- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ വിട്ടയച്ചുവെങ്കിലും പിഴയൊടുക്കാൻ മണിച്ചന്റെ കയ്യിൽ പണമില്ല; 25 ലക്ഷം പിഴ അടക്കാനുള്ള സാമ്പത്തിക ശേഷിയും മക്കൾക്കില്ല; സഹോദരന്മാർക്ക് സുപ്രീം കോടതിയിൽ നിന്നും ലഭിച്ച ഇളവിൽ പ്രതീക്ഷ അർപ്പിച്ച് മണിച്ചൻ; പുറത്തിറങ്ങിയാൽ ആറ്റിങ്ങലിലെ ഫ്രൂട്ട് സ്റ്റാളിൽ ഉടമയുടെ റോളിൽ മണിച്ചൻ ഉണ്ടാകും
തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കം സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായില്ല. 25 ലക്ഷത്തിലധികം പിഴ കൂടി അടച്ചാലെ മണിച്ചന് പുറത്തിറങ്ങാൻ കഴിയൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്രയും പണം മോചനത്തിന് കെട്ടിവെയ്ക്കാൻ മണിച്ചന്റെ ബന്ധുക്കളുടെ കയ്യിൽ ഇല്ല. മണിച്ചന്റെ വീട് റവന്യൂ റിക്കവറികളുടെ ഭാഗമായി അടച്ചിട്ടിരിക്കയാണ്. ഭാര്യയും മകനും മകളുടെ വീട്ടിലാണ് താമസം. പരോളിൽ ഇറങ്ങിയ സമയത്ത് തുടങ്ങിയ ചപ്പാത്തി കടയും മീൻ കടയും എല്ലാം പൊളിഞ്ഞു. സാമ്പത്തിക ബാധ്യത കൂടി. ഇപ്പോൾ ആറ്റിങ്ങലിലെ ഫ്രൂട്ട് സ്റ്റാൾ മാത്രമാണുള്ളത്. ജയിൽ മോചിതനായാൽ ഫ്രൂട്ട്സ് കട നന്നായി നടത്തി കൊണ്ടു പോകണമെന്നാണ് മണിച്ചന്റെ ആഗ്രഹം.
സുപ്രീംകോടതി ഇനി കേസ് പരിഗണിക്കുമ്പോൾ പിഴ ശിക്ഷ ഒഴിവാക്കുന്നതാനായി അപേക്ഷിക്കാനാണ് മണിച്ചന്റെ തീരുമാനം. നേരത്തെ മണിച്ചന്റെ സഹോദരങ്ങളെ വിട്ടയച്ചപ്പോഴും പിഴ കോടതി ഒഴിവാക്കി നൽകിയിരുന്നു. മണിച്ചന്റെ ബന്ധുക്കൾ അഭിഭാഷകനെ ബന്ധപ്പെട്ട് കേസ് നേരത്തെ വിളിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സെന്ററൽ ജയിലിലെ മേസ്തിരിയായും നെട്ടുകാൽ ത്തേരി തുറന്ന ജയിലിലെ മികച്ച കർഷകനായും പേരെടുത്ത മണിച്ചന് നിലവിൽ കൃഷിപ്പണിയുടെ മേൽനോട്ട ചുമതലയാണെങ്കിലും ഒന്നിനും വയ്യ.
കാൽമുട്ടിന് തേയ്മാനം ഉണ്ട്- 65 വയസിലെ ആരോഗ്യ പ്രശ്നങ്ങൾ എല്ലാം ഉണ്ട്. അതു കൊണ്ട് തന്നെ വലിയ ഉത്തരവാദിത്വങ്ങൾ ഒന്നും ജയിൽ ഉദ്യോഗസ്ഥരും മണിച്ചനെ ഏൽപ്പിക്കാറില്ല. ഒന്നര വർഷം കോവിഡ് പരോളിൽ പുറത്ത് നിന്നമണിച്ചൻ കഴിഞ്ഞ മാർച്ചിലാണ് ജയിലിൽ തിരിച്ചെത്തിയത്. കോവിഡ് പരോൾ കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ കൂടുതൽഅവശനായിരുന്നു. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ കഴിയുന്ന മണിച്ചൻ വേച്ച് വേച്ചാണ് നടക്കുന്നത്.
പ്രായത്തിന്റെ അവശതകൾക്ക് പുറമെ ആരോഗ്യം കൂടി ക്ഷയിച്ചുവെന്നാണ് സഹതടവുകാരോടു മണിച്ചൻ പറയുന്നത്. കൂടാതെ ജീവിതചര്യ തെറ്റിയതുമൂലം എത്തിയ രോഗങ്ങളും മണിച്ചനെ അവശനാക്കി. രണ്ടു കോവിഡ് സീസണുകളിലായി ഏകദേശം ഒന്നര വർഷം വീട്ടിൽ നിന്നതിന് ശേഷമാണ് മണിച്ചൻ തിരിച്ചെത്തിയത്. നെട്ടുകാൽ ത്തേരി തുറന്ന ജയിലിലെ മികച്ച കർഷക തടവുകാരൻ എന്ന് പേരെടുത്ത മണിച്ചൻ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജയിലിലെ ആറേക്കറോളം കൃഷിയിൽ മണിച്ചൻ പൊന്ന വിളയിച്ച കഥ വാർഡന്മാരും സഹതടവുകാരും സമ്മതിക്കുന്നുണ്ട്.
എന്നാൽ ഇപ്പോഴത്തെ അവശത കഠിനമായ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മണിച്ചന്റെ ആനാരോഗ്യം അഭിനയമാണോ എന്ന സംശയവും ജയിൽ വകുപ്പിന് ഉണ്ട്. മണിച്ചന്റെ രോഗങ്ങൾ സംബന്ധിച്ച് ജയിൽ അധികൃതർ വിശദ പരിശോധന നടത്തിയിട്ടില്ലന്നാണ് വിവരം.തിരുവനന്തപുരം സെന്ററൽ ജയിലിൽ കഴിയവെ നല്ലനടപ്പു പരിഗണിച്ചാണ് മണിച്ചനെ നെട്ടുകാൽ ത്തേരി തുറന്ന ജയിലിലേക്ക് മാറ്റിയത്.
തൊട്ട ബിസിനസെല്ലാം എട്ടു നിലയിൽ പൊട്ടി
മണിച്ചൻ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് ജയിൽ ചപ്പാത്തിയും ചിക്കനും പുറത്തിറക്കി പേരെടുത്തത്. ബജറ്റ് ഫുഡ് എന്ന നിലയിൽ ജയിൽ ഫുഡിന് കിട്ടിയ സ്വീകാര്യത അവരുടെ പ്രതിദിന വിറ്റുവരവ്അര ലക്ഷത്തിന് മേലെ എത്തിച്ചു. ഇത് മനസിലാക്കി പരോൾ കിട്ടി നാട്ടിൽ പോയ ഉടനെ മണിച്ചൻചിക്കനും ചപ്പാത്തിയും പാഴ്സൽ കൗണ്ടർ തുടങ്ങി. ആദ്യം വലിയ വിറ്റ് വരവ് ആയിരുന്നു. മണിച്ചൻ പരോൾ കഴിഞ്ഞ് ജയിലിൽ എത്തിയതോടെ അതും പൊട്ടി. എന്നിട്ടും തളർന്നില്ല അടുത്ത പരോളിൽ ഫ്രൂട്ട് സ്റ്റാളുമായാണ് മണിച്ചൻ രംഗത്ത് എത്തിയത് അതും പച്ച പിടിച്ചു വന്നതാണ്. മണിച്ചൻ ജയിലിൽ തിരിച്ചെത്തിയതോടെ അതും പൊട്ടി. പിന്നീട് ഈയടുത്ത കാലത്തായി ഫ്രഷ് മീൻ ഷോപ്പ് തുടങ്ങി. നല്ല മീൻ ആൾക്കാർക്കിടയിൽ എത്തിക്കാനുള്ള പരീക്ഷണമായിരുന്നു.എന്നാൽ അതിനും താഴ് വീണു. അങ്ങനെ ജയിലിൽ കിടന്ന് തൊട്ട ബിസിനസിലെല്ലാം മണിച്ചന് കൈപൊള്ളി.എന്നിട്ടും പിന്മാറാത്ത മണിച്ചന് ഇപ്പോൾ ചെറിയൊരു ഫ്രൂട്ട്സ് കടയുണ്ട്.
20 വർഷത്തിലധികമായി ജയിലിൽ കഴിയുന്നവരെ വിട്ടയക്കാൻ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മണിച്ചനെയും വിട്ടയക്കാൻ തീരുമാനിച്ചത്. ജയിൽ മോചിതനായ ശേഷം നാല് വർഷം മറ്റൊരു കേസിലും പ്രതിയാകരുത് എന്നാണ് നിബന്ധന. പ്രതിയായാൽ വിട്ടയക്കൽ ഉത്തരവ് റദ്ദാക്കും. 31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചൻ.
2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചന്റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു.
നായനാർ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിഷമദ്യദുരന്തം
ആഭ്യന്തര വകുപ്പും എക്സൈസും പരാജയപ്പെട്ടപ്പോൾ നായനാർ സർക്കാരിനെ പൂർണ്ണമായും പ്രതിക്കൂട്ടിലാക്കിയ സംഭവമായിരുന്നു കല്ലുവാതുക്കൽ വിഷമദ്യദുരന്തം. 31 പേർ മരിച്ച സംഭവത്തിലെ മാസപ്പടി കണക്കുകൾ കൂടി പുറത്ത് വന്നതോടെ രാഷ്ട്രീയ മദ്യ മാഫിയകൾ തമ്മിലെ അഭേദ്യ ബന്ധവും പുറത്തായി. നായനാർ സർക്കാരിന്റെ കാലത്ത് അകത്തായ മണിച്ചൻ പിണറായി സർക്കാരിന്റെ ഭരണത്തിൽ പുറത്തിറങ്ങുകയാണ്. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന അവസാന പ്രതിയാണ് പുറത്തിറങ്ങുന്നത്.
2000 ഒക്ടോബർ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കൊല്ലം കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് മദ്യം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. പലരും കുഴഞ്ഞു വീണു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകൾക്കുള്ളിൽ 31 പേർ മരിച്ചുവെന്ന ദാരുണ വിവരം പുറത്ത് വന്നു. ചിലർക്ക് കാഴ്ച നഷ്ടമായി. വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി. വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ സർക്കാരിനെ പിടിച്ചുലച്ച വൻ വിവാദമായി കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം മാറി.
ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീണ്ടു. ചിറയിൻകീഴ്, വാമനപുരം, വർക്കല റെയ്ഞ്ചുകൾ നിയന്ത്രിച്ചിരുന്ന അബ്കാരി ചന്ദ്രനെന്ന മണിച്ചനും ഭരണകക്ഷി ഉന്നതതരുമായുള്ള ബന്ധം ഓരോന്നായി പുറത്തുവന്നു. കള്ളഷാപ്പിന്റെ മറവിൽ നടന്ന വ്യാജ വാറ്റിനും മദ്യ കച്ചവടത്തിന് രാഷ്ട്രീയ- ഉദ്യോഗസ്ഥ ഒത്താശയുണ്ടായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് ഐജി സിബി മത്യൂസ് കണ്ടെത്തി. അന്വേഷണ സംഘത്തിന്റെ ഓരോ കണ്ടെത്തലും സർക്കാരിന് തിരിച്ചടിയായി. മാസപ്പടി ഡയറി പിടിച്ചു. മണിച്ചൻ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന സ്പരിറ്റ് ശേഖരവും കണ്ടെത്തി. സിപിഎം ജില്ലാ സെക്രട്ടറിയും, എംഎൽഎയും സിപിഐ എംഎൽഎയും ഉൾപ്പെടെ ഉന്നത നിരതന്നെ ഉണ്ടായിരുന്നു മാസപ്പടി ലിസ്റ്റിൽ, മണിച്ചൻ എന്ന അബ്കാരി തഴച്ച് വളർന്നത് സർക്കാർ തണലിലായിരുന്നു എന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞു.
കേസിൽ മണിച്ചൻ ഉൾപ്പെടെ 26 പേർക്കായിരുന്നു ശിക്ഷ. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനെടെ മരിച്ചു. മാസപ്പടി ഡയറിയിലെ ഉന്നതരേയും വിജിലൻസ് കോടതി വെറുതെ വിട്ടു. അന്നുമിന്നും ഇടതു സർക്കാരിനേറ്റ ഏറ്റവും വലിയ കളങ്കമായി കല്ലുവാതുക്കൽ ദുരന്തം. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റിലേക്ക് ഇടതുമുന്നണി ഒതുങ്ങാനിടയായതിന്റെ പ്രധാന കാരണവും മദ്യ ദുരന്തമായിരുന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്