സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ഓടപ്പള്ളത്ത് ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. സംഭവത്തിൽ ഭർത്താവ് ഉണ്ണികൃഷ്ണനെ സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാക്കാട്ട് ഷിനിയാണ് (42) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കു ശേഷം 2.30ഓടെയാണ് സംഭവം.

ശരീരത്തിൽ തീപടർന്ന അവസ്ഥയിൽ വീടിനു പുറത്തേക്കോടിയിറങ്ങിയ ഷിനിയെ സമീപത്തെ റോഡിലൂടെ പോകുകയായിരുന്ന കാൽനട യാത്രക്കാരനാണ് കണ്ടത്.

ഉടൻ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പൊള്ളലേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ച നാലോടെയാണ് മരിച്ചത്.

അപകടസമയം ഭർത്താവ് ഉണ്ണികൃഷ്ണനും ഇളയ മകനും വീട്ടിലുണ്ടായിരുന്നു. ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്നാണ് ഷിനി മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു. മക്കൾ: അമൽകൃഷ്ണ, അതുൽകൃഷ്ണ.