കോതമംഗലം: വച്ചുണ്ടാക്കുന്ന ഭക്ഷണം കൊടുക്കില്ല, ബാത്ത്‌റൂം ഉപയോഗിക്കാൻ അനുവദിക്കില്ല, മദ്യപിച്ചെത്തിയാൽ പൊതിരെ തല്ലും. രോഗിയായ മകൾ രാജി ഭർത്തൃഗ്രഹത്തിൽ സഹിച്ച പെടാപ്പാടുകളെക്കുറിച്ച് അമ്മ രാധയുടെ വാക്കുകൾ ഇങ്ങിനെ.. ഭക്ഷണവും മരുന്നും നൽകാതെ ഭർത്താവ് മോഹനൻ മുറിയിൽ പൂട്ടിയിട്ടിരുന്ന മാനസീക രോഗിയായ മകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് പൊലീസിന്റൈയും നാട്ടുകാരുടെയും തക്കസമയത്തുള്ള ഇടപെടൽ കൊണ്ടാണെന്നാണ് ഈ വയോധിക മാതാവിന്റെ പക്ഷം.

മുടക്കുഴ പഞ്ചായത്ത് ഏഴാം വാർഡ് തുരുത്തി മന്നയത്തുകുടി വീട്ടിൽ മോഹനന്റെ ഭാര്യ രാജി(45)ആണ് ഭർത്താവിൽനിന്നോ മക്കളിൽ നിന്നോ പരിചരണം ലഭിക്കാതെ വീട്ടിലെ മുറിക്കുള്ളിൽ നരകിച്ച് കഴിഞ്ഞിരുന്നത്. ഇന്നലെ രാവിലെ പൂട്ടികിടന്ന വീട്ടിലെ ശുചിമുറിയിൽ അവശനിലയിൽ വീണുകിടന്നിരുന്ന രാജിയെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നുദിവസത്തിലേറെയായി വീട് പൂട്ടികിടക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

രാജിയുടെ വിവരമറിയിക്കാൻ ഫോണിൽ ബന്ധപെട്ടപ്പോൾ മോഹനൻ തങ്ങളോട് മോശമായി സംസാരിച്ചെന്നും പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നെന്നുമാണ് നാട്ടുകാർ നൽകുന്ന വിവരം. ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വർഗീസ്, വാർഡ് മെമ്പർ ബിബിൻ പുനത്തിൽ, ബൈജുതോമസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ പൊലീസ്് വീട് തുറന്ന് രാജിയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. ഹൃദ്‌രോഗ വിദഗ്ധന്റെ ചികിത്സ ലഭ്യിമാക്കുന്നതാനായി രാജിയെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോൾ.

തൃശ്ശൂർ എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ഹിന്ദി അദ്ധ്യാപികയായിരുന്ന രാജിക്ക് രണ്ടുവർഷം മുമ്പാണ് മാനസീക അസ്വസ്ഥതകൾ ആരംഭിക്കുന്നത് തുടർന്ന് ജോലിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. ഷുഗർ രോഗികൂടിയായ രാജിയുടെ വലത് കാൽപാദം അസുഖകകത്തെതൂടർന്ന് മുറിച്ചുമാറ്റിയിരുന്നു.പിന്നീട് മുറിവ് ഉണങ്ങുവരെ വീട്ടിൽ നിർത്തി സംരക്ഷിച്ച ശേഷമാണ് രാധ രാജിയെ ഭർത്തൃഗ്രഹത്തിലേക്ക് കൊണ്ടുവിട്ടത്.

ആദ്യകാലങ്ങളിൽ പെരുമ്പാവൂരിലെ സ്വകാര്യ മാനസീക ചികത്സ കന്ദ്രത്തിൽ നിന്നും നൽകിയിരുന്ന മരുന്ന് കഴിച്ചിരുന്നെങ്കിലും ഭർത്താവും മക്കളും തിരിഞ്ഞുനോക്കാതായതോടെ അതും നിലച്ചു. രാജിയുടെ ഭർത്താവ് മോഹനും മകൾ ദിവ്യയും സർക്കാർ ജീവരക്കാരും ഇളയ മകൻ അഭിജിത്ത് ഡിഗ്രി വിദ്യാർത്ഥിയുമാണ്. ദിവ്യ വിവാഹശേഷം ഭർത്താവിന്റെ വീട്ടിലാണ് താമസം. മോഹനും മകൻ അഭിജിത്തുമാണ് രാജിക്കൊപ്പം താമസിക്കുന്നത്. മനുഷ്യത്വപരമായ ഒരുപരിഗണനയും ഇവർ രാജിക്ക് നൽകിയിരുന്നില്ലെന്നും ഇതാണ് രാജിയുടെ ഇന്നത്തെ ദുഃസ്ഥിക്ക് കാരണമെന്നും രാധ ആരോപിച്ചു.

മകളെ കാണുവാൻപോലും തന്നെ മോഹനനും മകനും അനുവജിച്ചിരുന്നില്ലന്നും. മകൾക്ക് പരിചരണം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി താൻ കുറുപ്പം പടി പൊലീസിൽ പരാതി നൽകിയിരുന്നതായും രാധ വെളിപ്പെടുത്തി. സർക്കാർ ജീവനക്കാരിയായിരുന്നെങ്കിലും രാജിയുടെ കൈവശം ഒരുരൂപ പോലും സമ്പാദ്യം മില്ലന്നും തുടർചികിത്സക്കുള്ള പണം കണ്ടെത്താനാകാതെ താൻ പെടാപ്പാടുപെടുകയാണെന്നും 71-കാരിയായ രാധ തുടർന്നുപറഞ്ഞു.കൃിവകുപ്പിൽ നിന്നും പെൻഷൻ പറ്റിയ തനിക്ക് കിട്ടുന്ന പെൻഷൻ തുകൊണ്ട് അപകടത്തെ തുടർന്ന് രോഗീയായ മകന്റെ ചികത്സ കാര്യങ്ങൾകൂടി നോക്കേണ്ട ഗതികേടിലാണ് താനെന്നും ഈ അവസ്ഥയിൽ നിന്നും താനും മക്കളും കരകയറണമെങ്കിൽ സുമനസുകൾ കനിണമെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും രാധ പറഞ്ഞു.