ഹരിദ്വാർ: മഹിമയുടെ അവസാന ചിത്രമാണിത്. മരണത്തിലേയ്ക്ക് മുങ്ങുംമുമ്പ് ഭർത്താവെന്ന കുടിലബുദ്ധി എടുത്ത ചിത്രം. കാമുകിയെ സ്വന്തമാക്കാൻ വേണ്ടി തീർത്ഥയാത്ര പ്‌ളാൻ ചെയ്ത് ഭാര്യയെ കൊന്നു. ഒപ്പമിരുത്തി ചിത്രം എടുത്ത ശേഷം ഭാര്യയെ ഗംഗാ നദിയിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന സംഭവം

ഹരിയാനയിലെ ഭിവാനിക്കടുത്തുള്ള ജീന്ത് സ്വദേശിയായ സച്ചിനാണു ഭാര്യ മഹിമയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഒപ്പം ജോലി ചെയ്യുന്ന റീതു എന്ന പെൺകുട്ടിയുമായി സച്ചിൻ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഇരുവരും തമ്മിലുള്ള വിവാഹം നടന്നില്ല. പിന്നീട് മഹിമയെ വിവാഹം കഴിച്ചങ്കിലും ഇയാൾ റീതുവുമായുള്ള ബന്ധം തുടർന്നിരുന്നു. ഇതു മനസ്സിലായതോടെ ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണു. വീട്ടുകാർ ഇടപെട്ടെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടില്ല. അവസാനം പിരിയാൻ നിർബ്ബന്ധമായി.

വിവാഹ ബന്ധം ഒഴിവാക്കാൻ ഇയാൾ മഹിമയുടെ വീട്ടുകാരോടു 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. അയാൾ നല്കിയ സ്വർണ്ണാഭരങ്ങളുടെ വിലയാണെന്നും അയാൾ അവകാശപ്പെട്ടു. അതു നൽകില്ല എന്ന് അയാൾ കരുതി എങ്കിലും ആവശ്യപ്പെട്ടതിന്റെ പകുതി തുകയായ 7.5 ലക്ഷം രൂപ മഹിമയുടെ വീട്ടുകാർ സച്ചിനു നൽകി. ബാക്കി തുക മൂന്നുമാസത്തിനു ശേഷം നൽകാമെന്ന് വാക്കു നൽകുകയും ചെയ്തു.

എന്നാൽ പണം നല്കാൻ ഇവർക്കു കഴിഞ്ഞില്ല. കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ പോകുന്നില്ല എന്നു മനസിലാക്കിയ റീതുവും സച്ചിനും ചേർന്നു പുതിയ പദ്ധതി തയാറാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മഹിമയുമൊത്തു പുണ്യസ്ഥലമായ ഹരിദ്വാറിലേയ്ക്കു സച്ചിൻ ഒരു യാത്ര പ്ലാൻ ചെയ്തു. ഗംഗാദർശനത്തിനു കൊണ്ടു പോകുകയും ചെയ്തു.

ഗംഗയുടെ തീരത്തുള്ള ഒരു പാലത്തിന്റെ കൈവരിയിൽ ഇരുത്തി ഇരുവരും ഫോട്ടോകൾ എടുക്കുകയും ചെയ്തു. മൊബൈൽ പലരുടേയും കൈയിൽ കൊടുത്ത് ഇരുവരുടെയും ചിത്രങ്ങൾ എടുപ്പിക്കുകയും ചെയ്തു. അതോടെ രാത്രിയായി. ആളില്ലാത്ത തക്കം നോക്കി സച്ചിൻ മഹിമയെ ഗംഗയിൽ തള്ളിയിടുകയായിരുന്നു. ഇയാൾ തന്നെയാണു വീട്ടുകാരെ വിളിച്ചു മഹിമ ഗംഗയിൽ വീണു പോയി എന്ന വിവരം പറയുന്നത്. മുങ്ങൽ വിദ്ധഗ്ദരും നാട്ടുകാരും അടങ്ങുന്ന 150 പേരുടെ സംഘം തിരച്ചിൽ നടത്തിട്ടും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്നുള്ള അന്വേഷണത്തിലാണ് ഈ കഥ പുറത്താവുന്നത്. ഹരിദ്വാറിൽ എത്തിയ ശേഷവും സച്ചിനും റീതുവുമായി ദീർഘനേരം സംസാരിച്ചതായി പൊലീസ് കണ്ടത്തി. തുടർന്നുള്ള വിവരങ്ങളും അറിഞ്ഞതോടെ സംഘം സച്ചിനെയും റീതുവിനേയും അറസ്റ്റ് ചെയ്തു. റീതുവിനൊപ്പം ജീവിക്കാൻ വേണ്ടിയാണു മഹിമയെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയത് എന്നു സച്ചിൻ പൊലീസിനു മൊഴി നൽകി.