സാറ അടുക്കളയിൽ തിരക്കിലാണ്. ഫോൺ ബെല്ലടിക്കുന്നു. സാറ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്ന മകൻ നിജാമിനെ വിളിച്ചു. നിജാം വിളി കേൾക്കാത്തതിനാൽ സാറ തന്നെ ഓടിപ്പോയി ഫോൺ എടുത്തു. അങ്ങേ തലക്കൽ ഭർത്താവിന്റെ അനിയൻ നാസർ. 'ഞാൻ ഹോസ്പിറ്റലിൽ നിന്നാണ്. നിങ്ങൾ എത്രയും പെട്ടെന്ന് ഇങ്ങോട്ടു വരണം' എന്താണ് കാര്യം, ആരാണ് ഹോസ്പിറ്റലിൽ എന്നുള്ള സാറയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി ലഭിച്ചില്ല. നിങ്ങൾ വേഗം വരൂ എന്ന് മാത്രം.

ഫോൺ വച്ച് നിജാമിനെ വീണ്ടും വിളിച്ചു. അപ്പോൾ അയൽപക്കത്തെ വീട്ടിൽ പോയിരുന്ന നിജാമിന്റെ ഭാര്യ കയറി വന്നു. നിജാമിനെ എവിടെ നോക്കിയിട്ടും കാണുന്നില്ല. കാറും ഫോണും എല്ലാം അവിടെ തന്നെയുണ്ട്. ഉച്ചക്ക് ചോറ് റെഡി ആയില്ലേ എന്ന് ചോദിച്ചു ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു, ഒരാവശ്യം വന്നപ്പോൾ ഇവനിത് എവിടെപ്പോയി എന്ന് പറഞ്ഞു സാറ വേഗം ഡ്രസ്സ് മാറി റെഡി ആയി. നിജാമിന്റെ ഭാര്യയെയും കൂട്ടി ഒരു ഓട്ടോ പിടിച്ചു ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

സാറയുടെ ഭർത്താവ് പെട്ടെന്ന് ഹാർട്ട് അറ്റാക്ക് വന്നു ഈ അടുത്താണ് മരിച്ചത്. ഇനിയിപ്പോ, ഭർത്താവിന്റെ അനുജനു വല്ല നെഞ്ച് വേദനയും? സാറ ഓരോന്നാലോചിച്ചു ഇരുന്നു.

ഓട്ടോ ഹോസ്പിറ്റലിൽ എത്തി. ഭർത്താവിന്റെ അനിയൻ വെയിറ്റ് ചെയ്ത് നിൽക്കുന്നുണ്ട്. പിന്നെ ആർക്കാണ് വയ്യായ്ക എന്നൊക്കെ ആലോചിച്ചു ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ, നിജാമിന്റെ ഒരു സുഹൃത്ത് വന്നു ദാ, ഇവിടെ എന്ന് പറഞ്ഞു അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ വെള്ളത്തുണി മൂടിയിട്ട ഒരു ശരീരം. പെട്ടെന്ന് ആരോ തുണി മുഖത്ത് നിന്നും മാറ്റി... മകന്റെ മുഖം ഒരു നോട്ടം കണ്ടതേ സാറക്കു ഓർമ്മയുള്ളൂ.

ഒരു നെഞ്ച് വേദന തോന്നിയപ്പോൾ ബൈക്ക് എടുത്തു ഒരു സുഹൃത്തിന്റെ വീട്ടിൽ പോയതായിരുന്നു നിജാം. ആ സുഹൃത്താണ് നിജാമിനെ നിർബന്ധിച്ചു അടുത്തുള്ള, വലിയ സൗകാര്യങ്ങളൊന്നും ഇല്ലാത്ത ഒരു ചെറിയ ഹോസ്പിറ്റലിൽ കൊണ്ടു പോയത്. നടന്നു ഹോസ്പിറ്റലിൽ കയറിയ നിജാം ഇസിജി എടുത്തു കഴിഞ്ഞപ്പോഴേക്കും നെഞ്ച് വേദന കൂടി ബോധരഹിതനായി, പിന്നെ കണ്ണ് തുറന്നില്ല. 

എനിക്ക് വളരെ അടുപ്പമുള്ള പലർക്കും സാറയുടെ അനുഭവം ഉണ്ടായിട്ടുണ്ട്. അവർക്കു വേണ്ടപ്പെട്ടവർ പെട്ടെന്ന് മരണപ്പെടുന്നു. മരണവാർത്ത അറിയിക്കേണ്ടവർ അതെങ്ങിനെ ചെയ്യണം എന്നറിയാതെ കുഴങ്ങുന്നു. പലപ്പോഴും ഔചിത്യ ബോധം ഇല്ലാതെ ആ സാഹചര്യം കൈകാര്യം ചെയ്യുന്നു. ജീവിതത്തിൽ ഒരിക്കലും ഉറങ്ങാത്ത മുറിവുകളും വേദനകളും അതുണ്ടാക്കുന്നു. സാറയുടെ കാര്യത്തിൽ, അവർ ഒരിക്കലും ആ ഷോക്കിൽ നിന്നും മോചിതയായില്ല. പിൽക്കാലം മുഴുവൻ വിഷാദത്തിന് അടിമയായിരുന്നു അവർ.

ഇനി നമുക്ക് ഈ സംഭവങ്ങളെ ഒന്ന് റീവൈൻഡ് ചെയ്തു നോക്കാം. കാര്യങ്ങൾ എങ്ങിനെ വ്യത്യസ്തമായി ചെയ്യാമായിരുന്നു എന്ന് നോക്കാം.

നിജാമിനു ചെയ്യാമായിരുന്നത്..

മുക്ക് പെട്ടെന്ന് ഒരു വല്ലായ്മ വന്നാൽ നമ്മുടെ ഏറ്റവും അടുത്തുള്ള ആളോട് വിവരം പറഞ്ഞു എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ പോകാൻ ശ്രമിക്കുക. നമ്മുടെ കൂടെയുള്ളത് വീട്ടുകാരല്ലെങ്കിൽ, എത്രയും പെട്ടെന്ന് അവരെ നേരിട്ട് വിവരം അറിയിക്കുകയോ, കൂടെയുള്ളവരെ അതിനായി ഏല്പിക്കുകയോ ചെയ്യുക. വീട്ടുകാരെ വിഷമിപ്പിക്കേണ്ട എന്ന് വിചാരിച്ചു നമ്മൾ ചെയ്യാതിരിക്കുന്ന ഇത്തരം കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞു വീട്ടുകാർ അറിയാൻ ഇടയായാൽ അവർക്കത് കൂടുതൽ മനോവിഷമത്തിന് കാരണമായേക്കാം.

നമ്മൾ പോകുന്ന ഹോസ്പിറ്റൽ അത്യാവശ്യം ചികിത്സാ സൗകര്യങ്ങൾ ഉള്ളതും അര മണിക്കൂറിനുള്ളിൽ എത്താൻ പറ്റുന്നതും ആയിരിക്കണം. കഴിയുന്നതും നടക്കുന്നതും, സ്റ്റെപ് കയറുന്നതും ഒഴിവാക്കി ഒരു കാറിലോ ആംബുലൻസിലോ ഹോസ്പിറ്റലിൽ എത്തുക. സ്വയം ഡ്രൈവ് ചെയ്യുന്നതും ബൈക്കിൽ യാത്ര ചെയ്യുന്നതും തീർത്തും ഒഴിവാക്കുക. നമ്മുടെ മാറിയ ജീവിത രീതിയും മാറിയ ഭക്ഷണ രീതിയും വളരെ ചെറിയ പ്രായത്തിൽ തന്നെ ഹാർട്ട് അറ്റാക്ക്, സ്‌ട്രോക്ക് പോലുള്ള രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നുണ്ട്. അതുകൊണ്ടു തന്നെ നാമെല്ലാം ഒരു മുൻകരുതൽ എടുക്കുന്നതും, ഇങ്ങിനെയുള്ള അവസരങ്ങളിൽ എന്ത് ചെയ്യണം എന്ന് കൂടെയുള്ളവരുമായി തുറന്നു സംസാരിച്ചു ഒരു പ്ലാൻ ഉണ്ടാക്കി വെക്കുന്നതും സഹായകമാകും.

സുഹൃത്തിനു ചെയ്യാമായിരുന്നത്..

നിജാമിന്റെ വീട്ടുകാരെ വിവരം അറിയിച്ചതിനു ശേഷം എത്രയും പെട്ടെന്ന് തന്നെ സൗകര്യ ങ്ങൾ ഉള്ള ഒരു ഹോസ്പിറ്റലിലേക്ക് കാറിലോ ആംബുലൻസിലോ കൊണ്ട് പോകുക. വീട്ടുകാരോട് കാര്യം പറയുമ്പോൾ ഒരു warning shot കൊടുക്കുക. 'നിജാമിനു ഒരു നെഞ്ച് വേദന, ഞങ്ങൾ ഒന്ന് ഹോസ്പിറ്റലിൽ പോകുന്നു'.. എന്ന രീതിയിൽ പറയാം. വീട്ടുകാരോട് ഏതു ഹോസ്പിറ്റലിൽ ആണ് പോകുന്നത് എന്ന് കൃത്യമായി പറയുക. ഒരു രോഗിയുടെ ഭാര്യ, ഭർത്താവ്, അച്ഛനമ്മമാർ, മക്കൾ എന്നിവർക്കാണ് അവരുടെ കാര്യങ്ങൾ ഏറ്റവുമാദ്യം അറിയാനുള്ള ധാർമികമായ അവകാശം ഉള്ളത്. അതിനു ശേഷം മരണം സംഭവിച്ചു കഴിഞ്ഞപ്പോൾ വന്ന ബന്ധുക്കളെ ആദ്യം ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി സാവധാനം കാര്യങ്ങൾ പറയുക. പക്ഷെ കൂട്ടുകാരൻ ഇതൊന്നും മനപ്പൂർവം തെറ്റിച്ചു ചെയ്തതല്ല. ഇങ്ങനെ ഒരു സാഹചര്യം ഇതിനു മുൻപ് അദ്ദേഹം നേരിട്ടിട്ടുണ്ടാവില്ല, വന്നാൽ എങ്ങനെ നേരിടണമെന്ന് ചിന്തിച്ചുകൂടി ഉണ്ടാവില്ല. നമ്മിൽ ഭൂരിഭാഗത്തിന്റെ കാര്യവും അങ്ങനെ അല്ലെ ?

പാശ്ചാത്യ രാജ്യങ്ങളിൽ ഇതിന് വ്യക്തമായ മാർഗ്ഗ രേഖകൾ ഉണ്ട്. ഒരാൾ പെട്ടെന്ന് മരണപ്പെടുന്ന സാഹചര്യത്തിൽ, ഹോസ്പിറ്റൽ സ്റ്റാഫ്, പൊലീസ് എന്നിവർ ചേർന്ന് Next of Kin നെ വിവരം അറിയിക്കും. മിക്കവാറും ആളുകൾ അവരുടെ ഹോസ്പിറ്റൽ റെക്കോർഡിലോ ഇൻഷുറൻസ് റെക്കോർഡിലോ ഇത് രേഖപ്പെടുത്തിയിരിക്കും. ഭാര്യ, ഭർത്താവ്, പങ്കാളി, അച്ഛനമ്മമാർ, മക്കൾ, ഇവരിൽ ആരെങ്കിലും ആയിരിക്കും സാധാരണ Next of Kin. പിന്നെ അവരാണ് മറ്റുള്ളവരെ വിവരം അറിയിക്കുന്നത്. ഇത് കൂടാതെ Bereavement Support Team എന്ന പേരിൽ ഒരു ഡിപാർട്‌മെന്റ് തന്നെയുണ്ട്. ഇവർ മരണപ്പെട്ടവരുടെ ബന്ധുക്കളെ എത്രയും പെട്ടെന്ന് കണ്ടെത്തി അവർക്കു വേണ്ട സഹായം വാഗ്ദാനം ചെയ്യുന്നു. ആകസ്മിക മരണങ്ങൾ അസാധാരണമല്ലാത്തതിനാൽ അത് എങ്ങിനെ നേരിടണം, എങ്ങിനെ അവതരിപ്പിക്കണം എന്ന കാര്യങ്ങളിൽ ഹോസ്പിറ്റൽ സ്റ്റാഫിന് പ്രത്യേക ട്രെയിനിങ് ഉണ്ട്. അതുപോലെതന്നെ, ഇത്തരം കേസുകൾ ചികിൽത്സിക്കുന്നവർക്കും എപ്പോഴും ആളുകളോട് നല്ലതല്ലാത്ത വാർത്തകൾ പറയേണ്ടി വരുന്നവർക്കും മാനസിക സമ്മർദ്ദം ഉണ്ടാകാം. അവരെ സപ്പോർട്ട് ചെയ്യാൻ ഒരു സ്റ്റാഫ് സപ്പോർട്ട് സിസ്റ്റവും എല്ലാ ഹോസ്പിറ്റലുകളും ഉണ്ട്.

മരണവിവരം എങ്ങിനെ അറിയിക്കാം..

ഫോണിൽ വിവരം അറിയിക്കുമ്പോൾ, ആദ്യം തന്നെ നാം ആരാണെന്നും എവിടെ നിന്നാണ് വിളിക്കുന്നത് എന്നും വ്യക്തമായി പറയുക. കേൾക്കുന്ന ആൾ മരണപ്പെട്ട വ്യക്തിയുടെ ആരാണെന്നു ചോദിച്ചു മനസ്സിലാക്കുക. അവരുടെ അപ്പോഴത്തെ സാഹചര്യം, അതായത്, അവർ എവിടെയാണ്, കൂടെ ആരെങ്കിലും ഉണ്ടോ എന്നും ചോദിച്ചു മനസ്സിലാക്കുക. ഇവിടെയും warning shot രീതി ഉപയോഗിക്കാം. കുറച്ചു സീരിയസ് ആയ ഒരു കാര്യം പറയാനാണ് വിളിച്ചത് എന്ന് പറഞ്ഞു തുടങ്ങാം. മരണപ്പെട്ട ആളുടെ പേര് അറിയുമെങ്കിൽ അത് പറഞ്ഞു, അദ്ദേഹത്തിന് പെട്ടെന്ന് ഒരു നെഞ്ച് വേദന വന്നു, അല്ലെങ്കിൽ തല കറക്കം വന്നു എന്ന് പറഞ്ഞതിന് ശേഷം ഒന്നു നിർത്തി അവരുടെ പെട്ടെന്നുള്ള പ്രതികരണം ശ്രദ്ധിച്ച ശേഷം തുടർന്ന് സംസാരിക്കാം.

ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചതെങ്കിൽ ആ വിവരം ഫോണിലൂടെ പറയണോ അതോ ബന്ധുക്കൾ എത്തിയതിനു ശേഷം നേരിട്ട് പറയണോ എന്നതിനെ കുറിച്ച് രണ്ടു അഭിപ്രായം ഉണ്ട്. ബന്ധുക്കൾ സുരക്ഷിതരായി ഹോസ്പിറ്റലിൽ എത്തിയതിനു ശേഷം മാത്രം മരണവിവരം പറഞ്ഞാൽ മതി എന്നാണ് ഒരു ചിന്താധാര. പെട്ടെന്നുള്ള ഷോക്ക് ഒഴിവാക്കാനും, സുരക്ഷിതമായി ഡ്രൈവ് ചെയ്തു എത്തുന്നതിനും വേണ്ടിയാണ് അങ്ങിനെ ഒരു രീതി മുന്നോട്ടു വെക്കുന്നത്. എന്നാൽ അതേ സമയം തന്നെ, മരണപ്പെട്ട ആളുടെ പേരും, സംഭവത്തിന്റെ ഗൗരവവും ഫോണിൽ പറയുന്നു. പക്ഷേ, മരിച്ചു എന്ന് വ്യക്തമായി പറഞ്ഞില്ലെങ്കിൽ ബന്ധുക്കളോട് നാം കള്ളം പറയുന്നതിന് തുല്യം ആണ് എന്നാണ് മറ്റൊരു ചിന്താധാര. രണ്ടിലും ഗുണവും ദോഷവും ഉണ്ട്. ഒറ്റയടിക്ക് പറയാതെ ആശുപത്രിയിൽ എത്തിയതിനു ശേഷം അനുഭവ സമ്പന്നരായ ഡോക്ടർമാരോ കൗൺസലർമാരോ പറയുന്നതാണ് ശരി എന്നാണ് എന്റെ അഭിപ്രായം.

അതുപോലെ തന്നെ ഹോസ്പിറ്റൽ സ്റ്റാഫ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വിവരം അറിഞ്ഞു വരുന്ന ബന്ധുക്കളെ ഒരു റൂമിൽ കൊണ്ട് പോയി ഇരുത്തി മരണവിവരം അറിയച്ചതിനു ശേഷം മാത്രം മരിച്ച ആളെ കാണാനുള്ള സൗകര്യവും ഉണ്ടാക്കാൻ പാടുള്ളൂ എന്നതാണ്.

നിയമപരമായി നോക്കിയാൽ ആർക്കും ആരുടെ മരണവിവരവും ആരോട് എങ്ങിനെ വേണമെങ്കിലും വിളിച്ചു പറയാം എന്നുള്ളതാണ് ഇന്ന് ഇന്ത്യയിലെ അവസ്ഥ. രാവിലെ വീട്ടിൽ നിന്നും പുറത്തുപോയ അമ്മയുടെയോ മകനെയോ ഒക്കെ മരണവാർത്ത ടി വിയിൽ സ്‌ക്രോളിങ് ന്യൂസ് ആയി കാണേണ്ടി വരുന്ന മകനെയോ അമ്മയുടേയോ ഒക്കെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയാൽ പിന്നെ ആരും ഈ 'ബ്രേക്കിങ്' ന്യൂസിന് പോകില്ല. മറ്റു രാജ്യങ്ങയിൽ ഇക്കാര്യത്തിന് കർശന നിയമങ്ങൾ ഉണ്ട്. ഏറ്റവും അടുത്തവരെ അറിയിക്കാതെ ഒരു മരണ വാർത്തയും പ്രസിദ്ധീകരിക്കില്ല. തീവ്രവാദ ആക്രമണം ഒക്കെ ആണെങ്കിൽ പരിക്കേറ്റവരുടെയും മരിച്ചവരുടെയും ബന്ധുക്കളുടെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ അവരുടെ പേരുകൾ പുറത്തുവിടുകയുള്ളൂ. അതിനു ചിലപ്പോൾ ദിവസങ്ങൾ തന്നെ എടുത്തേക്കാം. വിമാനാപകടവും മറ്റും ഉണ്ടാകുമ്പോൾ പത്തു അമേരിക്കക്കാരും എട്ടു ബെൽജിയം കാരും ഉണ്ടായിരുന്നു എന്നോക്കെ വാർത്ത വരുന്നത് അവരുടെ പേരുകൾ അറിയാത്തതുകൊണ്ട് മാത്രമല്ല, അവരുടെ ബന്ധുക്കൾക്ക് അല്പം സ്വകാര്യത കൊടുക്കുന്നതിനു വേണ്ടി കൂടിയാണ്. അതാണ് ശരിയും.

ജീവിതത്തിൽ ഉറപ്പുള്ള ഒരേ ഒരു കാര്യം മരണമാണെങ്കിലും അതിനെ പറ്റി പറയാനോ, എന്തിന് ചിന്തിക്കാനോ പോലും ആർക്കും ഇഷ്ടമല്ല. പക്ഷെ അപകടമോ മരണമോ ആർക്കും എപ്പോഴും സംഭവിക്കാവുന്നതിനാൽ ഇതിന് അല്പം തയ്യാറെടുപ്പ് നല്ലതാണ്. നമ്മുടെ മരണം വേറെ ആരെങ്കിലുമാണല്ലോ അറിയിക്കേണ്ടി വരിക. അവർക്കും നമ്മൾ ഒരൽപം സഹായം ചെയ്യണം. നമുക്ക് ഒരു അപകടം ഉണ്ടായാൽ അത് ആരെയാണ് ആദ്യം അറിയിക്കേണ്ടത് എന്ന് വച്ചാൽ അവരുടെടെ ( ഭാര്യ/ഭർത്താവ്/അമ്മ/അച്ഛൻ/സഹോദരൻ/മക്കൾ/സുഹൃത്ത്), ഫോൺ നമ്പർ എന്നിവ നമ്മുടെ ഫോണിലോ അല്ലെങ്കിൽ ഒരു പേപ്പറിൽ എഴുതി പേഴ്‌സിലോ വെക്കാൻ ശ്രദ്ധിക്കുക. മരിച്ചില്ലെങ്കിലും ഒരിക്കൽ അത് നമ്മുടെ ജീവൻ രക്ഷിച്ചേക്കാം.

  • ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ പാലിയേറ്റീവ് കെയർ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ് ലേഖിക.