പാലക്കാട്; സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ നിയമ നടപടികൾക്ക് മുമ്പും പകപോക്കുന്ന നിലപാടാണ് സിപിഎമ്മും ബന്ധപ്പെട്ട അധികൃതരും പിന്തുടരുന്നതെന്ന് എച്ച്. ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ. അട്ടപ്പാടി മേഖലയിൽ എന്ത് ചെയ്താലും എതിർക്കുന്ന രീതിയാണ് സിപിഎം തുടരുന്നത്. 192 വീടുകൾ അട്ടപ്പാടിയിൽ പൂർത്തിയാക്കി ആദിവാസികൾക്ക് കൈമാറാൻ തയ്യാറെടുത്തപ്പോഴും പഞ്ചായത്ത് അധികൃതർ വീട്ട് നമ്പർ നൽകാതെ തടസ്സം സൃഷ്ടിച്ചിരുന്നു.

വീട്ട് നമ്പർ ഇടാത്തതിനെ തുടർന്ന് വൈദ്യുതി കണക്ഷൻ അടക്കം എടുക്കാൻ സാധിക്കാതെ പ്രതിസന്ധിയിലായിരുന്നു. ആദിവാസികൾക്കായി വീടുകൾ പൂർത്തീകരിച്ചിട്ടും കൈമാറുന്നതിന് തടസ്സം സൃഷ്ടിക്കുന്ന നടപടികളാണ് സിപിഎമ്മിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും ഭാഗത്ത് നിന്നും ഉണ്ടായത്.

എച്ച് ആർ ഡി എസിനെതിരെ അവർ നീക്കം നടത്തുമ്പോഴും യഥാർത്ഥത്തിൽ ദ്രോഹിക്കപ്പെടുന്നത് പ്രദേശത്തെ ആദിവാസികളാണ്. അവരുടെ നിസഹായവസ്ഥയാണ് സിപിഎം അടക്കം ചൂഷണം ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ ചോദ്യം ചെയ്യാനുള്ള ശേഷിയില്ലായ്മയാണ് രാഷ്ട്രീയ പാർട്ടികൾ അടക്കം മുതലെടുക്കുന്നതെന്നും അജി കൃഷ്ണൻ ആരോപിച്ചു. അട്ടപ്പാടിയിൽ ആദിവാസി ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന പരാതിയിൽ അന്വേഷണം തുടരുന്നതിനിടെ കേസിന്റെ വിവരങ്ങൾ മറുനാടൻ മലയാളിയോട് അജി കൃഷ്ണൻ വെളിപ്പെടുത്തിയത്.

45 ഏക്കറോളം ഭൂമി തട്ടിയെടുത്തെന്ന വിവിധ ആദിവാസി സംഘടനകളുടെ പരാതിയിൽ എച്ച് ആർ ഡി എസ് പ്രോജക്ട് കോഓർഡിനേറ്റർ ഷൈജു ശിവരാമനെ അഗളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. ഇത് ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ച് അറിയാനാണെന്നും കൈവശം ഉണ്ടായിരുന്ന രേഖകൾ കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്‌നയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നതിൽ പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസ് വിശദീകരണം തേടിയിരുന്നു. എച്ച് ആർ ഡി എസിലെ ജീവനക്കാർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ മൊഴി നൽകിയെന്നും അജി കൃഷ്ണൻ പറഞ്ഞു.

ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് കുടിൽ കത്തിച്ചെന്നും സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നുമുള്ള പരാതിയിൽ എച്ച്. ആർ.ഡി.എസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിലിന്റെ പരാതിയിൽ എസ്.സി, എസ്.ടി കമ്മിഷനാണ് നിയമസാധുത പരിശോധിച്ച് കേസെടുക്കാൻ ഒറ്റപ്പാലം സബ് കലക്ടർക്ക് നിർദ്ദേശം നൽകിയത്.

എന്നാൽ ഔഷധ കൃഷി ചെയ്യുന്നതിനായി വിദ്യാധിരാജ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നടപടികൾ തുടരുന്നതിനിടെയാണ് ഭൂമി കയ്യേറാൻ ഒരു വിഭാഗം പ്രദേശവാസികൾ ശ്രമിച്ചതെന്നും അതിന്റെ നിയമ നടപടികൾ തുടരുകയാണെന്നും അജി കൃഷ്ണൻ പറഞ്ഞു.

അട്ടപ്പാടിയിൽ ഔഷധ കൃഷി ചെയ്യുന്നതിനായി കാർഷിക പദ്ധതി എച്ച് ആർ ഡി എസ് കൊണ്ടുവന്നിരുന്നു. അയ്യായിരം ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നതിനായിരുന്നു പദ്ധതി. എന്നാൽ കളക്ടർ ഇടപെട്ട് സ്റ്റോപ് മെമോ നൽകിയിരുന്നു. ഈ പദ്ധതി ഇവിടെ നടപ്പാക്കേണ്ടതില്ല എന്ന് പറഞ്ഞായിരുന്നു സ്റ്റോപ് മെമോ നൽകിയത്.

തുടർന്ന് പദ്ധതിയുടെ മാതൃകയായിട്ട് കാണിക്കാൻ വേണ്ടി മുൻ ചീഫ് സെക്രട്ടറിയായ ആർ. രാമചന്ദ്രൻ നായർ അംഗമായ വിദ്യാധിരാജ ട്രസ്റ്റിന്റെ പേരിലുള്ള അമ്പത്തിയഞ്ച് സെന്റ് സ്ഥലത്ത് കാർഷിക പദ്ധതി നടപ്പാക്കാൻ ശ്രമിച്ചിരുന്നു. തിരുവനന്തപുരത്തെ ഹിന്ദു മിഷൻ റോഡിൽ പ്രവർത്തിക്കുന്ന വിദ്യാധിരാജ വിദ്യാ സമാജം എന്ന ട്രസ്റ്റിന്റെ കൈവശമാണ് ഭൂമി. സർവകലാശാല പ്രവർത്തനങ്ങൾക്ക് വേണ്ടി വാങ്ങിയ സ്ഥലമായിരുന്നു ഇത്. ഈ സ്ഥലം വെറുതെ കിടക്കുകയായിരുന്നു. രാമചന്ദ്രൻ നായരോട് സംസാരിച്ചതിനെ തുടർന്ന് കൃഷി ചെയ്യുന്നതിന് ഭൂമി വിട്ടു തന്നിരുന്നു.

കൃഷിക്കായി വെട്ടിത്തെളിക്കാൻ ചെന്നപ്പോൾ പ്രദേശവാസികളായ കുറച്ചുപേർ എതിർപ്പുമായി വന്നു. അവരുടെ സ്ഥലമാണെന്നായിരുന്നു വാദം. തടസ്സം പറയാതിരുന്ന മറ്റൊരു പ്രദേശത്ത് ഭൂമി പൂജ നടത്തി കൃഷി ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. ചർച്ച നടത്തി ഭൂമി അളന്നു തിരിച്ച ശേഷമായിരുന്നു കൃഷിക്കു വേണ്ട കാര്യങ്ങൾ ചെയ്തത്.

പിന്നീട് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രദേശവാസികൾ ആ ഭൂമി കയ്യേറുകയും തുടർന്ന് എച്ച് ആർ ഡി എസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പരാതി നൽകിയതിനെ തുടർന്ന് ഷോളയൂർ സി ഐ വന്ന് കയ്യേറ്റം തടഞ്ഞു. ഭൂമിയുടെ ഉടമകളായ വിദ്യാധിരാജ ട്രസ്റ്റ് കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തു. ഈ സ്റ്റേ ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്.

സർവകലാശാല തുടങ്ങുന്നതിന് തമിഴ്‌നാട്ടുകാരായ ആളുകളിൽ നിന്നും പണം കൊടുത്തു വാങ്ങിയ ഭൂമിയിലാണ് അവർ കയ്യേറ്റത്തിന് ശ്രമിച്ചത്. ഇതിൽ ആദിവാസികളുടെ ഭൂമി ഇല്ലെന്നും വ്യക്തമായിരുന്നു. എന്നാൽ കാർഷിക വൃത്തിക്കായി എച്ച് ആർ ഡി എസ് ഇടപെട്ടതിനെ തുടർന്നാണ് സിപിഎം ആദിവാസികളായ ഏതാനും പ്രദേശവാസികളെ മുന്നിൽ നിർത്തി പ്രതിഷേധം ഉയർത്തിയതെന്നും അജി കൃഷ്ണൻ പറഞ്ഞു.

എച്ച്.ആർ.ഡി.എസ് ഷോളയൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായരുടെ ട്രസ്റ്റ് ഭൂമി കൈമാറിയെന്ന് രേഖപ്പെടുത്തിയത്. 1982 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആധാരങ്ങൾ പ്രകാരം ട്രസ്റ്റിന്റെ കൈവശമിരിക്കുന്ന ഭൂമിയാണ്. പൊലീസിന് നൽകിയ പരാതി പ്രകാരം കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്യുന്നതിന് എച്ച്.ആർ.ഡി.എസ് പ്രവർത്തകർ എത്തിയപ്പോൾ ഈ ഭാഗത്ത് ആദിവാസികളുടെ ഭൂമിയുണ്ടെന്ന് അവകാശപ്പെട്ട് ഒരു കൂട്ടംആളുകൾ പണികൾ തടഞ്ഞു. ഭൂമിക്കുമേൽ അവർ തർക്കം ഉന്നയിക്കുകയും ചെയ്തിരുന്നു.