദ്ധി.
ബാങ്ക് മുഖേന ഭവന വായ്പാതുക ഇൻഷൂർ ചെയ്യുന്നത് നല്ലതാണ്. അപേക്ഷകന് എന്തെങ്കിലും സംഭവിച്ചാൽ വായ്പാതുക കുടുംബത്തിന് ബാധ്യതയാകാതിരിക്കാന അത് സഹായിക്കും. നിങ്ങൾ 20 വർഷത്തേക്ക് വായ്പ എടുത്തിട്ട് 5 വർഷമാകുമ്പോൾ മൊത്ത തുകയും തിരിച്ചടയ്ക്കുകയാണെന്ന് കരുതുക. എന്നാലും നിങ്ങൾ ആ 20 വർഷത്തേക്കും ഉള്ള പലിശയടക്കമാണ് അടയ്ക്കുന്നത്. അതും കൂടാതെ പിഴ കൂടി അടയ്‌ക്കേണ്ടിവരുന്നു. വായ്പാതുക ഉപയോഗിക്കുന്ന കാലഘട്ടത്തിലേക്ക് മാത്രമുള്ള പലിശയല്ല അടയ്‌ക്കേണ്ടി വരുന്നത്. കരാറിൽ നിങ്ങൾ ഒപ്പിട്ട പ്രകാരം 20 വർഷത്തേക്കും ഉള്ള പലിശ ഒടുക്കേണ്ടിവരും.
ബാങ്കുകൾ അടിസ്ഥാന പലിശ നിരക്കുകൾ കുറച്ചെങ്കിലും ഭവന വായ്പ ഉൾപ്പടെയുള്ളവയുടെ പലിശയിൽ ഇതിന്റ ആനുകൂല്യം പൂർണമായി നൽകാത്തതിനെതിരെ ആർബിയുടെ പുതിയ ഉത്തരവ്. മൂന്ന് തവണയായി നിരക്കുകളിൽ കുറവ് വരുത്തിയിട്ടും ഇതിന്റെ ഗുണം പൂർണായി ഉപഭോക്താക്കൾക്ക് നൽകാത്തതിൽ ആർബിഐ നേരത്തെതന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിന്റെ പ്രതിഫലനമായാണ് സപ്തംബർ 29നുള്ള നിരക്കുകുറയ്ക്കലിനെതുടർന്ന് ബാങ്കുകൾ ഉടനെതന്നെ നിരക്കിൽ ഇളവ് വരുത്തിയത്.