കൊച്ചി: ആ വലിയ കുമിള പൊട്ടിയോ? ബിറ്റ് കോയിന്റെ കാര്യമാണ് പറഞ്ഞ് വരുന്നത്. ബിറ്റ്‌കോയിന്റെ കുമിള പൊട്ടിയെന്നാണ് ജനസംസാരം. ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്‌റ്റോകറൻസികളുടെ മൂല്യത്തിൽ വൻ ഇടിവുണ്ടായതോടെയാണ് കുമിള പൊട്ടിയെന്ന സംസാരം പ്രബലമായത്. എന്നാൽ, അങ്ങനെയങ്ങ് എഴുതിത്ത്ത്ത്ത്ത്ത്തള്ളാൻ വരട്ടെയെന്നാണ് വിദഗ്ധരുടെ വിശകലനം.

ചാഞ്ചാട്ടങ്ങൾ പതിവ്‌

അഞ്ചുദിവസം മുൻപ് 20,000 ഡോളർ വരെ കയറിയ ബിറ്റ്‌കോയിന്റെ വില 11,000 ഡോളർവരെ താഴ്ന്നിരിക്കുകയാണ്. 350 ഡോളറിനടുത്തുവരെ എത്തിയിരുന്ന ലൈറ്റ്‌കോയിൻ വില 200 ഡോളറിനു താഴേക്കു വീണു.ദക്ഷിണകൊറിയയിലെ ക്രിപ്‌റ്റോകറൻസി വിനിമയം പൊട്ടിയതോടെയാണ് മൂല്യത്തിലെ ഇടിവ് സംഭവിച്ചത്. എന്നാൽ ഇത്തരത്തിലുള്ള ചാ്്ഞ്ചാട്ടങ്ങൽ പതിവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

ലോകത്തൊരു രാജ്യത്തെ കേന്ദ്രബാങ്കിനും ക്രിപ്‌റ്റോ കറൻസികളുടെ വിനിമയത്തിൽ നിയന്ത്രണമില്ല. എക്‌സ്‌ചേഞ്ചുകളിൽ അനിയന്ത്രിതമായി കുതിച്ചുയരാനും കൂടുതൽ പേർ ഇതിലേക്ക് ആകർഷിക്കപ്പെടാനും തുടങ്ങിയതോടെ റിസർവ് ബാങ്ക് നിക്ഷേപകർക്കു മുന്നറിയിപ്പു നൽകിയിരുന്നു.

അപകടമായത് അത്യാർത്തി

നിക്ഷേപത്തിൽ വൻനേട്ടവുമായി നിൽക്കുന്നവർ ലാഭമെടുക്കുന്നതാണ് വിലയിടിവിനു കാരണമെന്നു കരുതപ്പെടുന്നു. അതേസമയം, മറ്റു ക്രിപ്‌റ്റോ കറൻസികളിലേക്കു നിക്ഷേപകർ ശ്രദ്ധതിരിച്ചതാണ് ബിറ്റ്‌കോയിന്റെ വിലയിടിയാൻ കാരണമെന്നു മറ്റൊരു വിഭാഗം വാദിക്കുന്നു. പ്രത്യേകിച്ചും ബിറ്റ്‌കോയിനിൽനിന്നുതന്നെ ഉടലെടുത്ത ബിറ്റ്‌കോയിൻ കാഷ് കൂടുതൽ ശ്രദ്ധ നേടുന്നുണ്ട്.

എന്നാൽ, ബിറ്റ്‌കോയിൻ കാഷിന്റെ വിലയിലും ഇന്നലെ 40 ശതമാനത്തിനടുത്ത് ഇടിഞ്ഞു. മറ്റു കറൻസികളായ ഇതീറിയം, റിപ്പിൾ എന്നിവയുടെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഇതിനിടെ, അമേരിക്കയിലെ വൻകിട ബാങ്കായ ഗോൾഡ്മാൻ സാക്‌സ് ഡിജിറ്റൽ കറൻസികൾക്കായി ട്രേഡിങ് ഡെസ്‌ക് സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു

.ദക്ഷിണ കൊറിയയിലെ സൈബർ ആക്രമണത്തെ തുടർന്നാണ് ക്രിപ്‌റ്റോ കറൻസി വിനിമയം താറുമാറായത്.കോയിൻ ബെയ്‌സ് അടക്കമുള്ള യുഎസ് എക്‌സ്‌ചേഞ്ചുകൾ വിലയിലെ ചാഞ്ചാട്ടത്തെ കുറിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.ഇത്തരം ചാഞ്ചാട്ടങ്ങൾ സാധാരണയാണെന്ന ആശ്വാസവാക്കുകളൊന്നും നിക്ഷേപകരുടെ ആശങ്ക് അകറ്റുന്നില്ല.

റിസർവ് ബാങ്കിന്റെ നിലപാട്‌

ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസികളുടെ പ്രവർത്തനത്തിൽ സർക്കാരിന്റെ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള വഴികളാലോചിക്കാൻ കഴിഞ്ഞയാഴ്ച പുതിയ പാനലിനെ നിയോഗിച്ചിട്ടുണ്ട്. പാനലിന്റെ ലക്ഷ്യം ക്രിപ്‌റ്റോ കറൻസികൾക്ക് നിയമപരമായ അംഗീകാരം നൽകുകയല്ല. മറിച്ച്, തീവ്രവാദ പ്രവർത്തനങ്ങൾക്കും മറ്റും ഈ നിക്ഷേപം ഉപയോഗിക്കുന്നതു തടയാൻ എന്തൊക്കെ ചട്ടങ്ങൾ കൊണ്ടുവരാം എന്നു നിർദ്ദേശിക്കുകയാണ്.

നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിന് നികുതി ഏർപ്പെടുത്തണമെന്ന നിർദ്ദേശം വന്നെങ്കിലും
അത് ക്രിപ്‌റ്റോ കറൻസികൾക്കു നിയമപരമായ അംഗീകാരം കൊടുക്കുന്നതിനു തുല്യമാകുമെന്നതിനാൽ വേണ്ടെന്നു വയ്ക്കുകയായിരുന്നു.

ബിറ്റ്‌കോയിൻ തട്ടിപ്പോ?

ബിറ്റ്‌കോയിൻ തട്ടിപ്പാണെന്നാണ് ജെപിമോർഗന്റെ മേധാവി ജാമീ ദിമൻ വിശേഷിപ്പിക്കുന്നത്. എന്നാൽ ഐഎംഎഫിന്റെ ക്രിസ്റ്റീൻ ലാഗാർഡിന്റെ അഭിപ്രായത്തിൽ വിർച്വൽ കറൻസികളെ അങ്ങനെ എഴുതിത്ത്ത്ത്ത്ത്ത്തള്ളാൻ കഴിയില്ല.വെള്ളിയാഴ്ചത്തെ വൻ ഇടിവ് കണക്കിലെടുത്താലും ബിറ്റ്‌കോയിൻ മൂല്യം ഈ വർഷം ഉയർന്നുതന്നെയാണ് നിൽക്കുന്നത്. അതുകൊണ്ട് ഈ കുമിള പൂർണമായി പൊട്ടിക്കഴിഞ്ഞോയെന്ന് അറിയാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും.