സോൾ: ജപ്പാനടക്കമുള്ള രാജ്യങ്ങളുടെ എതിർപ്പവഗണിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയത് പുതിയ തർക്കങ്ങൾക്ക് വഴി വയ്ക്കുന്നു. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റശേഷം ഉത്തരകൊറിയയുടെ ആദ്യ മിസൈൽ പരീക്ഷണമാണിത്. എന്നാൽ ഈ സാഹചര്യമുണ്ടാക്കുന്നത് അമേരിക്കയാണെന്ന ചൈനയുടെ കുറ്റപ്പെടുത്തൽ പുതിയ സ്ഥിതിവിശേഷമാണ് ഉണ്ടാക്കുന്നത്. മൂന്നാം ലോക യുദ്ധത്തിലേക്ക് കാര്യങ്ങളെത്തുമെന്ന വിലയിരുത്തലുമുണ്ട്. ഐസിസിനെതിരായ സൈനിക നീക്കങ്ങളും ട്രംപിന്റെ മുസ്ലിം വിരുദ്ധ സമീപനവുമെല്ലാം യുദ്ധം ആസന്നമാക്കുമെന്നാണ് റിപ്പോർട്ട്.

പരീക്ഷണത്തിനെതിരെ ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ രംഗത്തുവന്നു. മിസൈൽ പരീക്ഷണത്തെ ഒരിക്കലും അംഗീകരിക്കാനാകാത്തത് എന്നാണ് അമേരിക്കയിൽ സന്ദർശനംനടത്തുന്ന ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ വിശേഷിപ്പിച്ചത്. എന്നാൽ സഖ്യരാജ്യമായ ജപ്പാന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിൽ അമേരിക്കയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പ്രസിഡന്റ് ട്രംപ്, ആബെയ്ക്ക് ഉറപ്പുനൽകി. ശക്തമായ നടപടികൾ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ഇതിനിടെയാണ് ശക്തമായ നിലപാടുമായി ചൈന എത്തിയത്. ട്രംപ് ഭരണകൂടത്തെ വെട്ടിലാക്കുന്ന പ്രസ്താവനയായിരുന്നു ഇത്. അമേരിക്കയ്ക്ക് എതിരെ പുതിയ പോർമുഖം തുറക്കാൻ ചൈന തയ്യാറെടുക്കുന്നുണ്ടെന്നാണ് ഇത് നൽകുന്ന സൂചന.

ഐസിസ് വിഷയത്തിലും പാക്കിസ്ഥാന്റെ കാര്യത്തിലുമെല്ലാം ട്രംപിന്റെ വിദേശ നയത്തെ ചൈന പിന്തുണയ്ക്കുന്നില്ല. അമേരിക്കയെ വെല്ലുവിളിച്ച് പുതിയ ലോക ശക്തിയാകാനാണ് ചൈനയുടെ ശ്രമം. ഉത്തര കൊറിയയും ചൈനയും ഒരുമിച്ചാൽ അവർക്ക് വേറേയും പിന്തുണ കിട്ടും. റഷ്യൻ നിലപാടും നിർണ്ണായകമാകും. ഒബാമയുമായി റഷ്യയ്ക്ക് നല്ല ബന്ധം ഉണ്ടായിരുന്നില്ല. എന്നാൽ ട്രംപും റഷ്യയും സുഹൃത്തുക്കളാണ്. പുതിയ സമവാക്യങ്ങൾ ഉണ്ടാവുകയും അതിന്റെ വ്യത്യസ്ത നേതൃത്വങ്ങളിൽ അമേരിക്കയും ചൈനയും എത്താനുള്ള സാധ്യതയുമാണ് ഉരുത്തിരിയുന്നത്. റഷ്യയും അമേരിക്കൻ വിരുദ്ധ പക്ഷത്ത് എത്തിയാൽ യുദ്ധം അനിവാര്യതയാകും. അമേരിക്കയെ അംഗീകരിക്കാത്ത ഇറാനെ പോലുള്ള രാജ്യങ്ങളും ചൈനീസ് പക്ഷത്തേക്ക് കൂടുമാറാനാണ് സാധ്യത.

ഇതിന്റെ ഭാഗമായുള്ള ചർച്ച സജീവമാക്കുന്നതാണ് ഉത്തരകൊറിയയയുടെ മിസൈൽ പരീക്ഷണം. ഉത്തരകൊറിയ മിസൈലുകൾ പരീക്ഷിക്കുന്നതിന്റെ പ്രധാന കാരണം യുഎസും ദക്ഷിണ കൊറിയയുമാണെന്ന് ചൈന പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിൽ നിർദേശങ്ങൾക്ക് എതിരായ ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾക്ക് ചൈന എതിരാണെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. ഉത്തര കൊറിയയുമായി നേരിട്ട് ചർച്ച നടത്താൻ യുഎസ് തയാറാകാത്തതു കൊണ്ടാണ് പ്രതിസന്ധി അവസാനിക്കാത്തതെന്നും ചൈന ആരോപിച്ചു. നേരത്തെ ഉത്തര കൊറിയയുടെ പ്രധാന വാണിജ്യ പങ്കാളിയായ ചൈന മിസൈൽ പരീക്ഷണങ്ങൾ തടയാൻ യാതൊന്നും ചെയ്യുന്നില്ലെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് ചൈനയുടെ പ്രതികരണം.

മിസൈൽ പരീക്ഷണം നടത്തുന്നതിന് വടക്കൻ കൊറിയക്ക് ഐക്യരാഷ്ട്ര സഭയുടെ വിലക്കുണ്ട്. എന്നാൽ 2006-ലെ ആണവപരീക്ഷണത്തിനുശേഷം യു.എൻ. പാസാക്കിയ ആറ് പ്രമേയങ്ങൾക്കും കമ്യൂണിസ്റ്റ് കൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾക്ക് തടയിടാനായില്ല. ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കയിലെ പുതിയ ഭരണകൂടത്തിന്റെ പ്രതികരണമെന്തെന്ന് പരീക്ഷിക്കാനാണ് ഉത്തരകൊറിയയുടെ പ്രകോപനമെന്ന് ദക്ഷിണകൊറിയ അഭിപ്രായപ്പെട്ടു. കഴിഞ്ഞവർഷം രണ്ട് ആണവപരീക്ഷണങ്ങളടക്കം ഒട്ടേറെ മിസൈൽ പരീക്ഷണങ്ങൾ ഉത്തരകൊറിയ നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ പിതാവും മുൻ ഭരണാധികാരിയുമായിരുന്ന അന്തരിച്ച കിം ജോങ്ങിന്റെ ജന്മദിനവാർഷികമാഘോഷത്തിന്റെ ഭാഗമായാണ് മിസൈൽ പരീക്ഷണമെന്ന് ആരോപണമുണ്ട്. കഴിഞ്ഞയാഴ്ച അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് ജപ്പാനിലും ദക്ഷിണകൊറിയയിലും ഔദ്യോഗികസന്ദർശനം നടത്തിയിരുന്നു. ആ സന്ദർശനത്തിനിടെ ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയാൽ അതിന് തക്കതായ തിരിച്ചടിനൽകുമെന്ന് മാറ്റിസ് പറഞ്ഞിരുന്നു.