ന്യൂ സൗത്ത് വേൽസ്: സംസ്ഥാനത്തെ പബ്ലിക് സ്‌കൂളുകളിൽ  വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുന്നതായി റിപ്പോർട്ട്. പബ്ലിക് സ്‌കൂളുകളിൽ വൻ ഫീസ് നൽകി പഠിക്കാനെത്തുന്നത് ഏഷ്യാൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അടുത്ത കാലത്തായി ന്യൂ സൗത്ത് വേൽസിലെ സ്‌കൂളുകളിൽ കഴിഞ്ഞ 12 മാസത്തിനുള്ളിൽ തന്നെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 25 ശതമാനം വർധനയാണ് നേരിട്ടിട്ടുള്ളതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

പബ്ലിക് സ്‌കൂളുകളിൽ വിദേശ വിദ്യാർത്ഥികൾക്കുള്ള ഒരു വർഷത്തെ ഫീസ് 14,000    ഡോളർ വരെ ആണ്. ന്യൂ സൗത്ത് വേൽസ് വിദേശ കുടുംബങ്ങളെ ആകർഷിക്കുന്ന ഇടമായി മാറിയതോടെ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ഇവിടെയെത്തിയിട്ടുള്ള വിദേശ വിദ്യാർത്ഥികളുടെ എണ്ണം 75 ശതമാനം വർധിച്ചിട്ടുമുണ്ട്. ഈ വർഷം 3386 വിദേശ വിദ്യാർത്ഥികൾ ഇവിടത്തെ പബ്ലിക് സ്‌കൂളുകളിൽ പഠിക്കുന്നുണ്ടെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അതേസമയം ഈ വർഷം  ഇനിയും ഈ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നാണ് കരുതുന്നത്.

വിദേശ വിദ്യാർത്ഥികൾക്ക് പ്രൈമറി ക്ലാസുകളിലേക്കുള്ള ഫീസ് ഒരു വർഷത്തേക്ക് 10,500 ഡോളർ വരെയും 11, 12 ക്ലാസുകളിലേക്കുള്ള ഫീസ് 14,000 ഡോളർ വരെയുമാണ്. സംസ്ഥാനത്തൊട്ടാകെ 150 പബ്ലിക് സ്‌കൂളുകളിൽ വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നുണ്ട്.
ഒമ്പതു മുതൽ 12 വയസു വരെയുള്ള കുട്ടികൾക്ക് ഓസ്‌ട്രേലിയൻ കുടുംബത്തോടൊപ്പം കഴിഞ്ഞ് ഇവിടെ പഠിക്കാം എന്നതാണ് നിയമം. ആഴ്ചയിൽ 300 ഡോളർ ചെലവിലേക്കായി നൽകണമെന്നു മാത്രം. അതേസമയം നാലു വയസു വരെയുള്ള കുട്ടികൾ മാതാപിതാക്കൾക്കൊപ്പം തന്നെ താമസിക്കണമെന്ന് നിബന്ധനയുണ്ട്. എന്നാൽ അഞ്ചു മുതൽ എട്ടു വയസു വരെയുള്ള കുട്ടികൾക്ക് കുടുംബ സുഹൃത്തിനൊപ്പമോ അടുത്ത ബന്ധുക്കൾക്കൊപ്പമോ താമസിക്കാം.

ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ന്യൂ സൗത്ത് വേൽസിൽ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണം വർഷം തോറും വർധിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ തന്നെ ചൈനയിൽ നിന്നാണ് ഏറെപ്പേരും ഇവിടെ വിദ്യാഭ്യാസം തേടിയെത്തുന്നത്. കഴിഞ്ഞ വർഷം ചൈനക്കാർക്ക് ഓസ്‌ട്രേലിയയിലേക്കുള്ള വിസാ നിയമങ്ങളിൽ മാറ്റം വരുത്തിയതോടെയാണ് ഇവിടെ നിന്നുള്ള ആൾക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടായിട്ടുള്ളത്. ഇവിടെയുള്ള വിദേശ വിദ്യാർത്ഥികളിൽ പകുതിയും ചൈനയിൽ നിന്നുള്ളവരാണ്. ഇവരുടെ എണ്ണത്തിൽ മുൻ വർഷത്തെക്കാൾ 60 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്.