മലപ്പുറം: ഹയർസെക്കൻഡറി വിദ്യാഭ്യാസ നയങ്ങൾ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് മുന്നെ 'എച്ച്.എസ്.എസ് റിപ്പോർട്ടർ' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ചേരുന്നു. ഇടതുപക്ഷ അദ്ധ്യാപക സംഘടനാ നേതാവ് അഡ്‌മിനായ ഈ ഗ്രൂപ്പിലൂടെയാണ് കഴിഞ്ഞ ദിവസം സർക്കാറിന്റെ ഔദ്യോഗിക മുദ്ര പതിച്ച ഒന്നാംവർഷ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക്വേണ്ടി പ്രസിദ്ധീകരിക്കുവാൻ തയ്യാറാക്കിയ ഫോക്കസ് ഏരിയ ചോർന്നതെന്നും അദ്ധ്യാപക സംഘനാനേതാക്കളുടെ പരാതി.

എസ്.സി.ആർ.ടി തെയ്യാറാക്കിയ കരട് ഫോക്കസ് ഏരിയ ചോർന്നത് വിവാദമായതോടെ ഇത് വകുപ്പ് അംഗീകരിച്ച രേഖയല്ലെന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ രംഗത്തുവന്നിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിന് മൂന്നെ ഇത് ചോർത്തിയതാണെന്നും സമാനമായ സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നു എ.എച്ച്.എസ്.ടി.എ അക്കാദമിക് കൗൺസിൽ കൺവീനർ മാനോജ് ജോസ്, കെ.എച്ച്.എസ്.ടി.യു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഒ. ഷൗക്കത്ത് എന്നിവർ ് പറഞ്ഞു.

ഹയർസെക്കൻഡറി വിഭാഗം വിദ്യാഭ്യാസ നയങ്ങളെല്ലാം സർക്കാറിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കു മുന്നെ 'എച്ച്.എസ്.എസ് റിപ്പോർട്ടർ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ എത്തുന്നത് പതിവായതോടെ വിവിധ അദ്ധ്യാപക സംഘടനാ നേതാക്കൾ ഈഗ്രൂപ്പിൽ അംഗങ്ങളാവാൻ എത്തിയിരുന്നു. തുടർന്നു വിവിധ ഗ്രൂപ്പുകളായി ഈ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വിഭജിച്ചാണു പ്രവർത്തിക്കുന്നതെന്നും അദ്ധ്യാപക സംഘടനാ നേതാക്കൾ ആരോപിക്കുന്നു.

നേരത്തെ തന്നെ വിവരണങ്ങൾ ഈ ഗ്രൂപ്പിൽ എത്തുന്നതിനാൽ തന്നെ സർക്കാർ പ്രഖ്യാപനം കാത്തുനിൽക്കാതെ ഈ ഗ്രൂപ്പിലെ വിവരണങ്ങൾ മാത്രം ശ്രദ്ധിച്ചു പ്രവർത്തിക്കുന്നവരാണ് പ്രതിപക്ഷ അദ്ധ്യാപക സംഘടനാ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരെന്നും ഇക്കൂട്ടർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഒന്നാം വർഷ കുട്ടികളുടെ പരീക്ഷാ തിയതിയും പ്രധാനമായും ശ്രദ്ധയൂന്നേണ്ട പാഠഭാഗങ്ങളും പുതിയ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുവാൻ തയ്യാറെടുക്കുന്നതിനിടക്കാണ് വിദ്യാഭ്യാസ വകുപ്പിനെ നാണം കെടുത്തിയ ചോർച്ച കഴിഞ്ഞ ദിവസമുണ്ടായത്. ചോർന്ന മുദ്രപതിച്ച രേഖ ഒറിജിനൽ അല്ലെങ്കിൽ സമൂഹത്തെയും വിദ്യാർത്ഥികളെയും തെറ്റിദ്ധരിപ്പിക്കലും സർക്കാർ മുദ്ര ദുരുപയോഗം ചെയ്തതടക്കമുള്ള കുറ്റങ്ങൾ ചേർത്ത് കേസെടുക്കണമെന്നും ഇക്കൂട്ടർ ആവശ്യപ്പെടുന്നു. എന്തു സംഭവിച്ചാലും തങ്ങളെ സംഘടന രക്ഷിക്കുമെന്ന അമിത ആത്മവിശ്വാസമാണ് ഇത്തരം അദ്ധ്യാപകർക്കെന്നും പ്രതിപക്ഷ അദ്ധ്യാപക സംഘടനാ നേതാക്കൾ ആരോപിക്കുന്നു.