ആലപ്പുഴ/തിരുവനന്തപുരം: ഇരുചക്രവാഹന യാത്രികർ പെട്രോൾ നിറയ്ക്കാൻ പമ്പിൽ ചെല്ലുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണമെന്ന കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ശുപാർശയടങ്ങിയ ഉത്തരവ് നിയമവിരുദ്ധവും മനുഷ്യാവകാശലംഘനവുമായതിനാൽ റദ്ദാക്കണമെന്ന ആവശ്യത്തിനു നിലനില്പില്ലെന്നു ചെയർപേഴ്സൺ ജസ്റ്റിസ് ജെ.ബി.കോശി. കമ്മീഷന്റെ ഉത്തരവു നിയമവിരുദ്ധമാണെന്നു വാദമുണ്ടെങ്കിൽ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.

തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടി.ആർ.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് കമ്മീഷൻ ചെയർപേഴ്സൺ നിലപാട് വ്യക്തമാക്കിയത്. ഉത്തരവ് നിയമവിരുദ്ധമല്ലെന്നും ജീവിക്കാനുള്ള അവകാശത്തിന്റെ മനുഷ്യാവകാശ സംരക്ഷണമാണ് വിവക്ഷിച്ചതെന്നുമാണ് കമ്മീഷന്റെ നിലപാട്.

ഇരുചക്രവാഹനയാത്രികർക്ക് ഹെൽമറ്റില്ലെങ്കിൽ പെട്രോൾ നല്കേണ്ടതില്ലെന്ന ഇന്ധനപമ്പുകാർക്കുള്ള ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് മനുഷ്യാവകാശ ലംഘനമാണെന്നു ചുണ്ടിക്കാട്ടിയും ആ ഉത്തരവിനെ ചോദ്യം ചെയ്തും സമർപ്പിച്ചിരുന്ന ഒരു ഹർജി തള്ളിക്കൊണ്ടുള്ള കമ്മീഷന്റെ ഉത്തരവ് പുനഃപരിശോധനാവിധേയമാക്കണമെന്നായിരുന്നു ടി.ആർ.എയുടെ ആവശ്യം. നിയമപരമായ ബാധ്യത ഉറപ്പാക്കാനുള്ള ശ്രമം എന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ, നിയമം അനുശാസിക്കാത്ത വിധത്തിലുള്ള ഇത്തരം ഉത്തരവുകൾ നാട്ടിൽ അരാജകാവസ്ഥയുണ്ടാക്കാനാണ് സാധ്യതയെന്നു പുനഃപരിശോധനാ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഹെൽമറ്റ് ഇല്ലാത്തവർക്കു പെട്രോളില്ല എന്ന ഉത്തരവ് ചില പൊലീസ് സ്റ്റേഷനുകളിലെ സബ് ഇൻസ്പെക്ടർമാർ മേലധികാരികളുടെ അറിവുകൂടാതെ കുറച്ചുകാലം മുൻപ് സ്വമേധയാ നടപ്പാക്കാൻ ശ്രമിച്ചപ്പോൾ സംഘർഷാവസ്ഥയിലേക്കു നയിച്ചിരുന്നു. കമ്മീഷന്റെ ഉത്തരവു വന്നതിനു ശേഷവും ഹെൽമറ്റ് വേട്ടയുടെ മറവിൽ സാധാരണക്കാരെ പൊലീസ് ആക്രമിച്ചു ഗുരുതരമായ പരിക്കേൽപ്പിക്കുന്ന സ്ഥിതിവിശേഷങ്ങളുണ്ടായി.

മന്ത്രിസഭയോ വകുപ്പു മന്ത്രിയോ അറിയാതെ ഇത്തരത്തിലുള്ള ഉത്തരവ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറപ്പെടുവിച്ചത് വിവാദത്തിനു കാരണമായിരുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ മന്ത്രിസഭ അറിയാതെയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ നിയമവിധേയമല്ലാത്ത ഉത്തരവു പുറപ്പെടുവിച്ചിട്ടുള്ളതെന്ന വാർത്തയാണ് വിവാദമായത്. ജനരോഷം ഉയർന്നതിനെത്തുടർന്നു വിവാദ ഉത്തരവു പുറപ്പെടുവിച്ച ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ ജെ. തച്ചങ്കരിയെ സ്ഥാനത്തു നിന്നു നീക്കം ചെയ്തു.

റോഡിൽ ഉണ്ടാകുന്ന അപകടങ്ങൾക്കെല്ലാം കാരണം ഇരുചക്രവാഹന ഡ്രൈവർമാരാണെന്ന അടിസ്ഥാനരഹിതമായ മുൻവിധിയോടെയുള്ള സർക്കാരിന്റെയും പൊലീസിന്റെയും നടപടികൾ എല്ലാം തന്നെ മനുഷ്യാവകാശ ലംഘനങ്ങളാണെന്നു പുനഃപരിശോധനാ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആജ്ഞാരൂപത്തിലും നിർബന്ധിതവുമായി എപ്പോഴും പീഡനത്തിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്ന കേരളത്തിലെ ഏക നിയമമാണ് മോട്ടോർ വാഹന നിയമത്തിലെ ഹെൽമറ്റ് വേട്ട വകുപ്പ്. അതിനു റോഡിൽ ഏതു അതിക്രമവും നടത്താൻ പൊലീസ് മുന്നിട്ടിറങ്ങുന്നതിനെക്കുറിച്ച് ആവർത്തിച്ചു വാർത്തകൾ വരാറുണ്ട്.

പുനഃപരിശോധനാ ഹർജിയിൽ എടുത്തുകാട്ടിയിരുന്ന പ്രധാന വസ്തുതകൾ:

> മോട്ടോർ വാഹന നിയമപ്രകാരം ഇന്ത്യൻ സ്റ്റാൻഡാർഡ്സ് (ഐഎസ്) മുദ്രയുള്ള ഹെൽമറ്റു മാത്രമേ ഇരുചക്രവാഹനയാത്രികർ തലയിൽ ധരിക്കാൻ പാടുള്ളു എന്നതിനാൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സിന്റെ (ബിസ്) ഐഎസ് 4151 : 2015 ആണ് നിലവിൽ 'പ്രൊട്ടക്ടീവ് ഹെൽമറ്റ്സ് ഫോർ മോട്ടോർസൈക്കിൾ റൈഡേഴ്സി'-ന്റെ സ്പെസിഫിക്കേഷൻ. എന്നാൽ രാജ്യത്തെ നിയമം അനുസരിച്ച് പ്രാമാണികമായി മാനദണ്ഡങ്ങൾ പ്രകാരം നിലവാരം നിശ്ചയിക്കുകയും അതു ഉറപ്പാക്കുകയും ചെയ്യുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് (ബിസ്) പോലും ഹെൽമറ്റ് പരിക്കോ മരണമോ തടയാൻ ഉതകുകയില്ലെന്നു മുന്നറിയിപ്പു നല്കിയിട്ടുണ്ട്.

> ഇരുചക്രവാഹനത്തിലെ രണ്ടു പേരിൽ ഡ്രൈവറെ മാത്രം നിർബന്ധപൂർവം ഹെൽമറ്റ് ധരിപ്പിക്കാൻ ശ്രമിക്കുകയും ധരിക്കാത്തവരെ വഴിയിൽ തടഞ്ഞു പീഡിപ്പിച്ച് ഉടൻ ചോദ്യവും പറച്ചിലുമില്ലാതെ അനുചിതമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ ശിക്ഷവിധിച്ചു പിഴയീടാക്കുകയും ചെയ്യുന്ന പൊലീസ്, മോട്ടോർവാഹന വകുപ്പു നടപടി അപലപനീയവും മനുഷ്യാവകാശലംഘനവുമാണ്. ഇരുചക്രവാഹനത്തിൽ ഇരിക്കുന്ന രണ്ടു പേരിൽ ഓടിക്കുന്നയാൾ മാത്രം ഹെൽമറ്റ് ധരിച്ചാൽ മതിയെന്നും ചില മതവിഭാഗങ്ങളിൽപ്പെട്ടവർ ധരിക്കേണ്ടതില്ലെന്നുമുള്ള അടിസ്ഥാനരഹിതവും പ്രയോജനശൂന്യവും ഉചിതമല്ലാത്തതും പിഴ ഈടാക്കാൻ മാത്രവുമുള്ളതായ നിയമം കാട്ടി വഴിയേ പോകുന്നവരെ തികഞ്ഞ ക്രിമിനൽ കുറ്റവാളികൾ എന്ന പോലെ ഓടിച്ചിട്ടു പിടിച്ചും തലയ്ക്കടിച്ചും എറിഞ്ഞു വീഴ്‌ത്തിയും കൊല്ലാക്കൊല ചെയ്തും കൊന്നും സ്വമേധയാ പിഴയീടാക്കാൻ ശ്രമിക്കുന്നതു ജീവിക്കാനുള്ള അവകാശത്തിന് എതിരും തികഞ്ഞ മനുഷ്യാവകാശ ലംഘനവുമാണ്.

> മറ്റാർക്കും ശാരീരികമായോ മാനസികമായോ ക്ഷതം (ഹർട്ട്) ഉണ്ടാക്കാത്ത, ഒരു തരത്തിലും അപകടകാരണങ്ങളല്ലാത്ത, മര്യാദക്കാരുടെ 'കുറ്റകൃത്യ'ങ്ങൾ റോഡിൽ നിന്നു പിടികൂടി ചോദ്യവും പറച്ചിലും സാക്ഷിയുമില്ലാതെ ഉടനടി ശിക്ഷ വിധിച്ചു പിഴ പിരിക്കാൻ മാത്രമാണ് പൊലീസിന്റെ അതീവ ശ്രദ്ധ. സംസ്ഥാന പൊലീസ് മേധാവിയുടെ എല്ലാവിധ ഉത്തരവുകളും സദാ ലംഘിച്ച് ഇടുങ്ങിയ റോഡിലും വളവിലും റോഡിന്റെ എതിർവശത്തു നിന്നും മുൻകൂട്ടി അറിയിപ്പു നല്കാതെ 'പെറ്റി ക്രിമിനലുകളെ' മാത്രം ചാടിപ്പിടികൂടിക്കൊണ്ടിരിക്കുന്നതു തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്.

> ഇന്ധനമായ പെട്രോൾ ഉൾപ്പെടുന്ന 'പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും' എസൻഷ്യൽ കമ്മോദിറ്റീസ് ആക്ട്, 1955-ന്റെ പരിധിയിൽപ്പെടുന്നതാണ്. ജനങ്ങളുടെ സാധാരണ ജീവിതം തടസ്സപ്പെടുത്താതിരിക്കാനും പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും തടയാനുമാണ് അത്യാവശ്യവസ്തു നിയമം. അത്യാവശ്യ വസ്തുക്കൾ യഥേഷ്ടം ലഭ്യമാക്കാനും ക്രയവസ്തുക്കൾ വിതരണം ചെയ്യിക്കാനുമുള്ള ചുമതല സർക്കാരിനുണ്ട്. അതുതടയുന്ന എന്തു നടപടികളും അനാവശ്യ നിബന്ധനകളും നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. വിവിധ നിബന്ധനകൾ അടിച്ചേൽപ്പിച്ചു ആവശ്യവസ്തുക്കളുടെ കച്ചവടം നടത്തിക്കാതിരിക്കാനാകില്ല.

ഡ്രൈവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ നൂറു രൂപയാണ് നിയമ പ്രകാരം പിഴയെന്നിരിക്കെ വഴിയിൽ നിന്നു മുന്നൂറിലേറെയും സ്റ്റേഷനിൽ ചെന്ന് അടച്ചാൽ അഞ്ഞുറിലേറെ രൂപയും കോടതിയിലേക്കു വിട്ടാൽ ചെയ്യാത്ത കുറ്റങ്ങളും കൂട്ടിച്ചേർത്തു ആയിരത്തിലേറെ രൂപയുമാക്കുന്ന അതിക്രമത്തെക്കുറിച്ചു പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. അപ്പോൾ സുരക്ഷയല്ല സർക്കാരിന്റെ ഖജനാവിലേക്കുള്ള പിരിവു മാത്രമാണ് ലക്ഷ്യമെന്നും വ്യക്തമാകും. ഹെൽമറ്റ് കേസിൽ പൊലീസ് മാത്രം പരാതിക്കാരനും സാക്ഷിയുമാകുന്നതാണ് പകൽക്കൊള്ളയ്ക്കും നീതിനിഷേധത്തിനും കാരണം. ഹെൽമറ്റില്ലെങ്കിൽ പെട്രോളില്ല എന്ന നയം നടപ്പിലാക്കിയാൽ പിഴപ്പിരിവും കൈക്കൂലിയും ക്രമാതീതമായി വർധിക്കും.

ഒന്നര കിലോഗ്രാമിൽ കൂടുതൽ തൂക്കമുള്ളതും നിലവാരമില്ലാത്തതുമായ ഹെൽമറ്റ് തലയിൽ വച്ചാൽ എല്ലാം സുരക്ഷിതമാകുമെന്നും മരണത്തിൽ നിന്നു രക്ഷപ്പെടുമെന്നുമുള്ള രീതിയിലുള്ള സംസ്ഥാന സർക്കാർ പ്രചാരണം അസംബന്ധ നിയമത്തിന്റെ പേരിലാണ്. ഹെൽമറ്റ് വച്ചിട്ടും അപകടത്തിൽ മരിക്കുന്നവരെക്കുറിച്ചുള്ള യഥാർഥ കണക്കുകൾ സർക്കാർ ശേഖരിക്കുന്നില്ല. ഹെൽമറ്റ് ധരിച്ചു മരിക്കുന്നവരുടെ ഹെൽമറ്റ് അപകടസ്ഥലത്തു നിന്നു മാറ്റി തെറ്റിദ്ധരിപ്പിക്കുന്ന പൊലീസിന്റെ കുത്സിത ഏർപ്പാടുകളും റിപ്പോർട്ടു ചെയ്യപ്പെടാറുണ്ട്. തലപൊട്ടിയില്ലെങ്കിലും തലയിലെ ഭാരം കാരണം വീഴ്ചയിൽ സുക്ഷുമ്നാനാഡി തകരുന്നതായും മറ്റുമുള്ള അനുഭവങ്ങൾ ഏറെയുണ്ട്. ഹെൽമറ്റ് ഊരിയെടുക്കാനുള്ള കാലതാമസം അപകടത്തിൽപ്പെട്ടവരെ പലപ്പോഴും മരണത്തിലേക്കു നയിക്കാറുമുണ്ട്.

നിയമപ്രകാരം ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റേ ഉപയോഗിക്കാനാകൂ. അല്ലാത്ത ഒന്നും വില്ക്കാൻ അനുവദിക്കേണ്ട കാര്യമില്ല. മരണമോ പരിക്കോ ഹെൽമറ്റ് തടയില്ലെന്നു അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിയമം നിയമത്തിന്റെ വഴിക്കു പോയിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാൽ തന്നെയും നിർമ്മാണ കമ്പനികൾക്കു നിർദേശിക്കപ്പെട്ട മാനദണ്ഡങ്ങൾ പാലിച്ചാണോ ഹെൽമറ്റുകൾ നിർമ്മിച്ചു വിപണിയിൽ വില്ക്കുന്നതെന്നു പരിശോധിക്കാൻ സർക്കാരിനോ ഉപയോക്താക്കൾക്കോ യാതൊരു സംവിധാനവുമില്ല. ചൈനയിൽ പോലും ഹെൽമറ്റ് നിർമ്മിക്കാൻ ലൈസൻസ് നല്കിയിട്ടുണ്ട്. നിലത്തു വീഴുന്ന ഹെൽമറ്റുകൾ പൊട്ടിച്ചിതറുന്നതും വൈസർ പൊട്ടി അതു കുത്തി കണ്ണിനുൾപ്പടെ മുറിവുകളുണ്ടാകുന്നതും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയുണ്ടാകുന്ന മരണങ്ങൾക്കും പരിക്കുകൾക്കും ആർക്കും കണക്കോ രേഖയോ ഇല്ലതാനും. എല്ലാ ഉത്പന്നങ്ങൾക്കും കാലാവധിയാകൽ (എക്സ്പൈറി) ഉള്ളതുപോലെ ഹെൽമറ്റിനും ഉണ്ടെന്നുള്ള കാര്യം ഉപയോഗിക്കുന്നവരും നിയമപാലകരും കണക്കിലെടുക്കുന്നില്ല.

ഗുണനിലവാര സ്റ്റിക്കർ ആർക്കും ഒട്ടിച്ചുവിടാമെന്ന നിലയാണിപ്പോൾ. വിപണിയിലുള്ള ഹെൽമറ്റുകളിൽ ഭൂരിഭാഗവും മാനദണ്ഡങ്ങൾ പാലിക്കാത്തതും വ്യാജവുമാണെന്നു സർക്കാരിനു ഒഴികെ ആർക്കും സംശയമില്ല. നിലവാരം പാലിക്കാത്ത വ്യാജഹെൽമറ്റുകൾ എല്ലാം പിടിച്ചെടുത്തു പൊതുജനമധ്യേയിട്ടു നശിപ്പിക്കണം എന്ന ആവശ്യം മൂന്നു പതിറ്റാണ്ടായി അധികൃതർ മുമ്പാകെ രേഖാമൂലം ആവർത്തിച്ചു ഉന്നയിച്ചിട്ടും ഇക്കാലത്തിനിടയിയിൽ ഒരു നടപടിയുമുണ്ടായിട്ടില്ല. കോടതികളും ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല