ലോകത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ എച്ച്എസ്‌ബിസി കടുത്ത പ്രതിസന്ധിയിൽ. ആഗോള തലത്തിൽ രണ്ടരലക്ഷത്തിലേറെ ജീവനക്കാരുള്ള ബാങ്ക് 25,000 പേരെ പിരിച്ചുവിടാനൊരുങ്ങുകയാണ്. ഒട്ടേറെ ബ്രാഞ്ചുകളും നിർത്തലാക്കും. ബ്രിട്ടനിൽ മാത്രം 120 ബ്രാഞ്ചുകൾ അടച്ചുപൂട്ടും. പിരിച്ചുവിടുന്നതിൽ 8000 ദീവനക്കാർ ബ്രിട്ടനിലാണ്.

ബ്രിട്ടൻ ആസ്ഥാനമായുള്ള ബാങ്ക് പുനഃസംഘടനയുടെ ഭാഗമായാണ് കടുത്ത നടപടികൾക്ക് ഒരുങ്ങുന്നത്. ലണ്ടനിലുള്ള ബാങ്കിന്റെ കേന്ദ്രം ഹോങ്കോങ്ങിലേക്ക് മാറ്റാനും ലണ്ടനിലെ ബ്രിട്ടീഷ് ആസ്ഥാനം ബർമ്മിങ്ങാമിലേക്ക് മാറ്റാനുമാണ് നീക്കം. ലോകത്താകമാനമായി 12 ശതമാനത്തോളം ബ്രാഞ്ചുകൾ അടച്ചുപൂട്ടാനൊരുങ്ങുകയാണ്. ബ്രിട്ടനിലെ 1057 ബ്രാഞ്ചുകളിൽ 120 എണ്ണമാണ് പൂട്ടുക.

1992-ൽ മിഡ്‌ലാൻഡ് ബാങ്ക് ഏറ്റെടുത്തുകൊണ്ടാണ് എച്ച്എസ്‌ബിസി രംഗപ്രവേശം ചെയ്തത്. ബാങ്കിന്റെ റീട്ടെയിൽ ശാഖയ്ക്ക് മിഡ്‌ലാൻഡ് ബാങ്ക് എന്ന് പുനർനാമകരണം ചെയ്യാനും പദ്ധതിയുണ്ട്. ചെലവുകുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. 2017-ഓടെ ഇത്തരത്തിൽ മൂന്ന് ബില്യൺ പൗണ്ടെങ്കിലും ലാഭമുണ്ടാക്കാമെന്ന് ബാങ്ക് കണക്കുകൂട്ടുന്നു.

പല രാജ്യങ്ങളിലെയും പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാനും ബാങ്ക് ഒരുങ്ങുന്നുണ്ട്. തുർക്കി, ബ്രസീൽ എന്നിവിടങ്ങളിലെ ബിസിനസ് നിർത്തുമെന്ന് ബാങ്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. അവിടെ മുൻനിര ബാങ്കുകളുമായി മത്സരിക്കാൻ എച്ചഎസ്ബിസിക്ക് സാധിക്കുന്നില്ല. ബാങ്കിന്റെ ആസ്ഥാനം ഹോങ്കോങ്ങിലേക്ക് മാറ്റാനുള്ള തീരുമാനം ഇക്കൊല്ലം അവസാനത്തോടെ ഉണ്ടാകുമെന്നും എച്ച്എസ്‌ബിസി വൃത്തങ്ങൾ അറിയിച്ചു.

ലോകത്തെ ബാങ്കിങ് മേഖലയിലുണ്ടായ മാറ്റങ്ങൾക്ക് അനുസൃതമായി പോകാൻ എച്ച്എസ്‌ബിസി നിർബന്ധിതമായിരിക്കുകയാണെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സ്റ്റുവർട്ട് ഗള്ളിവർ പറഞ്ഞു. എന്നാൽ, മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയ്ക്ക് ജീവനക്കാർ ഇരകളാകുന്നതിന്റെ തെളിവാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് യുണൈറ്റ് യൂണിയൻ നേതാക്കൾ ആരോപിച്ചു.