കുവൈത്ത്: ഹലാ ഫെബ്രുവരിയോടനുബന്ധിച്ച ആഘോഷ പരിപാടികൾക്ക് കുവൈത്തിൽ ഔദ്യോഗിക തുടക്കം കുറിച്ചതോടെ വിമാനത്താവള ത്തിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചു തുടങ്ങിയതായി നേരത്തെ തന്നെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടുണ്ടാകുന്ന യാത്രക്കാരുടെ ആധിക്യം കണക്കിലെടുത്ത് 7349 വിമാനസർവീസുകളാണ് ഈ മാസം ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റ് ഷെഡ്യൂൾ ചെയ്തിട്ടുമുണ്ട്.

എന്നാൽ പുതിയ റിപ്പോർട്ടനുസരിച്ച് കുവൈത്തിൽ വിമാനത്താവളത്തിൽ യാത്രയയപ്പിനും വരവേൽപ്പിനും എത്തുന്നവരെ കർശ്ശനമായി നിയന്ത്രിക്കാനും അധികൃതർ പദ്ധതിയിടുകയാണ്. ഇത്തരത്തിൽ എത്തുന്നവരുടെ ആധിക്യം മൂലം വിമാനത്താവളത്തിൽ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണു നടപടിയെന്നാണ് സൂചന.

പ്രതിവർഷം 30 ലക്ഷം യാത്രക്കാരെ ഉൾകൊള്ളാൻ ശേഷിയുള്ള വിമാനത്താവളത്തിൽ 3 ഇരട്ടിയിലേറെ പേരാണു എത്തുന്നത്. ഇവരെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ പാടു പെടുമ്പോഴാണു ഇത്തരത്തിൽ യാത്രക്കാരല്ലാത്തവരായി എത്തുന്നവരുടെ സാന്നിധ്യം മൂലം അനിയന്ത്രിത മായ തിരക്ക് സൃഷ്ടിക്കപ്പെടുന്നത്. ഇതാണ് പുതിയ നടപടി എടുക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.