- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്പത്ത് വ്യവസ്ഥയെ തകർക്കുന്നുവെന്ന ആരോപണം ഗൗരവമേറിയത്; സാക്ഷികളെ സ്വാധീനിച്ച് മൊഴി തിരുത്താൻ സാധ്യത; ജി എസ് ടി തട്ടിപ്പിൽ കൈരളി റ്റിഎംറ്റി സ്റ്റീൽ കമ്പനി ഉടമയ്ക്ക് അഴിയെണ്ണൽ തുടരണം; എക്സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്തിന് ജാമ്യം നിഷേധിച്ച് കോടതി
തിരുവനന്തപുരം : കൈരളി റ്റി.എം. റ്റി സ്റ്റീൽ കമ്പനി നടത്തിയ 400 കോടിയുടെ വ്യാജ ജിഎസ്ടി (ചരക്കു സേവന നികുതി) ബിൽ വെട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂണിന് ജാമ്യമില്ല. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയുടെ ജാമ്യ ഹർജി തള്ളിയത്. സംസ്ഥാന സമ്പദ് വ്യവസ്ഥയെ തകർക്കുന്നുവെന്ന ആരോപണം നേരിടുന്ന കേസിനാസ്പദമായ കുറ്റകൃത്യം ഗൗരവമേറിയതാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.
കൃത്യത്തിൽ ആഴത്തിലുള്ള അന്വേഷണം അനിവാര്യമായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്ന കേസിൽ ഉന്നത സ്വാധീനമുള്ള പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്തുമെന്നും തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് എ സിജെഎം വിവിജ രവീന്ദ്രൻ ജാമ്യം നിരസിച്ചത്. ഏപ്രിൽ 20 മുതൽ റിമാന്റിൻ കഴിയുന്ന പ്രതി കൈരളി റ്റി.എം.റ്റി സ്റ്റീൽ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയക്ടർ ഹുമയൂൺ കള്ളിയത്ത് സമർപ്പിച്ച ജാമ്യഹർജിയാണ് തള്ളി ഉത്തരവായത്.
നൂറുകോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിനാണ് മുൻനിര സ്റ്റീൽ കമ്പനിയായ കൈരളി ടി.എം ടി സ്റ്റീൽ ബാർസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്തിനെ ഡയറക്ടറെറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. ഒന്നര വർഷത്തോളം നീണ്ട നിരീക്ഷണത്തിന്നൊടുവിലാണ് ഹുമയൂൺ കള്ളിയത്തിനെ ഇന്നു അറസ്റ്റ് ചെയ്തത്. അറസ്റ്റ് വാർത്ത മുഖ്യധാരാ മാധ്യമങ്ങളൊന്നും നൽകിയില്ല. ചിലർ പേരിന് വേണ്ടി മാത്രം നൽകുകയും ചെയ്തു. മറുനാടൻ വാർത്ത നൽകിയ ശേഷമായിരുന്നു അത്.
മോഹൻലാൽ ബ്രാൻഡ് അംബാസഡർ ആയ സ്റ്റീൽ കമ്പനിയാണ് കൈരളി ടിഎംടി സ്റ്റീൽ കമ്പനി. ഇവരുടെ പരസ്യ ചിത്രങ്ങളിൽ തുടരെ പ്രത്യക്ഷപ്പെടുന്നതും ഈ മെഗാ താരം തന്നെയാണ്. ദക്ഷിണേന്ത്യയിലെ ഗുണനിലവാരമുള്ള ടിഎംടി സ്റ്റീൽ ബാറുകളുടെ മുൻനിര നിർമ്മാതാക്കളും ഒന്നാം സ്ഥാനക്കാരുമാണ് ഈ കമ്പനി.
കേരളത്തിലെ ബിസിനസ് ലോകത്തെ മൊത്തം ഞെട്ടിച്ചാണ് കേന്ദ്ര ഡയറക്ടറെറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് പൊടുന്നനെയുള്ള അറസ്റ്റ് നീക്കം നടത്തിയത്. 85 കോടി രൂപയുടെ ടാക്സ് വെട്ടിപ്പ് ആണ് നടത്തിയതെങ്കിലും വെട്ടിപ്പ് നൂറു കോടിയും കടക്കുമെന്നാണ് കേന്ദ്ര ജിഎസ്ടി അധികൃതരുടെ നിഗമനം. അതുകൊണ്ട് തന്നെയാണ് കടുത്ത നടപടികളിലേക്കും, അറസ്റ്റിലേക്കും കേന്ദ്ര ജിഎസ്ടി വൃത്തങ്ങൾ നീങ്ങിയത്. കോടതിയും ഇതിൽ തെറ്റൊന്നും ഈ ഘട്ടത്തിൽ കാണുന്നില്ല,
കള്ള ബിൽ അടച്ച് ടാക്സ് ക്രെഡിറ്റ് ഉണ്ടാക്കും. സാധനങ്ങൾ ഷോപ്പിൽ നിന്ന് പോകാതെ തന്നെയാണ് ഇവർ ബിൽ അടിച്ചു കൊണ്ടിരുന്നത്. ഇത് നിരന്തരം ഇവർ ചെയ്തു കൊണ്ടിരുന്നു. ഇതോടെ വളരെ ചെറിയ ജിഎസ്ടി വിഹിതമാണ് സർക്കാരിലേക്ക് പോയത്. ഇത് മനസിലാക്കി രണ്ടു തവണ കേന്ദ്ര ജിഎസ്ടി അധികൃതർ കൈരളി ടി.എം ടി സ്റ്റീൽ ബാർസിൽ റെയ്ഡ് നടത്തിയിരുന്നു. ഇതോടെ വിശദാംശങ്ങൾ മനസിലാക്കിയാണ് ഹുമയൂൺ കള്ളിയത്തിനെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തത്.