വാഴക്കുളം: ഗൾഫിലെ സ്വന്തം സമ്പാദ്യം കൊണ്ടു വാങ്ങിയ ഭൂമി ഭാര്യ സ്വന്തമാക്കിയതിൽ ശക്തമായിരുന്ന രോഷം കോടതി വിധികൂടി വന്നതോടെ ഇരട്ടിച്ചു. വീട്ടിലെത്തിയാൽ കൊല്ലാനുറപ്പിച്ച് കരുക്കൾ നീക്കി. ഭാര്യയും ഇവരുടെ സഹോദരനും ബൈക്കിൽ വീട്ടിലെത്തിയതറിഞ്ഞ് പിൻതുടർന്നു. വീട്ടുമുറ്റത്തെത്തിയപ്പോൾ വാക്കത്തി കൈയിൽക്കിട്ടി. ഇടതുകഴുത്തിൽ ആഞ്ഞുവെട്ടി. രക്തം ചീറ്റി നിലം പതിച്ച് ഭാര്യ മരണവെപ്രാളത്തിൽ പിടഞ്ഞപ്പോൾ ഭർത്താവ് ജിജി ബൈക്കിൽ രക്ഷപെട്ടു.

കല്ലൂർക്കാട് തട്ടാറുകുന്നേൽ റ്റുമി ജോർജ് (46) കാവന ഗവ.എൽ.പി. സ്‌കൂളിനു സമീപത്ത് സ്വന്തം പേരിലുള്ള വീടിന്റെ മുറ്റത്ത് വെട്ടേറ്റു മരിച്ച സംഭവത്തിൽ ഇതുവരെയുള്ള അന്വേഷണത്തിൽ പൊലീസിന് വ്യക്തമായ വസ്തുതകൾ ഇങ്ങനെ. ഇന്ന് രാവിലെയാണ് വാഴക്കുളം പൊലീസ് ഇൻക്വസ്റ്റ് നപടികൾ ആരംഭിച്ചത്. മൂവാറ്റുപുഴ സിഐ ജയകുമാർ, വാഴക്കുളം എസ് ഐ ഹരി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. സയന്റിഫിക്ക് -ഫിങ്കർ പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. നാടിനെ നടുക്കിയ സംഭവമറിഞ്ഞ് രാവിലെ മുതൽ വൻജനക്കൂട്ടവും പ്രദേശത്തെത്തിയിട്ടുണ്ട്.

ഇന്നലെ മൂന്നേകാലോടെയാണ് കാവനയെ നടുക്കിയ അരുംകൊല നടന്നത്. റ്റൂമി ഭർത്താവ് ചക്കുങ്ങൽ ജിജി ജേക്കബുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇവർക്ക് ആകെയുള്ള രണ്ടരയേക്കർ സ്ഥലത്തിൽ രണ്ടേക്കറും വീടും റ്റുമിയുടെ ഉടമസ്ഥതയിലായിരുന്നു. താൻ ഗൾഫിൽ പണിയെടുത്തുണ്ടാക്കിയ പണം കൊണ്ട് ഭാര്യയുടെ പേരിൽ സ്ഥലംവാങ്ങുകയായിരുന്നെന്നും ഇത് തനിക്ക് അവകാശപ്പെട്ടതാണെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ട് ഭാര്യയുമായി ഇയാൾ നിരന്തരം വഴക്കിട്ടിരുന്നു. എന്നാൽ റ്റൂമി ഇത് കാര്യമാക്കിയില്ല. മദ്യപാനിയായ ഭർത്താവിന്റെ വസ്തുവകകൾ അന്യാധീനപ്പെട്ടുപോകുമെന്നുള്ള ഭയപ്പാടാണ് ഇക്കാര്യത്തിൽ റ്റൂമി ഭർത്താവുമായി യോജിക്കാത്തതിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഭർത്താവിന്റെ മദ്യപാനവും മർദ്ദനവും മൂലം ഇവർ അഞ്ചു വർഷമായി ഇവിടെ നിന്നും മാറി താമസിക്കുകയായിരുന്നു. ജിജി ഈ വീട്ടിൽ നിന്നും മാറാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്ന് റ്റൂമി കോടതിയിൽ കേസും ഫയൽ ചെയ്തിരുന്നു. ജിജി മുന്നിട്ടിറങ്ങിയ വിവാഹമോചനക്കേസിലും റ്റുമി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.

രണ്ടു മാസങ്ങൾക്ക് മുമ്പ് റ്റുമിയുടെ വീട്ടിൽ നിന്നും മാറണമെന്നുള്ള കോടതി ഉത്തരവിനെതുടർന്ന് ജിജി ഏറെ പ്രകോപിതനായിരുന്നുവെന്നാണ് വീട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുകയും ഭാര്യയെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. എട്ടുവർഷങ്ങൾക്കു മുമ്പാണ് ഇയാൾ ഗൾഫിൽ നിന്നും മടങ്ങിയെത്തിയത്. കോടതിയുത്തരവിനെ തുടർന്ന് കാവനയിലെ വീട്ടിൽ നിന്നും മാറിത്താമസിച്ച ജിജി മണിയന്ത്രത്ത് മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കാവനയിൽ ഇയാളുടെ പേരിലുള്ള അമ്പത് സെന്റ് സ്ഥലം അടുത്തിടെ വിറ്റിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നരയോടെ താനും സഹോദരി റ്റുമിയും കാവനയിലുള്ള പുരയിടത്തിൽ വാഴക്കുല വെട്ടാൻ എത്തിയെന്നും ബൈക്കിൽ വാഴക്കുല കൊണ്ടുപോകാൻ ചാക്കുതരപ്പെടുത്താൻ അയൽവീട്ടിലേക്ക് പോയെന്നും പത്തുമിനിട്ടോളം കഴിഞ്ഞ് തിരികെ വരുമ്പോൾ റ്റുമി മുറ്റത്ത് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നെന്നും കുലവെട്ടാൻ തങ്ങൾകൊണ്ടുവന്ന വാക്കത്തി അവിടെ ഉണ്ടായിരുന്നില്ലെന്നുമാണ് സഹോദരൻ റ്റാജു വാഴക്കുളം പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. ഈ മൊഴിപ്രകാരമാണ് സംഭവത്തിൽ വാഴക്കുളം പൊലീസ് കേസെടുത്തിട്ടുള്ളത്.

സംഭവത്തിന് പത്ത് മിനിട്ട് മുമ്പ് 300 മീറ്റർ അകലെ റോഡിൽക്കൂടി ജിജി ബൈക്കിൽ പോകുന്നതും താമസിയാതെ തിരിച്ചുപോകുന്നതും നാട്ടുകാരിൽ ചിലർ കണ്ടതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ഫോണും ഓഫാണെന്നു വ്യക്തമായിരുന്നു. സ്‌കൂൾ വിദ്യാർത്ഥികളായ സോളമനും, സിയാമോളുമാണ് ഇവരുടെ മക്കൾ.