- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിന്റെ സ്റ്റാർഡം ഉപയോഗിച്ചു കമ്പി കച്ചവടം പൊടിപൊടിച്ചു; എതിരായ വാർത്തകൾ തടയാൻ ചാനലുകൾക്കും പത്രങ്ങൾക്കും വാരിക്കോരി പരസ്യം; അവതാരകരുടെ ലാപ്ടോപ്പിലും കൈരളി ടിഎംടിയുടെ പരസ്യമെത്തി; നൂറ് കോടി കടന്ന ജി.എസ്.ടി വെട്ടിപ്പിലെ അറസ്റ്റിൽ പത്രക്കുറിപ്പു നൽകിയിട്ടും ഹുമയൂൺ കള്ളിയത്തിനെ സംരക്ഷിച്ചു മാധ്യമങ്ങൾ
തിരുവനന്തപുരം: പരസ്യം നൽകുന്നവനോട് കൂറൂ കാണിക്കാൻ വാർത്ത മുക്കുന്ന ഏർപ്പാട് ഈ സോഷ്യൽ മീഡിയാ കാലത്തും മലയാള മാധ്യമങ്ങളുടെ പതിവു പരിപാടിയാണ്. കേരളം കണ്ട ഏറ്റവും വലിയ നികുതി വെട്ടിൽ ഒരു കോർപ്പറേറ്റ് മുതലാളി അറസ്റ്റിലായിട്ടും മലയാളം മാധ്യമങ്ങൾ അറിഞ്ഞ മട്ടില്ല. മോഹൻലാലിനെ ബ്രാൻഡ് അംബാസിഡറാക്കി ഇരുമ്പു കമ്പി കച്ചവടം പൊടി പൊടിക്കുന്ന കൈരളി ടിഎംടി സ്റ്റീൽസ് ബാർ മുതലാളി ഹുമയൂൺ കള്ളിയത്തിനെ ജിഎസ്ടി ഇന്റലിജൻസ് അറസ്റ്റു ചെയ്ത വാർത്തയാണ് മാധ്യമങ്ങൾ പരസ്യ താൽപ്പര്യത്താൽ മുക്കിയത്. ചിലരാകട്ടെ വാർത്ത നൽകിയതിന് പിന്നാലെ ഇത് പിൻവലിച്ചു തടിതപ്പുകയും ചെയ്തു. മറ്റു ചിലർ വാർത്ത നൽകിയെന്ന് വരുത്താൻ ഒരു കോളം വാർത്തയിൽ ഒതുക്കുകയും ചെയ്തു.
400 കോടിയുടെ വ്യാജ ബിൽ ഉണ്ടാക്കി ജിഎസ്ടി തട്ടിപ്പു നടത്തിയ കൈരളി ടിഎംടി മുതലാളിയെ അറസ്റ്റു ചെയ്തു റിമാൻഡു ചെയ്ത വിവരം ജിഎസ്ടി ഇന്റലിജൻസ് വാർത്താ കുറിപ്പായി പുറത്തിറക്കിയിരുന്നു. വൻ തട്ടിപ്പായിട്ടും അതിന് വേണ്ട പ്രാധാന്യം ആരും നൽകിയില്ല. ചാനലുകൾ ആകട്ടെ പ്രിയപ്പെട്ട മുതലാളിയെ സംരക്ഷിക്കാൻ വേണ്ടി വാർത്ത മുക്കുകയും ചെയ്തു. മറിച്ചു ഇത്തരം തട്ടിപ്പുകളിൽ പ്രൈംടൈം ചർച്ചകൾ നടത്തുന്നവർ പോലും അത് കണ്ടില്ലെന്ന് നടിക്കുകയാണ് ഉണ്ടായത്.
ചാനലുകൾ വാർത്ത മുക്കാൻ കാരണം മിക്ക പരിപാടികളുടെ സ്‌പോൺസർമാർ കൈരളി ടിഎംടി ബാറാണ്. ചാനൽ അവതാരകർ വാർത്ത വായിക്കുമ്പോൾ ലാപ്പ്‌ടോപ്പിൽ പോലും കൈരളി ടിഎംടിയുടെ പരസ്യം വന്നിരുന്നു. അത്തരത്തിലുള്ള ബ്രാൻഡിംഗാണ് കൈരളി ടിഎംടി നടത്തിയിരുന്നത്. മോഹൻലാലിനെ ബ്രാൻഡ് അംബാസിഡറായ കമ്പനി ഗംഭീര പരസ്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്. മുമ്പ് ജയറാമിനെ ബ്രാൻഡ് അംബാസിഡറാക്കിയാണ് പരസ്യം തയ്യാറാക്കിയതും.
ഡയറക്ടർ ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജിൻസ് നടത്തിയ പരിശോധനയിൽ നൂറ് കോടിയുടെ അധികം നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. കൈരളി ടി.എം ടി സ്റ്റീൽ ബാർസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്തിനെയാണ് ഡയറക്ടറെറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ ഹുമയൂൺ കള്ളിയത്തിനെ കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഒന്നര വർഷത്തോളം നീണ്ട നിരീക്ഷണത്തിന്നൊടുവിലാണ് ഹുമയൂൺ കള്ളിയത്തിനെ ഇന്നു അറസ്റ്റ് ചെയ്തത്. നിരന്തരമായി ഈ ഗ്രൂപ്പ് ജിഎസ്.ടി വെട്ടിപ്പു നടത്തുന്നുണ്ടെന്ന വിവരമാണ് അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടിള്ളത്. നാനൂറ് കോടിയുടെ കള്ളബിൽ ഉണ്ടാക്കിയെന്നാണ് ജിഎസ്ടി ഇന്റജിലിൻസ് കണ്ടെത്തിയിരിക്കുന്നത്. ഇത് വഴി 43 കോടിയോളം രൂപ ജിഎസ്ടി ഇനത്തിൽ മാത്രം സർക്കാറിന് നഷ്ടമായെന്നുമാണ് വിവരം. ഇത് സംബന്ധിച്ച പരിശോധനകൾ വിപുലപ്പെടുത്തിയാൽ തട്ടിപ്പിന്റെ വ്യാപ്തി ഉയരുമെന്നാണ് ലഭിക്കുന്ന വിവരം.
കള്ള ബിൽ അടച്ച് ടാക്‌സ് ക്രെഡിറ്റ് ഉണ്ടാക്കും. സാധനങ്ങൾ ഷോപ്പിൽ നിന്ന് പോകാതെ തന്നെയാണ് ഇവർ ബിൽ അടിച്ചു കൊണ്ടിരുന്നത്. ഇത് നിരന്തരം ഇവർ ചെയ്തു കൊണ്ടിരുന്നു. ഇതോടെ വളരെ ചെറിയ ജിഎസ്ടി വിഹിതമാണ് സർക്കാരിലേക്ക് പോയത്. ഇത് മനസിലാക്കി രണ്ടു തവണ കേന്ദ്ര ജിഎസ്ടി അധികൃതർ കൈരളി ടി.എം ടി സ്റ്റീൽ ബാർസിൽ റെയ്ഡ് നടത്തിയിരുന്നു. എന്നിട്ടും തട്ടിപ്പു തുടരുകയാണ് ഈ ഗ്രൂപ്പു ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.
ഹുമയൂൺ കള്ളിയത്താണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കി. ജിഎസ്ടി ഇന്റലിജൻസ് ഓഫീസർ ജിജോ ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹുമയൂണിനെ അറസ്റ്റു ചെയ്തത്. സീനിയർ ഇന്റലിജലൻസ് ഓഫീസർമാരായ ഹരീന്ദ്രൻ കെ, ഷാഹുൽ ഹമീദ് എ, ബാലഗോപാൽ ജി കുര്യൻ എന്നിവരും ഇന്റലിജൻസ് ഉദ്യോഗസ്ഥരായ വൈശാഖ് പി വൈശാഖൻ, അശോക് കുമാർ ദാട്ടി, മഞ്ജു കൃഷ്ണദാസ്, ജിതു തുടങ്ങിയവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്. ജിഎസ്ടി ഇന്റലിജന്റ്സ് ഡെപ്യൂട്ടി ഡയറക്ടർ കൃഷ്ണേന്തു മിന്റുരാജ, അഡീഷണൽ ഡയറക്ടർ നസീർ ഖാൻ എന്നിവരും അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു.
മറുനാടന് മലയാളി ബ്യൂറോ