- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാരിയും മകളും വീട്ടിൽ പൊള്ളലേറ്റ് മരിച്ച സംഭവം; ഒളിവിൽ പോയ ഭർത്താവ് വിനീത് അറസ്റ്റിൽ; വിവാഹം കഴിഞ്ഞ് ആറുവർഷമായിട്ടും വിനീത് പലതവണ പണം ചോദിച്ച് തന്നെ സമീപിച്ചിരുന്നതായി മരിച്ച ശ്യാമയുടെ പിതാവ്
പത്തനംതിട്ട: പത്തനംതിട്ടയിൽ ഭിന്നശേഷിക്കാരിയായ യുവതിയും മകളും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പത്തനംതിട്ട ഇടയാറന്മുള സ്വദേശി വിനീതിനെയാണ് പൊലീസ് പിടികൂടിയത്. വിനിതീന്റെ ഭാര്യ ശ്യാമ, മകൾ ആദിശ്രീ(മൂന്ന്) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി. യുവതി പൊള്ളലേറ്റ് മരിച്ചതിന് പിന്നിൽ ഭർത്താവിന്റെ പീഡനം ആണെന്ന ആക്ഷേപം ഉയർന്നിരുന്നു. സ്ത്രീധനം ചോദിച്ചു പീഡിപ്പിച്ചെന്നാണ് ഉയർന്ന ആക്ഷേപം.
മെയ് ആറാം തീയതിയാണ് ശ്യാമയെയും മകളെയും വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ചികിത്സയിലിരിക്കെ മെയ് 12-ാം തീയതി മകളും 13-ാം തീയതി ശ്യാമയും മരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ശ്യാമയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹം കഴിഞ്ഞ് ആറുവർഷമായിട്ടും വിനീത് പലതവണ പണം ചോദിച്ച് തന്നെ സമീപിച്ചിരുന്നതായും ശ്യാമയുടെ പിതാവ് ആരോപിച്ചിരുന്നു.
അതേസമയം, പൊലീസിൽ പരാതി എത്തിയതിന് പിന്നാലെ വിനീതും മാതാപിതാക്കളും ഒളിവിൽപ്പോയി. ആന്ധ്രയിലും തമിഴ്നാട്ടിലും അടക്കം ഇവർ ഒളിവിൽ കഴിഞ്ഞിരുന്നതായാണ് വിവരം. തുടർന്ന് വിനീത് നാട്ടിലെത്തിയെന്ന വിവരം ലഭിച്ചതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് വിനീതിനെതിരേ ചുമത്തിയിരിക്കുന്നത്. കേസിൽ വിനിതീന്റെ മാതാപിതാക്കളും പ്രതികളാണ്. ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ