ഇസ്ലാമാബാദ്: വടക്കൻ പാക്കിസ്ഥാൻ നഗരമായ സിയാൽകോട്ടിൽ വൻ സ്‌ഫോടനം. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എൻ.ഐ.എ ആണ് സ്‌ഫോടന വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപമാണ് സ്ഫോടനത്തിന്റെ ഉഗ്ര ശബ്ദം കേട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. സൈന്യത്തിന്റെ ആയുധപ്പുരയിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വടക്കൻ പാക്കിസ്ഥാനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ ഒന്നിലധികം സ്‌ഫോടനങ്ങൾ നടന്നതായി ദ ഡെയ്ലി മിലാപ് എഡിറ്റർ ഋഷി സൂരി ട്വീറ്റ് ചെയ്തിട്ടുണ്ട്. പാക് സൈന്യത്തി്‌നറെ വെടിമരുന്ന് അടക്കം സൂക്ഷിക്കുന്ന ആയുധപ്പുരയിലാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക സൂചന. സ്ഥലത്ത് വൻ തോതിൽ തീ പടരുകയാണ്.

സംഭവത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കറുത്ത കട്ടിയുള്ള പുക ആകാശത്തിൽ ഉയരുന്നതാണ് വീഡിയോയിലുള്ളത്. പാക്കിസ്ഥാനിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ സൈനിക താവളങ്ങളിലൊന്നാണ് സിയാൽകോട്ട് കന്റോൺമെന്റ് നഗരത്തോട് ചേർന്നുള്ളത്. ഇന്ത്യൻ അതിർത്തിയിൽ നിന്നും കേവലം 15 കിലോമീറ്റർ അകലെയാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.

പാക്കിസ്ഥാൻ സർക്കാർ പ്രതിസന്ധികളിൽ പെട്ട് ഉഴലുന്ന സമയത്താണ് ഇത്തരമൊരു സംഭവമുണ്ടായതെന്നതിന് പ്രാധാന്യമേറെയുണ്ട്. പാർലമെന്റിൽ അവിശ്വാസ വോട്ടെടുപ്പ് നേരിടാനുള്ള അവസാന ഘട്ട ശ്രമങ്ങളിലാണ് ഇമ്രാൻ. സ്വന്തം പക്ഷത്ത് നിന്നും നിരവധി എം പിമാർ പാലം വലിക്കും എന്ന് ഉറപ്പായതോടെ സർക്കാർ വീഴുമെന്ന അഭ്യൂഹങ്ങളുമുണ്ട്.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ദുർഭരണവും ആരോപിച്ച് പ്രതിപക്ഷമാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ ഇതിന് പിന്തുണയുമായി 24 ഭരണകക്ഷി എം. പി മാർ പരസ്യമായി കലാപക്കൊടി ഉയർത്തിതോടെ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കസേര തെറിക്കാൻ കളമൊരുങ്ങി. അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ നാളെ പാർലമെന്റ് സമ്മേളനം തുടങ്ങും. 28ന് നടക്കുന്ന വോട്ടെടുപ്പിൽ തോറ്റാൽ ഇമ്രാൻ രാജിവയ്ക്കേണ്ടിവരും. 2018ലാണ് ഇമ്രാൻ അധികാരത്തിൽ എത്തിയത്.