പത്തനംതിട്ട: മനുഷ്യക്കടത്ത് മാഫിയ പത്തനംതിട്ട ജില്ലയിലും പിടിമുറുക്കുന്നു. പട്ടിണിയിലും ജീവിത പ്രാരബ്ധങ്ങളിലും കഴിഞ്ഞു വന്ന വീട്ടമ്മയെ മെച്ചപ്പെട്ട ശമ്പളം വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കടത്തി. കുവൈറ്റിലേക്കാണ് കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ, ഇങ്ങനെ ഒരാൾ അവിടില്ലെന്ന് ഇന്ത്യൻ എംബസിയും വ്യക്തമാക്കുന്നു. നെടുമ്പാശേരി, തിരുവനന്തപുരം എന്നീ എയർപോർട്ടുകൾ തൊട്ടടുത്തുണ്ടായിരിക്കേ കരിപ്പൂരിൽ നിന്നുമാണ് ഇവരെ കയറ്റി വിട്ടത്. ഇവർ മനുഷ്യക്കടത്ത് റാക്കറ്റിന്റെ പിടിയിൽ അകപ്പെട്ടെന്നാണ് സംശയം.


കൊടുമൺ ഐക്കാട് മഠത്തിനാൽ മേലേതിൽ നാരായണന്റെ ഭാര്യ പി. മണിയെ(40) ആണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണി 18 നാണ് അമ്മ കുവൈറ്റിലേക്ക് ആയയുടെ ജോലിക്ക് പോയതെന്ന് മക്കളായ നന്ദകുമാറും നന്ദുജയും പറയുന്നു. 25,000 രൂപ മാസശമ്പളം വാഗ്ദാനം ചെയ്ത് പത്തനാപുരം സ്വദേശിയായ ബാലൻപിള്ള എന്നയാളാണ് തങ്ങളെ സമീപിച്ചത്. ബാലൻപിള്ളയുടെ ശിപാർശ പ്രകാരം കോഴിക്കോട് സ്വദേശി ഷംസുദ്ദീനാണ് മണിയെ കൊണ്ടുപോയത്. കരിപ്പൂരിൽ നിന്നാണ് വിമാനം കയറിയത്. ആദ്യ മൂന്നുമാസം അമ്മ വിളിക്കുകയും പൈസ അയയ്ക്കുകയും ചെയ്തിരുന്നു. പിന്നെ വിവരമൊന്നുമില്ലാതായതോടെ കുട്ടികൾ മാതൃസഹോദരിക്കൊപ്പം പ്രവാസി മലയാളി ഫെഡറേഷൻ ജില്ലാ കോ-ഓർഡിനേറ്റർ മഞ്ജു വിനോദിനെ സമീപിച്ചു.

കുട്ടികൾക്കൊപ്പം രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യനെ മഞ്ജു വിനോദ് കണ്ടു. അദ്ദേഹം അപ്പോൾ തന്നെ കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. രണ്ടുദിവസത്തിന് ശേഷം ഇങ്ങനെ ഒരാൾ കുവൈറ്റിൽ ഇല്ലെന്ന് എംബസിയുടെ മറുപടി വന്നു. കുവൈറ്റിലേക്ക് വിമാനം കയറിയത് കരിപ്പൂരിൽ നിന്നായതും എംബസിക്ക് വിവരം ഇല്ലാത്തതുമാണ് ഇതു മനുഷ്യക്കടത്താണെന്ന് സംശയിക്കാനുള്ള കാരണം. കുവൈറ്റിൽ ചെന്നതിന് പിന്നാലെ സ്‌പോൺസറായ അറബിയുടെ നമ്പരിൽ നിന്ന് മണി കുട്ടികളെ വിളിച്ചിരുന്നു. ഈ നമ്പരിൽ വീട്ടുകാർ തിരിച്ചു വിളിച്ചിരുന്നു. ഒരു തവണ ഫോൺ എടുത്തു. പിന്നീട് വിളിച്ചപ്പോൾ ആരും അറ്റൻഡ് ചെയ്തില്ല.

രണ്ടുമാസം മുമ്പ് ഒരു തവണ മണിയുടെ ഫോൺ വന്നിരുന്നുവെന്ന് കുട്ടികൾ പറയുന്നു. തന്റെ ജീവൻ അപകടത്തിലാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നുമാണ് ഇവർ പറഞ്ഞ്. പിന്നീട് ഇവരെപ്പറ്റി യാതൊരു സൂചനയുമില്ല. മണിയെ കുവൈറ്റിന് കൊണ്ടുപോയ ബാലൻപിള്ളയുടെയും ഷംസുദ്ദീന്റെയും ഫോണിൽ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. പണം വാങ്ങിയാണ് ബാലൻപിള്ള വിസ തരപ്പെടുത്തിയതെന്ന് കുട്ടികൾ പറയുന്നു. എന്നാൽ, അത് എത്രയാണെന്ന് തങ്ങൾക്ക് അറിയില്ല. അമ്മയുടെ ബന്ധുക്കളാണ് പണം നൽകി സഹായിച്ചത്. ബാങ്കിൽ നിന്ന് വായ്പയെടുത്ത് വീട് വച്ചതിന്റെ കടം വീട്ടുന്നതിനാണ് അമ്മ പോയത്. ആ കടം ഇപ്പോൾ താൻ കൂലിപ്പണി ചെയ്ത് വീട്ടുകയാണ്. സഹോദരിയുടെ പഠനച്ചിലവും തന്റെ തലയിലായെന്നും നന്ദകുമാർ പറയുന്നു.

പിതാവ് നാരായണന്റെ സമ്മതത്തോടെയാണ് അമ്മ പോയത്. ആറുമാസം കഴിഞ്ഞപ്പോൾ പിതാവ് തങ്ങളെ ഉപേക്ഷിച്ച് പോയി. ഇപ്പോൾ ഇലന്തൂരിലുള്ള മാതൃസഹോദരിയുടെ വീട്ടിലാണ് കഴിയുന്നത്. അമ്മയെ രക്ഷപ്പെടുത്താൻ എന്തു ചെയ്യണമെന്ന് പോലും ഈ കുട്ടികൾക്ക് അറിയില്ല. മണിയുടെ മോചനത്തിനായി സഹായിക്കാമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവർ ഇടപെടൽ ശക്തമാക്കിയതോടെ ഏജന്റിന്റെ പിണിയാളുകൾ ഉണർന്നു. ഇന്ത്യൻ എംബിസിയിൽ നിന്നാണ് വിളിക്കുന്നതെന്നും നിങ്ങളുടെ അമ്മ ഇവിടെ സുഖമായി ഇരിക്കുന്നുവെന്നും കഴിഞ്ഞ ദിവസം നന്ദകുമാറിനെ ആരോ വിളിച്ചു പറഞ്ഞു.

മണിയെ കൊണ്ടുപോകാൻ ഇടനില നിന്ന ബാലൻ പിള്ളയും അങ്കലാപ്പിലാണ്. ഇയാളും കുടുംബാംഗങ്ങളെ ഇടതടവില്ലാതെ വിളിച്ചു കൊണ്ടിരിക്കുകയാണ്. മണിയുടെ കുടുംബം ഇതുവരെ പരാതി നൽകാത്തത് കാരണം പൊലീസിന് ഇടപെടാൻ കഴിഞ്ഞിട്ടില്ല.