- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ ദുരിതം നാട്ടുകാരിലേക്ക് എത്തിത്തുടങ്ങി; സിൽവർലൈൻ സർവേ നമ്പരിൽപെട്ട വീടുകൾക്കു താമസാനുമതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നു; രേഖകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശം നാട്ടുകാരെ വെട്ടിലാക്കുന്നു; ആറ്റുനോറ്റു വെച്ച വീട്ടിൽ അന്തിയുറങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് കുടുംബങ്ങൾ
തൃശൂർ: കെ റെയിൽ പദ്ധതി കടന്നു പോകുന്ന ഇടങ്ങളിൽ നിരവധി വീടുകളാണ് ഒഴിപ്പിക്കേണ്ടി വരുക. ഇതിൽ നിർമ്മാണം പാതിവഴിയിൽ നിർത്തിയ വസതികൾ അടക്കമുണ്ട്. ആറ്റോനോറ്റു കാത്തിരുന്ന് വീടുവെച്ചവരുമുണ്ട്. ഇത്തരക്കാരെ കാത്തിരിക്കുന്നത് നിയമത്തിന്റെ നിരവധി നൂലാമാലകളാണ്. സർക്കാർ തലത്തിലെ നിർദേശത്തെ തുടർന്ന് സിൽവർലൈൻ സർവേ നമ്പരിൽപെട്ട വീടുകൾക്കു താമസാനുമതി സർട്ടിഫിക്കറ്റ് (ഒക്യുപൻസി) നിഷേധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് നൂറ് കണക്കിന് പേരെ സാരമായി തന്നെ ബാധിക്കും. കടം വാങ്ങിയും ലോണെടുത്തും വീടുവെച്ചവർക്ക് സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോയാൽ കേരളത്തിൽ എല്ലാം പിടിവിടുന്ന അവസ്ഥയിലേക്കുമെത്തും.
താമസാനുമതി രേഖകൾ നൽകരുതെന്നാണ് സർക്കാർ നിർദ്ദേശം. ഇതിനകം പൂർത്തിയാക്കിയ വീടുകൾക്കും ഇതു ബാധകമാണ്. നിർമ്മാണം പൂർത്തിയാക്കിയ വീടിനു സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ വീട് സിൽവർലൈൻ കടന്നു പോകുന്ന പ്രദേശത്തല്ലെന്നു വില്ലേജ് ഓഫിസിൽനിന്നു രേഖ ഹാജരാക്കണമെന്നു കോലഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വീട്ടുടമയോട് ആവശ്യപ്പെട്ടു. എന്നാൽ, സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്കും ഇതുവരെ ഒക്യുപൻസി അനുവദിച്ചിട്ടില്ല. ഉടൻ നൽകുമെന്നാണു വിശദീകരണം. ഭാ
ലൈൻ കടന്നു പോകുമെന്നു കരുതുന്ന പ്രദേശങ്ങളെല്ലാം അന്തിമ രൂപരേഖ വരുന്നതുവരെ നിർമ്മാണം മരവിപ്പിച്ചതു പോലെയായി. വീടുനിർമ്മാണത്തിന് അനുമതി നൽകാനും വില്ലേജ് ഓഫിസിൽ നിന്നുള്ള രേഖ വേണ്ടിവരുമെന്നു പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ലൈൻ കടന്നു പോകുന്ന സർവേ നമ്പറിലാണെങ്കിൽ വീടു നിർമ്മാണാനുമതി നൽകില്ല. ഏറ്റെടുക്കുന്ന ഭൂമി ഏതെന്നു പ്രഖ്യാപിക്കാതെ ഭൂമിയിലെ നിർമ്മാണം മരവിപ്പിക്കാറില്ല. ഇതു ചെയ്യേണ്ടതു റവന്യു വകുപ്പാണ്. എന്നാൽ, ഇതൊന്നുമില്ലാതെ തദ്ദേശ വകുപ്പു നേരിട്ടു ഭൂമി മരവിപ്പിക്കുകയാണു ചെയ്തിരിക്കുന്നത്. അതേസമയം, 'മരവിപ്പിക്കൽ' എന്ന് എവിടെയും പറയുന്നുമില്ല.
ഭാവിയിൽ നിരവധി പേരെ ബാധിക്കുന്നതാണ് ഈ തീരുമാനം. അതേസമയം കെ റെയിൽ പദ്ധതിയുടെ ബഫർ സോണും ആയിരങ്ങളെ ബാധിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ബഫർ സോണിൽപെടുന്ന സ്ഥലം കെറെയിൽ ഏറ്റെടുക്കാനോ നഷ്ടപരിഹാരം നൽകാനോ തീരുമാനമില്ല. ബഫർസോണിൽ ഇരുവശത്തും 5 മീറ്റർ കഴിഞ്ഞുള്ള ഭാഗത്തു നിർമ്മാണത്തിന് അനുമതി വാങ്ങണം. 5 മീറ്റർ പരിധിയിൽ കെട്ടിടമുണ്ടെങ്കിൽ പൊളിക്കേണ്ട. എന്നാൽ പുതുക്കിപ്പണിയാൻ കഴിയാത്ത അവസ്ഥ വരികയും ചെയ്യും.
ബഫർ സോൺ കൂടി വരുന്നതോടെ ഭൂ ഉടമകളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി നേരിടേണ്ടി വരും. കെ റെയിൽ പദ്ധതിക്കാതെ ഭൂമി വിട്ടു കൊടുക്കുന്നവർക്ക് നഷ്ടപരിഹാരമെങ്കിലും ലഭിക്കും. എന്നാൽ, കെ റെയിലിന് 20 മീറ്റർ പരിസരത്തുള്ളവർക്കാണ് വലിയ വെല്ലുവിളി. ഇവിടെ ബഫർസോൺ ആകുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വരും. കൂടാതെ ഭൂമിയുടെ വില അടക്കം കുത്തനെ ഇടിയാനും ഇത് ഇടയാക്കുമെന്ന് ഉറപ്പാണ്. ഇതോടെ കെ റെയിലിന്റെ സമൂഹിക ആഘാതം ഏൽക്കേണ്ടി വരിക വലിയൊരു വിഭാഗം ജനങ്ങളാകും എന്ന കാര്യവും ഉറപ്പാണ്.
ആരുടേയെങ്കിലും ഭൂമിയേറ്റെടുക്കേണ്ടതായി വന്നാൽ മുഴുവൻ നഷ്ടപരിഹാരവും നൽകി മാത്രമേ ഭൂമിയേറ്റെടുക്കുമെന്ന് കെ റെയിൽ എംഡി വ്യക്തമാക്കുമ്പോൾ ബഫർ സോണിൽ വരുന്നവരുടെ കാര്യത്തിൽ ആശങ്കകൾ ശക്തമാകുകയാണ്. കല്ലിടലുമായി മുന്നോട്ട് പോകാനാണ് കെ റെയിലിന്റെ തീരുമാനം. കല്ലെടുക്കുന്നിടത്ത് വീണ്ടും കല്ലിടും. തടസങ്ങളുണ്ടായാൽ സാമുഹിക ആഘാത പഠനം വൈകും. പദ്ധതി വൈകും തോറും ഓരോ വർഷവം 3500 കോടി നഷ്ടം വരും. കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയാണിത്. കേന്ദ്ര ധനമന്ത്രി അംഗീകരിച്ചു. ഇപ്പോൾ കല്ലിട്ട അതിരുകൾ പഠനത്തിന് ശേഷം മാറും.
ഡിപിആറിനൊപ്പം ഒരു സാമൂഹിക ആഘാത പഠനം പ്രാഥമിക റിപ്പോർട്ടിൽ വെച്ചിട്ടുണ്ട് പുതിയ റിപ്പോർട്ട് വന്നതിന് ശേഷം ഇതും കൂട്ടി ഡിപിആറിന് ഒപ്പം ചേർക്കും. നഷ്ടപരിഹാരം സംബന്ധിച്ച് ഡിപിആറിൽ വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം പിന്നെ വാങ്ങിയാൽ മതിയാവും. അത് ബോണ്ടായി നൽകും. പിന്നിട് പലിശ സഹിതം പണം നൽകും. സന്നദ്ധരായവർക്കാവും ഈ പാക്കേജ്. - കെ റെയിൽ എം ഡി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ