തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി പ്രൊഫസർ ബി ഹൃദയകുമാരി അന്തരിച്ചു. 84 വയസായിരുന്നു. മലയാളത്തിലെ ഒരു നിരൂപകയും, പ്രഭാഷകയും, അദ്ധ്യാപകയും, വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്നു ഹൃദയകുമാരി.

ഇന്ന് രാവിലെ 7.15ന് തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ റോയൽ ഹോസ്പ്പിറ്റലിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. രണ്ട് ആഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഹൃദയകുമാരി ടീച്ചർ. കുടലിലുണ്ടായ ചില അസ്വസ്ഥതകൾ കരളിലേക്ക് ബാധിച്ചതിനെ തുടർന്ന് ഓപ്പറേഷൻ നടത്തിയിരുന്നു. ഓപ്പറേഷനെ തുടർന്ന് സുഖം പ്രാപിച്ച് വരവേയാണ് ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടായത്.

പ്രൊഫസർ ഹൃദയകുമാരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫും അനുശോചിച്ചു. ഹൃദയകുമാരി ടീച്ചറിന്റെ നിര്യാണം സാംസ്‌കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. സാംസ്‌കാരിക രംഗത്ത് സജീവമായി ഇടപെട്ട വ്യക്തിത്വത്തമായിരുന്നു ഹൃദയകുമാരി ടീച്ചറെന്ന് സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് അനുസ്മരിച്ചു. ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ഒ.എൻ.വി. കുറുപ്പ് അടക്കമുള്ള സാമൂഹിക-സാഹിത്യ-സാംസ്‌കാരിക പ്രവർത്തകരും ടീച്ചറുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

1930 സെപ്റ്റംബറിൽ കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ബോധേശ്വരന്റെയും വി.കെ.കാർത്ത്യായനിയുടെയും മൂത്തമകളായി ജനിച്ചു. കവയത്രി സുഗതകുമാരിയും സുജാതയുമാണ് സഹോദരിമാർ. മാദ്ധ്യമ പ്രവർത്തകയായ ശ്രീദേവി പിള്ളയാണ് മകൾ. ചെറുപ്പം മുതൽ തന്നെ എഴുത്തിന്റെയും വായനയുടെയും ലോകത്തായിരുന്നു ഹൃദയകുമാരി.

ഇംഗ്‌ളീഷ് ഭാഷയെക്കുറിച്ചുള്ള ഗഹനമായ അറിവ് ടീച്ചറെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കി. മികച്ച പ്രാസംഗികയായിരുന്നു. ഏത് വിഷയത്തെക്കുറിച്ചും ആഴത്തിൽ പഠിച്ചശേഷമായിരുന്നു ടീച്ചറുടെ പ്രതികരണങ്ങൾ. പരിസ്ഥിതി സംരക്ഷണത്തിന് സഹോദരി സുഗതകുമാരിക്കൊപ്പം നിറഞ്ഞു നിന്നു. ആറന്മുള വിമാനത്താവളത്തിനെതിരായ സമര മുന്നണിയിലും സജീവമായിരുന്നു

38 വർഷം സംസ്ഥാനത്തെ പ്രമുഖ സർക്കാർ കോളജുകളിൽ ഇംഗ്‌ളീഷ് അദ്ധ്യാപികയായിരുന്ന ഹൃദയകുമാരി 1989ൽ തിരുവനന്തപുരം വിമൻസ് കോളജ് പ്രിൻസിപ്പലായാണ് സർവീസിൽനിന്ന് വിരമിച്ചത്. 28 വർഷം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽ സേവനമനുഷ്ഠിച്ച ടീച്ചർ എറണാകുളം മഹാരാജാസ് കോളജ്, പാലക്കാട് വിക്ടോറിയ, തലശ്ശേരി ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. സംസ്ഥാനത്തെ സർവകലാശാലകളിലും കോളജുകളിലും ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ രീതി നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ച സമിതിയുടെ അധ്യക്ഷ ഹൃദയകുമാരിയായിരുന്നു.

കാല്പനികത എന്ന ഗ്രന്ഥം കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. സോവിയറ്റ് കൾച്ചറൽ സൊസൈറ്റി, ഗുപ്തൻ നായർ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ഓർമ്മകളിലെ വസന്തകാലം, വള്ളത്തോൾ, കാല്പനികത എന്നിവയാണ് പ്രധാന കൃതികൾ. സംസ്ഥാന സർക്കാർ വനിതാ രത്‌നം അവാർഡ് നൽകി ആദരിച്ചിരുന്നു.