തിരുവനന്തപുരം: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഒരുമാസമായി അരങ്ങേറുന്ന പ്രതിഷേധങ്ങളിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച ഒരു വിഭാഗമാണ് കെഎസ്ആർടിസി. അത് വരുമാനത്തിന്റെ കാര്യത്തിലായാലും ബസുകൾക്ക് ആക്രമണങ്ങളിൽ ഉണ്ടായ കേടുപാടിലായാലും സംഭവിച്ചിരിക്കുന്നത് വലിയ നഷ്ടങ്ങളാണ്. അതിന്റെ പ്രാഥമിക വിവരങ്ങളാണ് അധികൃതർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

ശബരിമല സർവീസിലും വലിയ നഷ്ടമാണ് കോർപറേഷൻ നേരിടുന്നത്. ബസുകൾ പമ്പയിലേക്കു സർവീസ് നടത്തുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതാണ് വരുമാനം കുറയാൻ കാരണം. മുൻപ് ഓരോ മിനിറ്റ് ഇടവേളയിലും സർവീസ് നടന്നിരുന്നെങ്കിൽ ഇപ്പോൾ 15 -20 മിനിറ്റ് ഇടവേളയിലാണ് സർവീസ്. പ്രതിഷേധ സമരങ്ങൾ നടക്കുന്നതിനാൽ ഭക്തരുടെ വരവിലും കുറവുണ്ടായിട്ടുണ്ട്.

ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ കെഎസ്ആർടിസിക്ക് നഷ്ടം 50 ലക്ഷം രൂപയെന്നാണ് അധികൃതർ നൽകുന്ന വിവരം. വിവിധ പ്രതിഷേധങ്ങളിലായി 24 ബസുകളാണ് നശിപ്പിക്കപ്പെട്ടത്. ഇത്രയും പ്രാഥമിക കണക്കാണെന്ന് കെഎസ്ആർടിസി അധിതൃതർ അറിയിച്ചു. മിന്നൽ, സൂപ്പർ ഡീലക്‌സ്, ഡീലക്‌സ് ബസുകളാണ് തകർക്കപ്പെട്ടത്.

കോഴിക്കോടിനും തൃശൂരിനും ഇടയിലുള്ള സ്ഥലങ്ങളിലാണ് കൂടുതൽ ബസുകൾ നശിപ്പിക്കപ്പട്ടതെന്നും അധികൃതർ വിശദീകരിച്ചു. ബസിനെതിരെയുള്ള അക്രമങ്ങളിൽ ബോഡിക്ക് കേടുപാട് വന്നതും ഗ്ലാസ് തകർന്നതിനും ഓരോ ബസിനും 50,000 രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസി കണക്കാക്കുന്നത്.

ഇങ്ങനെ 24 ബസുകൾക്കായി 12 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ഇത് കൂടാതെ ഒരു ദിവസത്തെ വരുമാന നഷ്ടം 10,000 രൂപയാണ്. 24 ബസുകളുടെ മാത്രം വരുമാന നഷ്ടം 2,40,000 രൂപയാണ്. കെ കെഎസ്ആർടിസിക്ക് ലഭിച്ച വരുമാനത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച 6.03 കോടി ശരാശരി ഒരുദിവസം വരുമാനം ഉണ്ടായപ്പോൾ ഈ ആഴ്ച നഷ്ടം 4.21 കോടി രൂപയാണെന്നും അധികൃതർ പറഞ്ഞു. ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സീസൺ സർവീസിലും കെഎസ്ആർടിസി നഷ്ടമാണ് നേരിടുന്നത്. ആക്രമിക്കപ്പെട്ട ബസുകളുടെ പൊലീസ് നടപടികളും അറ്റകുറ്റപണികളും പൂർത്തിയാക്കണമെങ്കിൽ ഒരാഴ്ചയെടുക്കും. ഇതെല്ലാം പരിഗണിക്കുമ്പോഴാണ് 50 ലക്ഷത്തിന്റെ നഷ്ടം കെഎസ്ആർടിസി നഷ്ടം കണക്കാക്കുന്നത്.

അതേസമയം ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് അയ്യപ്പവേഷധാരികളായ അക്രമികൾ ബസ്സുകൾക്കു നേരെ നടത്തിയ ആക്രമണങ്ങളിൽ കെഎസ്ആർടിസിക്ക് 1.25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരി ഡിജിപിക്ക് കത്ത് നൽകിയിരന്നു. ഈ നഷ്ടപരിഹാരം ഈടാക്കാതെ കുറ്റക്കാർക്ക് ജാമ്യം ലഭിക്കാനനുവദിക്കരുതെന്ന് തച്ചങ്കരി ഡിജിപിക്ക് കത്ത് നൽകിയിരുന്നത്.

സർക്കാരിന്റെയോ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ വസ്തുക്കൾ നശിപ്പിക്കപ്പെട്ടാൽ ആക്രമണത്തിന് നേതൃത്വം നൽകിയ വ്യക്തികളിൽ നിന്നോ സംഘടനകളിൽ നിന്നോ പ്രസ്തുത നഷ്ടം ഈടാക്കണമെന്നാണ് നിയമം. 2003ൽ കേരള സർക്കാർ കൊണ്ടുവന്ന ഈ നിയമം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശവുമുണ്ട്.