തിരുവനന്തപുരം: കുവൈത്ത് അടക്കമുള്ള ചില ഗൾഫ് രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സർക്കാർ ഏറ്റെടുത്തതോടെ കുറുക്കുവഴിയിൽ പണം സമ്പാദിക്കാൻ ശ്രമങ്ങളുമായി ട്രാവൽ ഏജൻസികൾ രംഗത്തെത്തി. ഒഡേപെക് സംവിധാനം വഴിയാണ് കുവൈത്തിലേക്ക് ഇപ്പോൾ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. എന്നാൽ ഇതിന് കൃത്യമായ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുണ്ട്. ഇതോടെ ഏജന്റുമാർ പുതുവഴികൾ തേടിയാണ് രംഗത്തുവന്നത്. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്ത സിംഗപ്പൂരിലും ശ്രീലങ്കയിലും സന്ദർശക വിസയിൽ ആളുകളെ ഇറക്കി, അവിടെ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന പുതിയ തന്ത്രം കണ്ടെത്തിയാണ് ട്രാവൽ ഏജൻസികളുടെ പുതിയ നീക്കം.

സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കാണ് നഴ്‌സുമാരെ അടക്കം ഇങ്ങനെ കടത്തുന്നത്. ഇത് കൂടാതെ ഹൗസ്‌മെയ്ഡ്, ഡ്രൈവർ പോലുള്ള അൺസ്‌കിൽഡ് ജോലികൾക്ക് വേണ്ടിയും മനുഷ്യക്കടത്തുകൊഴുക്കുകയാണ്. ചെന്നൈയിലെ ഒരു ഏജന്റ് തിരുവനന്തപുരം, ഹൈദരാബാദ്, ബംഗളുരു, ചെന്നൈ, മധുര വിമാനത്താവളങ്ങൾ വഴി നിരവധി പേരെ സന്ദർശക വിസയിൽ കടത്തിയെന്നാണ് വിവരം. നിരവധി മലയാളികൾ അടക്കമുള്ളവർ ഈ സാഹചര്യം ഉപയോഗപ്പെടുത്തി വിദേശത്തേക്ക് പോയിക്കഴിഞ്ഞു.

എന്നാൽ ഇത്തരം മനുഷ്യക്കടത്ത് സംഭവം തീർത്തും ദുരിതം വിതയ്ക്കുന്നതാണ്. യാതൊരു സുരക്ഷയും ഇത്തരത്തിൽ പുറത്തേക്ക് കടുക്കുമ്പോൾ ലഭിക്കുകയില്ല. വീട്ട് ജോലിക്ക് കൊണ്ടുപോയി അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് കണക്കിലെടുത്ത് സ്ത്രീകൾക്ക് വിദേശത്തേക്ക് പോകുന്നതിന് കർശന നിയന്ത്രണമുണ്ട്. ഈ നിയന്ത്രണങ്ങൾ മറികടന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥന്മാരുടെ കണ്ണ് വെട്ടിച്ചാണ് ആളുകളെ വിദേശത്തേക്ക് കടത്തുന്നത്. എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഇതിന് വേണ്ട ഒത്താശ നടക്കുന്നതായാണ് സൂചന.

ആദ്യം സൗദിയിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും മേൽപ്പറഞ്ഞ ജോലികൾ ആവശ്യമുള്ളവരുടെ പാസ്‌പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്യും. പിന്നീട് വിസകൾ പാസ്‌പോർട്ടുകളിൽ നിന്ന് വിദഗ്ദ്ധമായി ഇളക്കി മാറ്റും. ഈ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് ശ്രീലങ്കയിലും സിംഗപ്പൂരിലും വിസിറ്റിങ് വിസയിൽ ആളെ ഇറക്കും. ഉദ്യോഗസ്ഥർക്ക് സംശയം തോന്നാതിരിക്കാൻ മടക്ക ടിക്കറ്റ് ഉൾപ്പെടെയാണ് യാത്ര. ഇവർ അവിടെ എത്തും മുമ്പ് തന്നെ ഇളക്കിമാറ്റിയ വിസകളുമായി ഏജന്റിന്റെ ആൾക്കാർ കൊളംബോയിലും സിംഗപ്പൂരിലും എത്തിയിരിക്കും. അവിടെ വച്ച് പാസ്‌പോർട്ടുകളിൽ ജോലിക്ക് പോകേണ്ട രാജ്യങ്ങളിലെ വിസ ഒട്ടിക്കും. വൈകുന്നേരമുള്ള വിമാനങ്ങളിൽ ഇവരെ ആ രാജ്യങ്ങളിലേക്ക് അയയ്ക്കും.

വിസിറ്റിങ് വിസയും യാത്രച്ചെലവും ഏജന്റിന്റെ കമ്മിഷനും ഉൾപ്പെടെ നഴ്‌സുമാർക്ക് ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം വരെയും ഡ്രൈവർ, വീട്ട് ജോലി എന്നിവയ്ക്ക് 70,000 മുതൽ ഒരുലക്ഷം വരെയുമാണ് നിരക്ക്. ജോലിയുടെ നിലവാരം കൂടുന്നതിന് അനുസരിച്ച് ഈടാക്കുന്ന തുകയിലും മാറ്റം വരുന്നുണ്ടെന്നതാണ് പ്രത്യേകത. വിസിറ്റിങ് വിസയുടെ മറവിലുള്ള ഈ മനുഷ്യക്കടത്തിനെ പ്രതിരോധിക്കാൻ തൽക്കാലം മാർഗങ്ങളൊന്നുമില്ല.

കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരം വിമാന്താവളം വഴി വിദേശത്തേക്ക് പോയവരുടെ ലിസ്റ്റ് പരിശോധിച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കൂടുതലാണെന്ന് എമിഗ്രേഷൻ ചുമതലയുള്ള ഫോറിനർ രജിസ്‌ട്രേഷൻ ഓഫീസർ ജയമോഹൻ കണ്ടെത്തി. തുടർന്ന് ഫെബ്രുവരിയിൽ ഇത്തരം പതിനാറ് യാത്രക്കാരെ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. കൂട്ടത്തിലുണ്ടായിരുന്ന ഒരു മലയാളി വനിതയുടെ പിതാവിനെ ടെലിഫോണിൽ ബന്ധപ്പെട്ടപ്പോൾ മകൾ സൗദിയിൽ നഴ്‌സിങ് ജോലിക്ക് പോകുന്നതാണെന്ന് അറിയിച്ചു. പക്ഷേ, ടിക്കറ്റ് കൊളംബോയിലേക്കായിരുന്നു. ഇതോടെയാണ് മറ്റ് രാജ്യങ്ങളിലേക്ക് പോയി അവിടെ നിന്നും ഗൾഫിലേക്ക് പോകുന്നവരുടെ എണ്ണം കൂടുന്നതായി വ്യക്തമായത്.