തിരുവനന്തപുരം: വിശുദ്ധ നാട് തീർത്ഥാടനത്തിന്റെ മറവിൽ കേരളത്തിൽ നിന്ന് ഇസ്രായലേലിയേക്കും ജോർദ്ദാനിലേക്കും മനുഷ്യക്കടത്ത് വ്യാപകമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന് ഒത്താശ ചെയ്യുന്ന നിരവധി വൈദികർ ഉണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ കത്തോലിക്കാ പള്ളികൾ കേന്ദ്രീകരിച്ച് നടക്കുന്ന വിശുദ്ധ നാട് തീർത്ഥാടനം പൊലീസ് നിരീക്ഷിക്കും. തീർത്ഥാടനത്തിനായി സന്ദർശക വിസയിൽ അന്യരാജ്യങ്ങളിലേക്ക് ആളുകളെ കടത്തുന്ന തട്ടിപ്പാണ് അരങ്ങേറുന്നത്.

ടൂർ കമ്പനികളുമായി സഹകരിച്ചാണ് വൈദികർ വിശുദ്ധ നാട് യാത്രകൾ സംഘടിപ്പിക്കാറ്. വൈദികർ നേരിട്ട് മേൽനോട്ടം വഹിക്കുന്നതിനാൽ നിരവധി പേരും യാത്രയ്ക്ക് കിട്ടും. ഈ യാത്രകളിലൊക്കം മനുഷ്യക്കടത്തും നടക്കാറുണ്ട്. ട്രാവൽ ഏജൻസികൾ നടത്തുന്ന തട്ടിപ്പ് പല വൈദികരുടേയും അറിവോടെയാണ്. അവർ സംഘടിപ്പിക്കുന്ന തീർത്ഥാടകർക്ക് പുറമേ മറ്റുള്ളവരും സംഘത്തിലെത്തും. ഇതിനൊപ്പം പള്ളികൾ കേന്ദ്രീകരിച്ചും ഇസ്രായലേലിക്കും ജോർദ്ദാനിലും ജോലിക്കെത്തിക്കാമെന്ന വാഗ്ദാനത്തിൽ ആളുകളെ കൂട്ടാറുണ്ട്. ഇത് നിയമവിരുദ്ധമാണ്.

കഴിഞ്ഞ ദിവസം തീർത്ഥാടനത്തിന്റെ മറവിൽ ജോർദ്ദാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയതിന് വൈദികനും ടൂർ ഓപ്പറേറ്ററുമടക്കം ഒമ്പതുപേർക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ വിമാനത്താവള ഇമിഗ്രേഷൻ വിഭാഗത്തിന്റെ പരാതിയിലാണ് നടപടി. കഴക്കൂട്ടം സെന്റ് ജോസഫ്‌സ് പള്ളി മുൻ വികാരി സ്റ്റാനിസ്ലസ് ഫെമസ്, ടൂർ ഓപ്പറേറ്ററായ കിരൺ മോഹൻ എന്നിവരെ പിടികൂടാൻ ശംഖുംമുഖം അസി.കമ്മിഷണർ ജവഹർജനാർദ്ദിന്റെ നേതൃത്വത്തിൽ ശ്രമംതുടങ്ങി. പത്തുപേരെ ജോർദ്ദാനിലെത്തിച്ച ശേഷം വൈദികൻ ഡൽഹി വിമാനത്താവളത്തിലെത്തി മുങ്ങുകയായിരുന്നു. ഇത്തരക്കാർ ഇനിയും ഉണ്ടെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ വിലയിരുത്തൽ

ഒരു മാസത്തെ തീർത്ഥാടന വിസയിലാണ് ഒമ്പതു പേരെ കഴിഞ്ഞ മെയ് 27ന് ജോർദ്ദാനിലേക്ക് കൊണ്ടുപോയത്. ചെറിയ ജോലി വാഗ്ദാനം ചെയ്ത് ഇവരിൽ നിന്ന് 80,000 രൂപ വീതം വാങ്ങിയിരുന്നു. 19പേരെയാണ് ജോർദ്ദാനിലേക്ക് പോകാനെത്തിയത്. എന്നാൽ രേഖകൾ കൃത്യമല്ലാത്തതിനാൽ ഒമ്പതുപേരുടെ യാത്ര ഇമിഗ്രേഷൻ വിഭാഗം തടഞ്ഞു. വിദേശത്തു പോയവർ വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടർന്നാണ് ഇമിഗ്രേഷൻ വിഭാഗം പരാതി നൽകിയത്. വൈദികന്റെ യാത്രയിൽ സംശയം തോന്നിയതു കൊണ്ടാണ് ഇത് നിരീക്ഷണ വിധേയമാക്കിയത്. ഇത് ഇനിയും തുടരും. സംസ്ഥാനത്തുടനീളമുള്ള ഇത്തരം യാത്രകൾ പരിശോധിക്കാനാണ് തീരുമാനം.

കഴിഞ്ഞവർഷവും പത്തുപേരെ ഇത്തരത്തിൽ ജോർദ്ദാനിലേക്ക് കടത്തിയിരുന്നു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പരാതിപ്പെട്ടെങ്കിലും പൊലീസ് കേസ് ഒതുക്കിത്തീർത്തു. തീർത്ഥാടനം കഴിഞ്ഞ് ജൂണിൽ വൈദികനടക്കമുള്ള സംഘം മടങ്ങിയെത്തേണ്ടതായിരുന്നു. എന്നാൽ വൈദികനായ ഫെമസ് മാത്രം മെയ് 31ന് ഡൽഹിയിൽ തിരിച്ചെത്തി. തുടർന്ന് ഇമിഗ്രേഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് കണ്ടെത്തിയത്. തിരുവനന്തപുരം റൂറലിൽ നിന്നുള്ളവരെയാണ് ഇസ്രയേലിലേക്ക് കൊണ്ടുപോയത്. ഇവരുടെ വിവരങ്ങൾ വലിയതുറ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജോർദ്ദാനിലെ ഹോളിലാൻഡ് കേന്ദ്രമായ സംഘമാണ് മനുഷ്യക്കടത്തിന് പിന്നിലെന്നാണ് സംശയം.

നേരത്തെ വിശുദ്ധ നാട് യാത്രയിൽ കത്തോലിക്കാ സഭയ്ക്കും ചില പരാതികൾ കിട്ടിയിരുന്നു. ഇതേ തുടർന്ന് വൈദികരുടെ ഇത്തരം യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം ഇത്തരം യാത്ര മതിയെന്നാണ് സഭ വൈദികർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.