ചടയമംഗലം: ഭാര്യയെ കഴുത്തിൽ തോർത്തുമുറുക്കി കൊലപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കാൻ ദൃശ്യം സിനിമാസ്റ്റൈലിൽ ഒരുക്കങ്ങൾ നടത്തുകയും ചെയ്ത് എല്ലാവരെയും കബളിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിലായത് നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതിയെ തുടർന്ന്. ചടയമംഗലം അക്കോണം കുന്നുവിള വീട്ടിൽ ഹലിമ ബീവിയെ (37) കൊന്ന കേസിലാണ് ഭർത്താവ് അഷ്‌റഫ് എന്ന മമ്മൂട്ടി-45 പൊലീസിന്റെ കണ്ണിൽ പൊടിയിടാൻ തന്ത്രങ്ങൾ ആവിഷ്‌കരിച്ചത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിലെത്തിയ അഷറഫ് ഭാര്യയുമായി വഴക്കിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. വഴക്കു മൂത്തതോടെ കയ്യിൽകിട്ടിയ തോർത്തുമായി ഭാര്യക്കുനേരെ കുതിച്ച അഷ്‌റഫ് അപകടം മണക്കുംമുമ്പുതന്നെ ഹലീമയുടെ കഴുത്തിൽ തോർത്തിട്ടു മുറുക്കുകയായിരുന്നു. കൈകാലിട്ടടിച്ച ഭാര്യയുടെ ശ്വാസം നിലയ്ക്കുംവരെ കഴുത്തിലെ പിടി അയച്ചില്ല. എല്ലാം മുൻകൂട്ടി നിശ്ചയിച്ചപോലെയായിരുന്നു പിന്നീട് അഷറഫിന്റെ പെരുമാറ്റം. ഭാര്യ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പിന്നീടെല്ലാം വളരെ പഌൻചെയതതുപോലെയായിരുന്നു അഷ്‌റഫിന്റെ നീക്കങ്ങൾ.

തറ തുടച്ച് വൃത്തിയാക്കി. തോർത്ത് മുറുകിയ കഴുത്ത് തിരുമ്മി പാടുകൾ മാറ്റി, ശ്വാസംകിട്ടാതെ പിടഞ്ഞ് പുറത്തേക്കുന്തിയ കണ്ണുകൾ തിരുമ്മി അടച്ചു. ഭാര്യയുടെ ദേഹത്ത് വെള്ളമൊഴിച്ച് തോർത്തി, വസ്ത്രംമാറ്റി, പൗഡറും ഇട്ടുകൊടുത്തു. മുറിയിൽ സ്ഥാനംതെറ്റിക്കിടന്നതെല്ലാം പഴയപടിയാക്കി. ഭാര്യയെ കട്ടിലിൽ കിടത്തി. കുളികഴിഞ്ഞ് ഉറങ്ങാൻ കിടന്നതുപോലെ രംഗം സജ്ജികരിച്ചശേഷം അഷ്‌റഫ് പള്ളിയിലേക്ക് വച്ചുപിടിച്ചു.

ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രമായ ജോർജുകുട്ടി മകൾ നടത്തിയ കൊലപാതകം മറച്ചുവയ്ക്കാൻ പള്ളിയിലേക്ക് ധ്യാനത്തിനു പോയതായി തെളിവുണ്ടാക്കിയതുപോലെയായിരുന്നു പിന്നീടുള്ള ഓരോ നീക്കങ്ങളും. അഷ്‌റഫ് കൊലപാതകം നടത്തിയ ശേഷം ഉച്ചക്ക് അരക്കോണത്തെ പള്ളിയിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് വച്ചുപിടിച്ചു. ഏറെക്കാലമായി നിസ്‌ക്കാരത്തിനൊന്നും വരാത്ത അഷറഫ് പള്ളിയിൽ എത്തിയതുകണ്ട് പലരും അത്ഭുതപ്പെട്ടു. താൻ ധ്യാനത്തിനു പോയി എന്നു മോഹൻലാലിന്റെ കഥാപാത്രമായ ജോർജുകുട്ടി മറ്റുള്ളവരെ കൊണ്ടു പറയിച്ചതുപോലെ ഇവിടെ താൻ പള്ളിയിലുണ്ടായിരുന്നു എന്ന് ബോധ്യപ്പെടുത്താൻ പലരോടും സംസാരിച്ചു. അപ്പോൾ ആർക്കും ഇതിൽ അസ്വാഭാവികത തോന്നിയില്ല. പള്ളിയിൽ നിന്ന് തിരികെ വീട്ടിലേക്ക് പോകുമ്പോഴും പരിചയക്കാരോടെല്ലാം കുശലം ചോദിച്ചുകൊണ്ടായിരുന്നു യാത്ര.

വീട്ടിലെത്തിയ അഷറഫ് നാടകത്തിലെ അടുത്ത രംഗത്തിലേക്ക് കടന്നു. നേരെ അയൽവീട്ടിലേക്ക് ചെന്ന് അവിടത്തെ വീട്ടമ്മയോട് തന്റെ ഭാര്യക്ക് എന്തോ പറ്റിയെന്നും വിളിച്ചിട്ട് വിളികേൾക്കുന്നില്ലെന്നും പരിഭ്രമത്തോടെ പറഞ്ഞു. അയൽക്കാരെല്ലാം ഓടിയെത്തി ഹലിമബീവിയെ വിളിക്കാൻ ശ്രമിച്ചു. അനക്കമില്ലത്തതിനാൽ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. അവിടെയെത്തിയപ്പോൾ മരണം സ്ഥിരീകരിച്ചു. ഇതുകേട്ടപാടെ വാവിട്ടു നിലവിളിച്ച് അഷ്‌റഫ് ഉത്തമ ഭർത്താവായി അഭിനയം തുടർന്നു. കൂടെയുണ്ടായിരുന്നവർ ആശ്വസിപ്പിക്കുകയും പിന്നീട് വർക്കലയിലുള്ള ഹാലിമയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു.

പക്ഷേ, വീട്ടിൽ എന്നും വഴക്കും വക്കാണവുമായിരുന്നെന്ന് അറിയാമായിരുന്ന ബന്ധുക്കൾക്കും അയൽപക്കത്തെ ചിലർക്കും ഹാലിമയുടെ മരണത്തിൽ സംശയമുണ്ടായി. ബന്ധുക്കൾ മരണവിവരം അറിഞ്ഞ ഉടൻ അവിടേക്ക് പുറപ്പെടുംമുമ്പേ പൊലീസിനെ വിവരമറിയിച്ചു. ഭർത്താവിനെ തങ്ങൾക്ക് സംശയമുണ്ടെന്നും തങ്ങൾ വരുംമുമ്പ് രക്ഷപ്പെടാതെ നോക്കണമെന്നും അവർ പറഞ്ഞതോടെ പൊലീസ് ഇടപെടുകയായിരുന്നു.

അഷ്‌റഫിനെ വീട്ടിൽ നിരീക്ഷണ വലയത്തിലാക്കി പൊലീസ് ഹലീമയുടെ ബന്ധുക്കളെത്താൻ കാത്തുനിന്നു. മരണസമയത്ത് താൻ പള്ളിയിലായിരുന്നുവെന്ന വാദമെല്ലാം അഷ്‌റഫിന്റെ അസ്വാഭാവിക പെരുമാറ്റത്തെപ്പറ്റി പലരും പറഞ്ഞതോടെ പൊളിഞ്ഞുവീണു. ഹലിമബീവിയുടെ ബന്ധുക്കൾ എത്തിയതോടെ കഥ മാറി. അവർ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കുന്ന അഷറഫിനെക്കുറിച്ച് എല്ലാം വിളിച്ചുപറഞ്ഞു. ഇതോടെ പൊലീസ് അഷറഫിനെ കസ്റ്റഡിയിലെടുത്തശേഷം ഹലിമബീവിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജിൽ പോസ്റ്റ് മോർട്ടത്തിനയച്ചു. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായതോടെ പൊലീസ് അഷറഫിനെ ചോദ്യം ചെയ്യാൻ തുടങ്ങി. താൻ നശിപ്പിച്ച തെളിവുകളും സൃഷ്ടിച്ച തെളിവുകളും അഷ്‌റഫിന്റെ എല്ലാം പൊളിഞ്ഞതോടെ അഷ്‌റഫ് പൊലീസിനോട് നടന്ന കാര്യങ്ങൾ തുറന്ന് പറഞ്ഞു.

ഇതിനുപുറമെ ഹാലിമാ ബീവിയുടെ ഡയറിയും പൊലീസ് പരിശോധിച്ചുവരികയാണ്. പതിനഞ്ച് വർഷമായുള്ള തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് എല്ലാ സംഭവങ്ങളും ഇതിലുണ്ടെന്ന് പൊലീസ് പറയുന്നു. പുനലൂർ ഡിവൈ. എസ്. പി ഷാനവാസ്, കടയ്ക്കൽ സി. ഐ എസ്. സാനി, ചടയമംഗലം എസ്. ഐ സജു. പി. ദാസ് , അഡീഷണൽ എസ്. ഐ ശ്രീകുമാർഎന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. അമ്മയെ നഷ്ടപ്പെടുകയും അച്ഛൻ അകത്താകുകയും ചെയ്തതോടെ സ്‌കൂൾവിദ്യാർത്ഥികളായ ഇവരുടെ രണ്ടുമക്കളുടേയും കണ്ണീരും നാട്ടുകാരുടേയും ബന്ധുക്കളുടേയും വേദനയായി മാറി.

വീട്ടിൽ മാത്രമല്ല നാട്ടിലും വഴക്കാളിയായിരുന്ന അഷ്‌റഫിന്റെ ക്രൂരതയും തട്ടിപ്പും അറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് നാട്ടുകാർ. പന്ത്രണ്ട് വർഷം മുമ്പ് നടത്തിയിരുന്ന ഒരു കടയിൽ നിന്ന് കെട്ടിട ഉടമ ഇറക്കിവിട്ടത് പൊലീസിന്റെ സഹായത്തോടെയാണ്. അതിനുശേഷം റോഡരുകിൽ കടയിട്ടു. റോഡ് വികസനം വന്നപ്പോൾ നാട്ടുകാരുമായി തർക്കത്തിലായി . ആർ. ഡി. ഒവരെ എത്തിയാണ് അന്നത്തെ പ്രശ്‌നം പരിഹരിച്ചത്. ഭാര്യയുമായി നിരന്തരം വഴക്കിടുന്നത് അഷറഫിന്റെ ശീലമായിരുന്നു.