നാഗ്പൂർ: നാഗ്പൂരിൽ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തേങ്കുറിശ്ശി സ്വദേശിനി സ്വാതിയാണ് അറസ്റ്റിലായത്. നാഗ്പൂരിലെ ബേതുളിൽ താമസിച്ചിരുന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിൻ നായരെ കഴിഞ്ഞ ഏപ്രിൽ 29 നാണ് നാഗ്പൂരിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്.

പാലക്കാട് തേങ്കുറുശി വിളയംചാത്തന്നൂർ ഗീതാലയത്തിൽ സ്വാതിയാണ് നിതിന്റെ ഭാര്യ. തലയിടിച്ചുവീണ് മരിച്ചെന്നായിരുന്നു സ്വാതി വീട്ടുകാരോടും നിതിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചാണ് മരണമെന്ന് തെളിഞ്ഞു. ഇതേത്തുടർന്നാണ് നിതിന്റെ മരണത്തിൽ സ്വാതിയുടെ പങ്ക് പുറത്തായത്.

മറ്റൊരു ബന്ധത്തിൽ വിവാഹ മോചിതയായ ശേഷമാണ് സ്വാതി നിതിനുമായി അടുക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു നിതിനും സ്വാതിയും തമ്മിലുള്ള വിവാഹം. പിതാവ് രമേശ് നായരുടെ ചികിൽസയ്ക്കുവേണ്ടിയാണ് നിതിൻ നാഗ്പൂരിൽ വാടക വീടെടുത്തത്. നിതിന്റെ മരണത്തിനു പിന്നാലെ പിതാവ് രമേശ് നായരും മരിച്ചു. നാഗ്പൂരിലെ ബജാജ് നഗർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.