മുംബൈ: നരേന്ദ്ര മോദി നവംബർ എട്ടിന് പ്രഖ്യാപിച്ച കറൻസി നിരോധനം അട്ടിമറിക്കാൻ ആസൂത്രിതമായി നീക്കം നടന്നുവെന്ന് സംശയം. കിട്ടാക്കടമായി കിടന്ന നിരവധി വൻകിട-ചെറുകിട വായ്പകളിലേക്ക് തിരിച്ചടച്ചുകൊണ്ട് രാജ്യത്താകമാനം ബാങ്കുകളുടെ അറിവോടെ തന്നെ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിനു പുറമെ നിരോധിത കറൻസി മാറ്റി പുതിയ 2000ത്തിന്റെ നോട്ടുകൾ റിസർവ് ബാങ്കിന്റെ നിഷ്‌കർഷകൾ മറികടന്നും സ്വകാര്യ ബാങ്കുകളുടേയും ചില പൊതുമേഖലാ ബാങ്കുകളുടേയും തന്നെ സഹായത്തോടെ മാറ്റി നൽകി വെളുപ്പിച്ചെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം ഇത്തരത്തിൽ നോട്ടുകൾ മാറ്റി നൽകിയതിന് റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ തന്നെ പിടിയിലായ സാഹചര്യത്തിൽ ഇത്തരത്തിൽ ആസൂത്രിതമായി നിരോധിത കറൻസി തിരികെ ബാങ്കിങ് സിസ്റ്റിത്തിന്റെ ഭാഗമാക്കി തിരിച്ചെത്തിക്കാൻ നീക്കമുണ്ടായെന്ന സംശയമാണ് ഉയരുന്നത്. ആക്‌സിസ് ബാങ്കുമായി ബന്ധപ്പെട്ട് കള്ളപ്പണം മാറ്റിനൽകിയ നിരവധി സംഭവങ്ങൾ പിടികൂടിയിരുന്നു. സമാനമായ രീതിയിൽ മറ്റു ചില സ്വകാര്യ ബാങ്കുകളിലേക്കും റിസർവ് ബാങ്ക് നൽകിയ പുതിയ കറൻസികൾ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചതായ സൂചനകൾ ലഭിച്ചതോടെ ഇക്കാര്യത്തിൽ പരിശോധനകൾ തുടങ്ങിക്കഴിഞ്ഞു.

നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോൾ അമ്പതുദിവസത്തെ കാലാവധിയാണ് പഴയ നോട്ടുകൾ മാറ്റി പുതിയവ നൽകാൻ സർക്കാർ നിശ്ചയിച്ചത്. ഈ കാലാവധി അവസാനിക്കാൻ ഇനിയും രണ്ടാഴ്ച ബാക്കിയുണ്ട്്. ഇക്കഴിഞ്ഞ മാർച്ച് വരെ പുറത്തിറക്കിയ 1000, 500 രൂപ നോട്ടുകളുടെ മൂല്യം 14.17 ലക്ഷം കോടി രൂപയുടേതാണ്. ഇവയിൽ ഡിസംബർ 10വരെ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകൾ രാജ്യത്തെ റിസർവ് ബാങ്ക് കറൻസി ചെസ്റ്റുകളിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞതായി ഇന്നലെ ആർബിഐ ഡെപ്യൂട്ടി ഗവർണർ ആർ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

ഏതാണ്ട് മൂന്നുലക്ഷം കോടിക്കും അഞ്ചുലക്ഷം കോടിക്കുമിടയിൽ രാജ്യത്ത് കള്ളപ്പണം കറൻസിയായി സൂക്ഷിച്ചിരിക്കാമെന്നും ഇത് ബാങ്കിലേക്ക് തിരിച്ചെത്തില്ലെന്നുമായിരുന്നു കറൻസി നിരോധനം പ്രഖ്യാപിക്കുമ്പോൾ റിസർവ് ബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും പ്രതീക്ഷ. പക്ഷേ, ഈ ധാരണ അസ്ഥാനത്താക്കി അസാധുവാക്കപ്പെട്ട കറൻസി ഏതാണ്ട് പൂർണമായും തന്നെ ബാങ്കുകളിലേക്ക് തിരിച്ചെത്തിയേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെ അസാധുവാക്കപ്പെട്ട കറൻസി സ്വീകരിച്ച് ഏതൊക്കെ രീതിയിൽ ബാങ്കുകളുടെ സഹായത്തോടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന പരിശോധന വ്യാപകമാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചുകഴിഞ്ഞു.

ബാങ്കുകളുടെ സഹായത്തോടെ തന്നെ ലോണുകളുടെ തിരിച്ചടവിന്റെ രൂപത്തിലും വേണ്ടപ്പെട്ടവരുടെ അക്കൗണ്ടുകൾ വഴിയും പഴയനോട്ടുകൾ മാറ്റിയെടുത്തുവെന്ന് വ്യക്തമായിട്ടുണ്ട്. ഈ രണ്ടു മാർഗങ്ങളിലൂടെ കള്ളപ്പണം ബാങ്കിങ് സിസ്റ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞതായും അല്ലെങ്കിൽ നേരത്തേ സർക്കാർ പ്രതീക്ഷിച്ചിരുന്നതുപോലെ ഏറ്റവും കുറഞ്ഞത് മൂന്നുലക്ഷം കോടി രൂപയുടെയെങ്കിലും നികുതി നൽകാത്ത പണം പുറത്തു നിന്നേനെയെന്നുമാണ് വിലയിരുത്തൽ. കറൻസി നിരോധനം വന്നതിനുശേഷം സ്വർണം, റിയൽ എസ്‌റ്റേറ്റ് എന്നിവയിലൂടെ വിനിമയം നടന്നതിന്റെ പരിശോധന ഇതിനകം തുടങ്ങിയിട്ടുണ്ട്. വൻകിട നിക്ഷേപമായി ബാങ്കിൽ പണം എത്തിച്ചിരുന്നുവെങ്കിൽ അത് ഇതിനകം കണ്ടെത്തുമായിരുന്നു.

രണ്ടരലക്ഷം രൂപയിലേറെ നിക്ഷേപിച്ചവരോടെല്ലാം ഉറവിടം തേടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ലോണുകളുടെ തിരിച്ചടവ് നടത്തിയവരെ ഇതുവരെ നോട്ടമിട്ടിരുന്നില്ല. ഹൗസിങ് ലോണുകൾ, വാഹന വായ്പകൾ തുടങ്ങി ചെറുകിട വ്യവസായ സംരംഭങ്ങൾ മുതൽ മേലോട്ട് വായ്പയെടുത്തിരുന്ന സാധാരണക്കാരും ബിസിനസുകാരുമെല്ലാം നിരവധിയുണ്ട്. ഇത്തരം വായ്പകളിൽ കുറേയേറെ തിരിച്ചടവ് മുടങ്ങുകയോ, കിട്ടാക്കടമാകുകയോ ചെയ്തിരുന്നു. പക്ഷേ, ഇവയിൽ പലതിലും ലക്ഷങ്ങളുടെ തിരിച്ചടവ് പഴയ കറൻസിയുടെ രൂപത്തിൽ നടന്നിട്ടുണ്ട്. ഇത്തരത്തിൽ ലോണുള്ളവരെ തിരഞ്ഞുപിടിച്ച് പലരും തിരിച്ചടവിന് പഴയ കറൻസി നൽകിയാണ് ഇടപാട് നടത്തിയത്. ലോൺ അടയ്ക്കുന്നതിന് പകരം മാസാമാസം നിശ്ചിത തുക തിരിച്ചുതന്നാൽ മതിയെന്ന വ്യവസ്ഥയിലാണ് പലരും പണം നൽകിയതും.

ഇതിന് പലിശവേണ്ടെന്ന നിലയിൽ ചിലർക്ക് കോളടിച്ചപ്പോൾ മറ്റുചിലർക്ക് നിക്ഷേപത്തിന് അങ്ങോട്ടു നൽകിയ തുകയുടെ നിശ്ചിത ശതമാനം തിരിച്ചുവേണ്ടെന്ന് പറഞ്ഞാണ് പണം നൽകിയത്. കള്ളപ്പണം സർക്കാരിലേക്ക് അടയ്‌ക്കേണ്ടി വന്നാൽ 50 ശതമാനം പിഴയും ഇതിനു പുറമെ സർച്ചാർജും നൽകണമായിരുന്നു. ഇതിനുപകരം പണം തിരിച്ചുകിട്ടുമെന്ന് ഉറപ്പുള്ള പരിചയക്കാർക്ക് അവരുടെ ലോൺ അടച്ചുതീർക്കാൻ പണം നൽകി ലാഭമുണ്ടാക്കുന്ന ഇടപാടാണ് നടന്നത്. പലയിടത്തും ബാങ്കുകളിലെ ഉദ്യോഗസ്ഥർ തന്നെ ഇത്തരത്തിൽ ലോണുള്ളവരെയും കള്ളപ്പണക്കാരെയും പരസ്പരം പരിചയപ്പെടുത്തി ഇടപാടിന് സാഹചര്യമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന്റെ പേരിൽ അവർ നിശ്ചിത ശതമാനം കമ്മീഷൻ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ലോണുകളിൽ തിരിച്ചടയ്ക്കുന്ന വലിയ തുകകളെ പറ്റി അന്വേഷണം വന്നാലും അത് ലോണുടമകളുടെ കൈവശം ഉണ്ടായിരുന്ന പണമാണെന്നോ, പ്രത്യേക ആവശ്യത്തിന് എടുത്ത ലോൺ ഉപയോഗിക്കാതെ തിരിച്ചടച്ചതാണെന്നോ പറഞ്ഞ് ഒഴിയാമെന്ന നിലയിലാണ് ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിക്കൽ വ്യാപകമായി നടന്നിട്ടുള്ളത്.

ഈ രൂപത്തിലാണ് കള്ളപ്പണത്തിൽ വലിയൊരു ശതമാനം തിരികെയെത്തിയതോടെ കേന്ദ്രസർക്കാരിന്റെ കള്ളപ്പണവേട്ടയ്ക്കായുള്ള കറൻസി നിരോധനം പ്രഹസനമാകുന്ന സാഹചര്യമാകുകയായിരുന്നു. ഇതിനു പുറമെ സ്വകാര്യ ബാങ്കുകളിൽ നിരവധി വ്യാജ അക്കൗണ്ടുകൾ തുറന്ന് പണം നിക്ഷേപിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ബാങ്ക് അധികൃതരുടെ സഹായത്തോടെ കറൻസി നിരോധനം അട്ടിമറിക്കപ്പെട്ടതായ വിലയിരുത്തലിലാണ് കേന്ദ്രസർക്കാർ. ഇക്കാര്യങ്ങൾ ധനമന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരും പങ്കുവച്ചിട്ടുണ്ട്.

ഇതിനെല്ലാം പുറമെ പല മുൻനിര ബാങ്കുകളും മ്യൂച്വൽഫണ്ട്, ഇൻഷ്വറൻസ് ഇടപാടുകൾ നടത്തുന്നുണ്ട്. ഇതിൽ മണിബാക്ക് പോളിസി പോലെയുള്ളവയിൽ നിരോധിത കറൻസിയിലൂടെ നിക്ഷേപം നടന്നിട്ടുണ്ട്. ഇത്തരം ചില നിക്ഷേപങ്ങൾക്ക് ടാക്‌സ് ഇളവുപോലും ഉണ്ട്. ഇത്തരത്തിൽ നടത്തിയ നിക്ഷേപം നിശ്ചിത കാലാലവധി കഴിഞ്ഞ് തിരികെയെടുക്കാനാകും. കുടുംബത്തിലെ അംഗങ്ങളുടേയും ബന്ധുക്കളുടേയും പേരിൽ ഇത്തരത്തിൽ പഴയ കറൻസി ഉപയോഗിച്ച് വ്യാപകമായി നിക്ഷേപം നടത്തിയും കള്ളപ്പണം വെളുപ്പിക്കൽ നടന്നു. ഇവയെല്ലാം പരിശോധിക്കാനാണ് ആലോചിക്കുന്നത്. അതേസമയം, ഇത് ബൃഹത്തായൊരു ദൗത്യമായിരിക്കുമെന്നും അത്രയെളുപ്പത്തിൽ ഈ രീതികളിൽ കള്ളപ്പണം വെളുപ്പിച്ചവരെ കണ്ടെത്താനാകില്ലെന്നും വാദമുയർന്നിട്ടുണ്ട്.