- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് വൻ കള്ളനോട്ട് വേട്ട; കട്ടപ്പനയിൽ മൂന്നുലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗസംഘം പിടിയിൽ; പിടിയിലായ അന്തർസംസ്ഥാന സംഘത്തിൽ മലയാളിയും; സംഘങ്ങൾ പിടിയിലായത് ഇടപാടിനിടെ
കട്ടപ്പന: മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുമായി അന്തർ സംസ്ഥാന കള്ളനോട്ട് സംഘത്തിലെ മലയാളി ഉൾപ്പെടെ ആറംഗ സംഘത്തെ കമ്പംമെട്ട് പൊലീസും ഇടുക്കി നാർക്കോട്ടിക് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. കുമളി സ്വദേശി സെബാസ്റ്റ്യൻ (42), കോയമ്പത്തൂർ സ്വദേശികളായ മുത്തുവേന്ദ്രൻ (43), ചുരുളി (32), ചിന്നമന്നൂർ സ്വദേശി മഹാരാജൻ (32), കമ്പം സ്വദേശി മണിയപ്പൻ (30), വീരപാണ്ടി സ്വദേശി പാണ്ടി (53), ഉത്തമപാളയം സ്വദേശി സുബയ്യൻ (53) എന്നിവരാണ് കമ്പംമെട്ട് അതിർത്തിയിൽ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 100ന്റെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. കള്ളനോട്ട് കടത്താൻ ഉപയോഗിച്ച സ്കോർപ്പിയോ കാറും ബൈക്കും കസ്റ്റഡിയിലെടുത്തു.
തമിഴ്നാട് കേന്ദ്രീകരിച്ചുള്ള കള്ളനോട്ട് സംഘത്തെക്കുറിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കമ്പംമെട്ട് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ആവശ്യക്കാരെന്ന വ്യാജേന സംഘത്തിലെ ഇടനിലക്കാരുമായി ബന്ധം സ്ഥാപിച്ചു. മൂന്നുലക്ഷം രൂപ നൽകിയാൽ ആറ് ലക്ഷം രൂപയുടെ കള്ളനോട്ട് എത്തിക്കാമെന്ന് ഇവർ അറിയിച്ചു. ഇതനുസരിച്ച് ഇന്നലെ പണം കൈമാറാനെത്തിയപ്പോൾ ആറംഗ സംഘത്തെ വലയിലാക്കുകയായിരുന്നു. എന്നാൽ പണം ഒളിപ്പിച്ച സ്ഥലം മാറ്റിപ്പറഞ്ഞ് പ്രതികൾ പൊലീസിനെ കബളിപ്പിക്കാൻ നീക്കം നടത്തി. സ്കോർപ്പിയോയിൽ കൊണ്ടുവന്ന പൂക്കൾ നിറച്ച പെട്ടിക്കുള്ളിൽ നോട്ടുകൾ സൂക്ഷിച്ചിരിക്കുന്നെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സ്കോർപ്പിയോയുടെ മുകൾവശത്തെ രഹസ്യ അറയിൽ നിന്ന് ഒരു ലക്ഷം രൂപയും പ്രതികളിൽ രണ്ടുപേർ സഞ്ചരിച്ച ബൈക്കിൽ നിന്ന് രണ്ട് ലക്ഷം രൂപയും കണ്ടെത്തുകയായിരുന്നു.
പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇടുക്കി ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി, നാർക്കോട്ടിക് ഡിവൈ.എസ്പി. എ.ജി. ലാൽ, കട്ടപ്പന ഡിവൈ.എസ്പി എൻ.സി. രാജ്മോഹൻ എന്നിവരുടെ നിർദ്ദേശപ്രകാരം കമ്പംമെട്ട് സിഐ. ജി. സുനിൽകുമാർ, ഉദ്യോഗസ്ഥരായ ഹരിദാസ്, ഷിബു മോഹൻ, സജു രാജ്, സുനീഷ്, ബിനുമോൻ, സജികുമാർ, നിതീഷ്, വിനോദ് കുമാർ, ജോഷി, മഹേഷ്, അനൂപ്, ടോം സക്കറിയ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ