തൃശ്ശൂർ: ഭർതൃവീട്ടിലെ കുളിമുറിയിൽ യുവതി ദൂരുഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവും അമ്മയും അറസ്റ്റിൽ.മുല്ലശേരി നരിയംപുള്ളി ആനേടത്തു സുബ്രഹ്‌മണ്യന്റെയും ശ്രീദേവിയുടെയും മകളായ ശ്രുതിയുടെ മരണത്തിൽ പെരിങ്ങോട്ടുകര കരുവേലി അരുൺ (36), അമ്മ ദ്രൗപതി (62) എന്നിവരെയാണു ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണത്തിന് ഐപിസി 304 (ബി) വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയത്. 7 വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. രണ്ടര വർഷമായി പൊലീസും പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും കേസ് മുന്നോട്ടു നീങ്ങാത്തതിൽ പ്രതിഷേധിച്ചു ശ്രുതിയുടെ വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ക്രൈം ബ്രാഞ്ചിനു കോടതി നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

2020 ജനുവരി 6ന് ആണു സംഭവം.വിവാഹം കഴിഞ്ഞു 14ാം ദിവസമാണ് നവവധുവിനെ ഭർതൃവീട്ടിലെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചെന്നായിരുന്നു ഭർതൃവീട്ടുകാരുടെ വാദം. എന്നാൽ, സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടു ശ്രുതിയെ അരുൺ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം.

ഇതെ തുടർന്ന് ശ്രുതിയുടെ മരണം കൊലപാതകമാണെന്നും കാട്ടി ശ്രുതിയുടെ വീട്ടുകാർ പരാതി നൽകിയതോടെയാണ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണു ശ്രുതിയുടെ മരണമെന്നു കണ്ടെത്തിയതു നിർണായകമായി.