- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രണ്ട് അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചു; മറ്റു കുട്ടികളുടെ മുന്നിൽവെച്ച് അവഹേളിച്ചു; എന്റെ ഫീസ് മാതാപിതാക്കൾക്ക് തിരികെനൽകണം'; പ്ലസ്ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ അദ്ധ്യാപകരുടെ പേരുകൾ; കല്ലാക്കുറിച്ചിയിലെ സ്കൂളിലും പരിസരത്തും വൻ സംഘർഷം
ചെന്നൈ: തമിഴ്നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള സ്വകാര്യ ബോർഡിങ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ടത് വൻ സംഘർഷം. കല്ലാക്കുറിച്ചി ചിന്നസേലം കനിയമൂർ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ശക്തി മെട്രിക്കുലേഷൻ സ്കൂളിലും പരിസരത്തുമാണ് വൻ സംഘർഷവും ആക്രമണങ്ങളും ഉണ്ടായത്. കടലൂർ സ്വദേശിനിയായ 17-കാരിയുടെ മരണത്തിൽ അടിമുടി ദുരൂഹതകളുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
ബുധനാഴ്ച രാവിലെയാണ് പെൺകുട്ടി കെട്ടിടത്തിൽനിന്ന് വീണതായി സ്കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചത്. അരമണിക്കൂറിനുള്ളിൽ പെൺകുട്ടി മരിച്ചതായും ഫോണിൽ വിളിച്ചറിയിച്ചു. എന്നാൽ സ്കൂളിൽനിന്ന് ആംബുലൻസിൽ അല്ല, മറ്റൊരു വാഹനത്തിലാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
പൊലീസിനെ അറിയിക്കാതെയാണ് സ്കൂൾ അധികൃതർ മൃതദേഹം കല്ലാക്കുറിച്ചി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി എത്തിച്ചതെന്നും ഇവർ ആരോപിക്കുന്നു. പെൺകുട്ടിയുടെ ശരീരത്തിലെ മുറിവുകൾ സംബന്ധിച്ചും കുടുംബം സംശയം ഉന്നയിക്കുന്നുണ്ട്.
Protets over the purported suicide of a schoolgirl in #TamilNadu's #Kallakurichi district.#Srimathi #JusticeForDefenceStudents #justiceforsrimathi #ஶ்ரீமதிக்கு_நீதி_வேண்டும் pic.twitter.com/0SiEMezazE
- Chaudhary Parvez (@ChaudharyParvez) July 17, 2022
സ്കൂളിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാർ സ്കൂൾ കെട്ടിടം അടിച്ചുതകർത്തു. സ്കൂളിലെ നിരവധി ബസുകളും മറ്റുവാഹനങ്ങളും അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ നേരിടാനെത്തിയ പൊലീസിന് നേരേയും ആക്രമണമുണ്ടായി. പൊലീസ് വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. ഞായറാഴ്ച രാവിലെ മുതൽ പ്രദേശത്ത് തുടരുന്ന സംഘർഷാവസ്ഥയ്ക്ക് മണിക്കൂറുകൾ പിന്നിട്ടിട്ടും അയവില്ല.
സ്കൂളിനകത്ത് കടക്കുന്നതിൽനിന്ന് പൊലീസിനെ തടഞ്ഞ സമരക്കാർ, സ്കൂളിനകത്ത് അക്രമം മണിക്കൂറുകളോളം തുടർന്നു. സമീപ ജില്ലകളിൽനിന്ന് കൂടുതൽ പൊലീസ് കല്ലാക്കുറിച്ചിയിലെത്തിയിട്ടുണ്ട്.
#WATCH Tamil Nadu | Violence broke out in Kallakurichi with protesters entering a school, setting buses ablaze, vandalizing school property as they sought justice over the death of a Class 12 girl pic.twitter.com/gntDjuC2Zx
- ANI (@ANI) July 17, 2022
പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് വിദ്യാർത്ഥി യുവജനസംഘടനകൾ നടത്തിവന്ന സമരം അക്രമാസക്തമാവുകയായിരുന്നു. പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. പൊലീസ് വാനടക്കം നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേത്ത് വെടിവച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ പേരുപറയുന്ന രണ്ട് അദ്ധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം.
റോഡ് ഉപരോധിച്ചും മറ്റും തുടർന്നുപോന്ന സമരം ഇന്ന് രാവിലെയാണ് അക്രമാസക്തമായത്. സ്കൂളിന് മുമ്പിലേക്ക് സംഘടിച്ചെത്തിയ സമരക്കാർ ബാരിക്കേഡ് തകർത്ത് സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. ശക്തമായ കല്ലേറുണ്ടായി, നിർത്തിയിട്ടിരുന്ന നിരവധി ബസുകൾ തകർക്കുകയും തീയിടുകയും ചെയ്തു. പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. പൊലീസ് വാനും അഗ്നിക്കിരയാക്കി. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.
നിരവധി സമരക്കാർക്കും ഇരുപതോളം പൊലീസുകാർക്കും പരിക്കേറ്റു. സമീപ ജില്ലകളിൽ നിന്നുകൂടി പൊലീസിനെ എത്തിച്ചാണ് സാഹചര്യം നിയന്ത്രിച്ചത്. സംഘർഷാവസ്ഥ തുടരുകയാണ്. കുറ്റാരോപിതരായ അദ്ധ്യാപകരെ പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിസിഐഡിക്ക് കൈമാറണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് ഞായറാഴ്ച വൻ സംഘർഷത്തിൽ കലാശിച്ചത്. പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി സ്കൂളിലെത്തിയത്. തുടർന്ന് ഇവർ അക്രമം അഴിച്ചുവിടുകയായിരുന്നു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും പ്രതിഷേധക്കാർ പിൻവാങ്ങിയില്ല.
പ്ലസ്ടു വിദ്യാർത്ഥിനിയായ 17-കാരിയെ ബുധനാഴ്ച രാവിലെയാണ് സ്കൂളിലെ ഹോസ്റ്റൽ വളപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി പെൺകുട്ടി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പെൺകുട്ടിയുടെ ബാഗിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പൊലീസ് പറഞ്ഞിരുന്നു.
സ്കൂളിലെ രണ്ട് അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും മറ്റു കുട്ടികളുടെ മുന്നിൽവെച്ച് അവഹേളിച്ചെന്നുമായിരുന്നു ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. മാതാപിതാക്കളും കൂട്ടുകാരും ക്ഷമിക്കണമെന്നും തന്റെ ട്യൂഷൻ ഫീസ് സ്കൂൾ മാനേജ്മെന്റ് മാതാപിതാക്കൾക്ക് തിരികെ നൽകണമെന്നും കുറിപ്പിൽ എഴുതിയിരുന്നു.
പെൺകുട്ടിയുടെ മരണവിവരമറിഞ്ഞ് നാട്ടുകാരായ നിരവധി പേരാണ് കഴിഞ്ഞദിവസം കല്ലാക്കുറിച്ചിയിൽ സംഘടിച്ചെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇവർ പ്രതിഷേധിക്കുകയും ചെയ്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ മാതാവ് ചിന്നസേലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പൊലീസിനെ അറിയിക്കാതെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതിലും വിദ്യാർത്ഥിനിയിൽനിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പിലും ദുരൂഹതകളുണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സ്കൂളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ വ്യക്തമല്ലാത്തത് സംബന്ധിച്ചും ഇവർ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
മരിച്ച 17-കാരി നേരത്തെ തന്നെ ശക്തി സ്കൂളിൽനിന്ന് മാറാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ സ്കൂൾ അധികൃതർ ടി.സി. നൽകാൻ കൂട്ടാക്കിയില്ല. മാത്രമല്ല, ഈ സ്കൂളിൽ നേരത്തെ ഏഴ് വിദ്യാർത്ഥികൾ ജീവനൊടുക്കിയിട്ടുണ്ടെന്ന വിവരം മകൾ പറഞ്ഞിരുന്നതായും ഇവർ വെളിപ്പെടുത്തി. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും തങ്ങൾക്ക് സംശയമുണ്ടെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
കല്ലാക്കുറിച്ചി സർക്കാർ മെഡിക്കൽ കോളേജിലാണ് പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്. എന്നാൽ ഇതിനിടെ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം ശക്തമാക്കിയിരുന്നു. നൂറുകണക്കിന് പ്രതിഷേധക്കാർ സേലം-കല്ലാക്കുറിച്ചി ഹൈവേ മണിക്കൂറുകളോളം ഉപരോധിച്ചു. പിന്നാലെ ഒരുസംഘം പ്രതിഷേധക്കാർ സ്കൂളിലേക്കും ഇരച്ചെത്തി. സ്കൂളിലേക്കെത്തിയ അദ്ധ്യാപകരെ ഇവർ വഴിയിൽ തടഞ്ഞു. ഒടുവിൽ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ തിരിച്ചയച്ചത്.
Tamil Nadu | Violence broke out in Kallakurichi with protesters entering a school, setting buses ablaze, vandalising school property as they sought justice over the death of a Class 12 girl pic.twitter.com/1id0U9jVUW
- ANI (@ANI) July 17, 2022
സ്കൂൾ അധികൃതർക്കെതിരേ നടപടിയെടുക്കാതെ തങ്ങൾ പിൻവാങ്ങില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. സംഭവത്തിൽ നടപടിയെടുക്കാതെ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കളും പറഞ്ഞു. ഇതിനിടെയാണ് ഞായറാഴ്ച കൂടുതൽ നാട്ടുകാരും വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ജനക്കൂട്ടം ഇരച്ചെത്തിയതോടെ ശക്തി സ്കൂൾ പരിസരത്ത് സംഘർഷം ഉടലെടുക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ ശക്തി സ്കൂൾ വളപ്പിലേക്ക് ഇരച്ചെത്തിയ ആയിരക്കണക്കിന് പേർ കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർക്കുകയായിരുന്നു. സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന നിരവധി ബസുകളാണ് പ്രതിഷേധക്കാർ തകർത്തത്. ട്രാക്ടർ ഉപയോഗിച്ചും ബസുകൾ തകർത്തു. ചില ബസുകൾ മറിച്ചിട്ട് അഗ്നിക്കിരയാക്കി. 13 സ്കൂൾ ബസുകളും മൂന്ന് പൊലീസ് വാഹനങ്ങൾക്കുമാണ് തീയിട്ടത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ആക്രമണത്തിൽ ഒട്ടേറെ പൊലീസുകാർക്കും പരിക്കേറ്റു.
ഏകദേശം രണ്ടായിരത്തിലേറെ ആളുകളാണ് സ്കൂൾ വളപ്പിലേക്ക് സംഘടിച്ചെത്തിയതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്. പെൺകുട്ടിയുടെ മരണം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും പ്രതിഷേധവുമായി തെരുവിലിറങ്ങാനുള്ള ആഹ്വാനമുണ്ടായത്. സാമൂഹികമാധ്യമങ്ങൾ വഴിയുള്ള ആഹ്വാനപ്രകാരമാണ് ഇത്രയധികം വിദ്യാർത്ഥികളും നാട്ടുകാരും സ്കൂളിലേക്ക് എത്തിയതെന്നും ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പെൺകുട്ടിയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസ് ആവർത്തിക്കുന്നത്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന അദ്ധ്യാപകരെ ചോദ്യംചെയ്തു. സാധാരണ വിദ്യാർത്ഥികളോട് പറയുന്നകാര്യങ്ങൾ മാത്രമാണ് 17-കാരിയോടും പറഞ്ഞിട്ടുള്ളതെന്നായിരുന്നു ഇവരുടെ മറുപടി. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് വിദ്യാർത്ഥിനിയോട് ആവശ്യപ്പെട്ടതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
உள்துறைச் செயலாளரையும், காவல்துறை தலைமை இயக்குநரையும் கள்ளக்குறிச்சிக்குச் செல்ல உத்தரவிட்டுள்ளேன். அரசின் நடவடிக்கைகளின் மேல் நம்பிக்கை வைத்துப் பொதுமக்கள் அமைதி காக்க வேண்டுகிறேன். (2/2)
- M.K.Stalin (@mkstalin) July 17, 2022
വിദ്യാർത്ഥിനിയുടെ മരണത്തിൽ പൊലീസ് അന്വേഷണം പൂർത്തിയായാൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. കലാപാന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. സമാധാനം നിലനിർത്താൻ എല്ലാ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. ഡി.ജി.പി.യോടും ആഭ്യന്തര സെക്രട്ടറിയോടും കല്ലാക്കുറിച്ചിയിലേക്ക് തിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ