- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മമ്മൂട്ടിയുടെ സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി; കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കർ മെഗാ സ്റ്റാർ വാങ്ങിയത് 1997ൽ; കോടതിയെ സമീപിച്ചത് പ്രദേശം വന നിയമത്തിന് കീഴിലുള്ള ചതുപ്പാണെന്ന സിഎൽഎ ഉത്തരവിൽ; ഹൈക്കോടതി ഉത്തരവിൽ നൂലാമാലകൾ ഒഴിയുമ്പോൾ ആശ്വാസത്തോടെ താരം
ചെന്നൈ: മമ്മൂട്ടിക്കും ദുൽഖർ സൽമാനും ആശ്വാസമായി മദ്രാസ് ഹൈക്കോടതി വിധി. മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈയ്ക്കടുത്തുള്ള ചെങ്കൽപ്പെട്ടിലെ സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച തമിഴ്നാട് ലാൻഡ് അഡ്മിനിസ്ട്രേഷൻ കമ്മിഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചെങ്കൽപ്പെട്ടിലെ കറുപ്പഴിപ്പള്ളം എന്ന സ്ഥലത്ത് 40 ഏക്കർ സ്ഥലമാണ് മമ്മൂട്ടിക്കും ദുൽഖറിനുമുള്ളത്.
1997-ൽ കപാലി പിള്ള എന്നയാളിൽനിന്നാണ് സ്ഥലം വാങ്ങിയത്. 2007-ലാണ് ലാൻഡ് അഡ്മിനിസ്ട്രേഷൻ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചത്. ഉത്തരവിനെതിരേ അതേവർഷം മദ്രാസ് ഹൈക്കോടതിയിൽനിന്ന് മമ്മൂട്ടി അനുകൂല വിധിയും നേടിയിരുന്നു. എന്നാൽ, ഹൈക്കോടതി ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാൻ 2020 മെയ് മാസത്തിൽ കമ്മിഷണർ ഓഫ് ലാൻഡ് അഡ്മിനിട്രേഷൻ നീക്കം തുടങ്ങിയതോടെ മമ്മൂട്ടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
ഈ വർഷം ഓഗസ്റ്റിൽ ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ നിർത്തിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി കമ്മിഷണർ ഓഫ് ലാൻഡ് അഡ്മിനിസ്ട്രേഷന് നിർദ്ദേശം നൽകി. ഇപ്പോൾ ഉത്തരവ് പൂർണമായും റദ്ദാക്കി കൊണ്ടുള്ള ഉത്തരവാണ പുറത്തുവന്നത്. 1927ൽ 247 ഏക്കർ വരുന്ന പാട്ടഭൂമിയുടെ ഭാഗമായിരുന്നു ഈ വസ്തുവെന്നാണ് മമ്മൂട്ടി കോടതിയെ അറിയിച്ചിരിക്കുന്നത്. അതിന് ശേഷം വിവിധ കാലങ്ങളിലായി ഈ വസ്തുവിന്റെ വിൽപനയും കൈമാറ്റ ഇടപാടുകളും നടന്നിട്ടുണ്ടായിരുന്നു.
1933 ൽ ലേലത്തിന് വെച്ച വസ്തു വിവിധ ഉടമസ്ഥരിലൂടെ കൈമാറി 1997ൽ കബാലി പിള്ള എന്ന വ്യക്തിയുടെ പക്കൽനിന്നാണ് തന്റെ കുടുംബം ഭൂമി വാങ്ങിയതെന്നാണ് മമ്മൂട്ടി കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. എന്നാൽ കച്ചവടത്തിന് ശേഷം കബാലി പിള്ളയുടെ മക്കൾ ഏകപക്ഷീയമായി ഭൂമിയിടപാടുകളെല്ലാം റദ്ദുചെയ്തു. ഇതോടെ 2007ൽ കേസ് കോടതിയിലെത്തുകയായിരുന്നു.
ഇതിനിടെ, 1996ൽ തിരുവണ്ണാമലൈ അസിസ്റ്റന്റ് സെറ്റിൽമെന്റ് ഓഫീസർ പിള്ളയുടെ മക്കൾക്ക് നൽകിയ പട്ടയം 1997ൽ ലാൻഡ് കമ്മീഷണറായിരുന്ന ഉദ്യോഗസ്ഥൻ റദ്ദ് ചെയ്തിരുന്നു. ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി 1997ൽത്തന്നെ മമ്മൂട്ടി ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകിയിരുന്നു. തുടർന്ന് ഹൈക്കോടതി വിഷയം ലാൻഡ് കമ്മീഷണർക്ക് കൈമാറിയിരുന്നു. അദ്ദേഹം 2007ൽ ഈ വസ്തു സ്വകാര്യ ഭൂമിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ