തിരുവനന്തപുരം: അമർ അക്‌ബർ അന്തോണി എന്ന മലയാള ചലച്ചിത്രത്തിൽ രമേശ് പിഷാറടി അവതരിപ്പിച്ച ഉണ്ണി എന്ന കഥാപത്രം ഏറെ ചിരി പടർത്തിയിരുന്നു. നാട്ടിൽ എല്ലാവരും മാതൃകാ പുരുഷനായി കാണുന്ന നല്ലവനായ ഉണ്ണി ടെറസിൽ കഞ്ചാവ് കൃഷി നടത്തിയതിന് അറസ്റ്റിലായപ്പോൾ എല്ലാവരും ഞെട്ടി. ഇത്തരം വ്യക്തികൾ നമ്മുടെ സമൂഹത്തിലുണ്ടാകുമെന്നതിന് ഉദാഹരണങ്ങളായി ഈ സിനിമ പുറത്ത് വന്നതിന് ശേഷം നിരവധി സംഭവങ്ങളാണ് ഉണ്ടായത്. നിരവധി കേസുകളാണു സിനിമയ്ക്ക് സമാനമായി യഥാർഥത്തിൽ സംഭവിച്ചത്. സമാനമായ രീതിയിൽ തിരുവനന്തപുരം നെടുമങ്ങാട് വലിയമലയിൽ യുവാവും ഭാര്യയും പിടിയിലായിരിക്കുകയാണ്.

വീട്ടുവളപ്പിലും ടെറസിലും ചീരക്കൃഷിയുടെ മറവിൽ കഞ്ചാവ് കൃഷി ചെയ്യുകയും വീടിനുള്ളിൽ വ്യാജമദ്യം നിർമ്മിക്കുകയും ചെയ്തതിനാണ് രണ്ട് പേർ അറസ്റ്റിലായത്. മന്നൂർക്കോണം ആർച്ച് ജംക്ഷനിൽ എസ്എസ് ഹൗസിൽ ഷംനാദ് (34), പ്രിയ എന്ന ഫാത്തിമ (28) എന്നിവരെയാണ് വലിയമല എസ്ഐ വി.അജേഷും സംഘവും അറസ്റ്റ് ചെയ്തത്. 26 കഞ്ചാവു ചെടികളും വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 20 ലീറ്ററോളം വരുന്ന വ്യാജമദ്യ നിർമ്മാണത്തിനുള്ള വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കുകയായിരുന്നു.

ഷംനാദ് വീട്ടിൽ കഞ്ചാവ് കൃഷിയും വ്യാജ മദ്യ നിർമ്മാണവും നടത്തിവരുന്നതായി പൊലീസിന് കുറച്ച് നാൾ മുൻപ് വിവരം ലഭിക്കുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വലിയമല എസ്ഐ അജേഷിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം അന്വേഷണം നടത്തിയത്. ഷംനാദും ഒപ്പമുള്ള സ്ത്രീയും ചേർന്നാണ് കൃഷിക്ക് ഇടയിൽ കഞ്ചാവ് തൈകൾ നട്ടത്. വീടിന്റെ ചുറ്റും ടെറസിലുമായിട്ടാണ് ഇവർ കൃഷി നടത്തിയിരുന്നത്. ടെറസിൽ ഷംനാദിന്റെ ഭാര്യ സ്ഥിരമായി കൃഷി പണിയുടെ പേരിൽ വെള്ളമഴിക്കുന്നതും ചാണകവും മറ്റ് വളവും ഉപയോഗിക്കുന്നതും കാണാറുണ്ടെന്നും അയൽവാസികൾ പറഞ്ഞതായും പൊലീസ് പറയുന്നു.

ഗൾഫിൽ ജോലി ചെയ്തിരുന്ന ഷംനാദ് രണ്ട് വർഷങ്ങൾക്ക് മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്.വിദേശത്ത് കാർ മെക്കാനിക്കായിട്ടാണ് ഇയാൾ ജോലി ചെയ്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മുൻപ് ചെയ്തിരുന്ന ജോലിയെപ്പറ്റി ഇയാൾ പറയുന്ന കാര്യങ്ങൾ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.ഇയാളുടെ ഒപ്പമുള്ള ഫാത്തിമ എന്ന സ്ത്രീ ഇയാളുടെ സ്വന്തം ഭാര്യയുമല്ല. കൊ്ലലം കാവനാട് സ്വദേശിനിയായ യുവതി മൂന്ന് കുട്ടികളുടെ അമ്മയുമാണ്. തന്റെ കുട്ടികളേയും ഭർത്താവിനേയും ഉപേക്ഷിച്ചാണ് സ്ത്രീ ഷംനാദിന്റെയൊപ്പം വന്നത്.

മൊബൈൽ ഫോണിൽ നമ്പർ മാറിയുള്ള ഒരു മിസ്‌കോളിലാണ് ഇവർ തമ്മിൽ പരിചയപ്പെട്ടത്. പിന്നീട് ഇവരുടെ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയും കുട്ടികളെ ഉപേക്ഷിച്ച് ഷംനാദിന്റെ ഒപ്പം പോരുകയുമായിരുന്നു.ഷംനാദും ഉമ്മയും താമസിച്ചിരുന്ന വീട്ടിലേക്കാണ് ഇയാൾ പ്രിയ എന്ന ഫാത്തിമയെ കൊണ്ട് വന്നത്. രണ്ട് മാസങ്ങൾക്ക് മുൻപ് ഇയാളുടെ അമ്മ വീട്ടിൽ നിന്നും മാറി മറ്റൊരു മകന്റെ അടുത്തേക്ക് പോവുകയായിരുന്നു. ചീരയും മറ്റ് തൈകളും ജൈവ രീതിയിൽ കഡൃഷി ചെയ്യുന്നു എന്നാണ് ഷംനാദ് പുറമേയുള്ളവരോട് പറഞ്ഞിരുന്നത്. ആദ്യമൊക്കെ എല്ലാവരും ഈ കഥ വിശ്വസിക്കുയും ചെയ്തിരുന്നു. പിന്നീട് വീട്ടിൽ മദ്യത്തിന്റെ വിൽപ്പന കൂടി തുടങ്ങിയതോടെയാണ് ആളുകൾക്ക് സംശയമുണ്ടായി തുടങ്ങിയത്.

ഷംനാദ് ആയിരുന്നു പ്രാദേശിക പ്രദേശങ്ങളിൽ യുവാക്കൾക്കും മറ്റും കഞ്ചാവ് വിതരണം നടത്തിയിരുന്നത്. ഇതിനെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഷംനാദിന്റെ വീട്ടിൽ നിന്നും പൊലീസ് കഞ്ചാവിന് പുറമേ വ്യാജമദ്യവും ഇത് നിർമ്മിക്കുന്നതിനുള്ള ചില സാമഗിരികളും കണ്ടെത്തിയത്. മദ്യം വാങ്ങുന്നതിനായി നിരവധി ആളുകൾ ഷംനാദിന്റെ വീട്ടിലേക്ക് എത്തി ചതുടങ്ങുകയും മദ്യവുമായി പരിചയമില്ലാത്ത ചിലർ പോലും വീടിനും പരിസരത്തും കാണപ്പെടുകയും ചെയ്തതോടെയാണ് അയൽവാസികൾ പോലും കാര്യം ശ്രദ്ധിക്കപ്പെട്ടത്.

ഇയാൾക്ക് കഞ്ചാവ് തൈകൾ എത്തിക്കുന്നത് എവിടെ നിന്നാണെന്നതു സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറയുന്നു.ഇയാളുടെ സഹോദരൻ ഷെഫീക്കിനെതിരെയും നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറയുന്നു.അഡീഷനൽ എസ്ഐ എം.ആർ.ഗോപകുമാർ, എഎസ്ഐമാരയ സെൽവരാജ്, ജോയി, എസ്സിപിഒ ഗോപകുമാർ, സിപിഒമാരായ പ്രശാന്തകുമാർ, അനൂപ്, ജസ്നാദ്, സർജു, അഖിൽ, ദീപു, ഡബ്യുസിപിഒ ബീന എന്നവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.