പത്തനംതിട്ട: പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയെ ഒപ്പം കൂട്ടാനും വഴങ്ങിയില്ലെങ്കിൽ കൊലപ്പെടുത്താനുമായി ഒരു ഭർത്താവ് നടത്തിയ സാഹസകൃത്യം കോന്നി പൊലീസിനെ വലച്ചത് തെല്ലൊന്നുമല്ല. സഹോദരിയുടെ വീട്ടിൽ കഴിഞ്ഞിരുന്ന ഭാര്യയെ, എയർ ഹോളിലൂടെ കയർ കെട്ടിയിറങ്ങി ഭർത്താവ് തട്ടിക്കൊണ്ടു പോയി. തടയാൻ ചെന്ന ഭാര്യാ സഹോദരിയെ മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ചു. തുടർന്ന് ഉൾവനത്തിലേക്ക് ഭാര്യയുമായി കടന്നു. ഒമ്പതു മണിക്കൂർ നെട്ടോട്ടമോടിയ പൊലിസ് ഒടുവിൽ മൊബൈൽഫോൺ പിന്തുടർന്ന് ഇരുവരെയും കണ്ടെത്തി. കൊലവിളി നടത്തി നിന്ന ഭർത്താവിനെ അനുനയിപ്പ് പൊലീസ് കാടിറക്കി.

ഇന്നു പുലർച്ചെ മൂന്നു മണിയോടെ കോന്നി കുമ്മണ്ണൂരിലാണ് പൊലീസിനെ വലച്ച സംഭവം അരങ്ങേറിയത്. കുമ്മണ്ണൂർ വിളയിൽ വീട്ടിൽ വിനോദ് (35) ആണ് ഭാര്യ അനിതയെ(32) തട്ടിക്കൊണ്ടു പോയത്. 12 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. വിപിൻ, വിമൽ എന്നിങ്ങനെ രണ്ടു മക്കളുമുണ്ട്. തന്നെയും കുട്ടികളെയും ഉപദ്രവിക്കുന്നത് പതിവായതോടെ അനിത രണ്ടു വർഷം മുൻപ് വിനോദിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയി. സഹോദരി കുമ്മണ്ണൂർ മുളന്തറയിൽ ശ്രീലതയുടെ വീട്ടിലായിരുന്നു താമസം. പലവട്ടം വിനോദ് ഇവിടെ ചെന്ന് അനിതയോടെ തിരികെ വരാൻ ആവശ്യപ്പെട്ടിരുന്നു.

2015 മാർച്ചിൽ ഇയാൾ ഇവിടെ എത്തി വീണ്ടും അനിതയോട് തനിക്കൊപ്പം വരാൻ ആവശ്യപ്പെട്ടു. അനിത വഴങ്ങിയില്ല. രണ്ടു മക്കളെയും ചേർത്തു പിടിച്ച് വിനോദ്, അനിത വന്നില്ലെങ്കിൽ അവരെ കൊല്ലുമെന്ന് ഭീഷണി മുഴക്കി. സ്വന്തം മക്കളെ ഒരിക്കലും ഒരു പിതാവ് കൊല്ലുകയില്ലെന്ന് ധാരണ തെറ്റിച്ചു കൊണ്ട് വിനോദ് മക്കളുടെ രണ്ടുപേരുടെയും കഴുത്ത് കൈവശം ഒളിപ്പിച്ചിരുന്ന ബ്ലേഡ് കൊണ്ട് അറുത്തു. ഗുരുതരമായി പരുക്കേറ്റ കുട്ടികൾ കഷ്ടിച്ചാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതിന് ശേഷം ഒളിവിൽ പോയ വിനോദിനെ പൊലീസ് പിന്നീട് പിടികൂടി. ഏറെക്കാലം ജയിലിൽ കിടക്കേണ്ടിയും വന്നു. ഇയാൾ നാട്ടിൽ തിരിച്ചെത്തിയതോടെ അനിത കുട്ടികളെയും കൂട്ടി വിവിധ സ്ഥലങ്ങളിൽ ഒളിച്ചുതാമസിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് സഹോദരി ശ്രീലതയുടെ വീട്ടിൽ അനിത വന്നിട്ടുണ്ടെന്ന് മനസിലാക്കിയ വിനോദ് ഇന്ന് പുലർച്ചെ രണ്ടരയോടെ കയർ, വെട്ടുകത്തി തുടങ്ങിയ സാധനങ്ങളുമായി അവിടെ എത്തി. കോൺക്രീറ്റ് ചെയ്ത വീടിന്റെ എയർഹോൾ അൽപ്പം വലുതായിരുന്നു. ഇതിന്റെ വിടവിലൂടെ കയർ കെട്ടി മുറിയിലിറങ്ങിയ ഇയാൾ അനിതയെ കടന്നു പിടിച്ചു. നിലവിളിക്കാൻ ശ്രമിച്ചപ്പോൾ അനിതയുടെ വായ പൊത്തിപ്പിടിച്ചു. ശബ്ദം കേട്ടുണർന്ന് വന്ന ശ്രീലത ഒച്ച വയ്ക്കുകയും അനിതയെ മോചിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. കൈയിലിരുന്ന വാക്കത്തി കൊണ്ട് വിനോദ് ശ്രീലതയുടെ തലയിൽ വെട്ടി. തലയുടെ മധ്യഭാഗം വെട്ടേറ്റു പിളർന്നു.

തുടർന്ന് അനിതയെയും വലിച്ചിഴച്ച് കുമ്മണ്ണൂർ ചുട്ടിപ്പാറയിലെ കൊടുംവനത്തിലേക്ക് കയറിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് മൂന്നുമണിയോടെ സ്ഥലത്ത് എത്തിയ കോന്നി സിഐ ആർ ജോസ് ശ്രീലതയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റാനാണ് ആദ്യം ശ്രമിച്ചത്. പിന്നാലെ സർക്കിളിലുള്ള മുഴുവൻ പൊലീസുകാരോടും സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. കോന്നി എസ്ഐ ബി രാജഗോപാൽ, തണ്ണിത്തോട് എസ്ഐമാരായ ഷെരീഫ്, ഉമ്മർ റാവുത്തർ, കൂടൽ എസ്ഐ ശ്യാം മുരളി എന്നിവരുടെ നേതൃത്വത്തിൽ പൊലീസിനെ പല സംഘങ്ങളായി തിരിച്ച് വനത്തിൽ തെരച്ചിൽ നടത്താൻ തീരുമാനിച്ചു.

വിനോദ് കൊണ്ടു വന്ന കൈലിയിൽ ഒരെണ്ണം വീട്ടിനുള്ളിലുണ്ടായിരുന്നു. ഇത് പൊലീസ് നായയെ കൊണ്ട് മണപ്പിച്ച് ഇവർ പോയ വഴി പിന്തുടരാനാണ് ആദ്യം ശ്രമിച്ചത്. അപ്പോഴാണ് അനിതയുടെ കൈവശം മൊബൈൽഫോണുണ്ടായിരുന്നുവെന്ന് പൊലീസിന് മനസിലായത്. സൈബർ സെൽ വഴി ടവർ ലൊക്കേറ്റ് ചെയ്തപ്പോൾ ചുട്ടിപ്പാറ വനമേഖലയാണ് കാണിച്ചത്. ആറു കിലോമീറ്റർ ഉള്ളിലേക്ക് വിനോദ് ഭാര്യയുമായി കടന്നു ചെന്നിരുന്നു. ഈ വഴിയിലൂടെ തന്നെ പൊലീസ് ഇവർ ഉണ്ടായിരുന്ന സ്ഥലം കണ്ടെത്തി. അവിടെ ചെല്ലുമ്പോൾ അനിതയെയും കൊന്ന് സ്വയം ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു വിനോദ്.

ആദ്യമൊക്കെ ഇയാൾ അനിതയോട് തനിക്കൊപ്പം താമസിക്കണമെന്ന് ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോൾ ഇവരുടെ കൈയും കാലുമെല്ലാം ബന്ധിച്ചു. ഒന്നിച്ചു ജീവിക്കുന്നില്ലെങ്കിൽ ഒരുമിച്ച് മരിക്കാമെന്നായി പിന്നെ വിനോദിന്റെ നിലപാട്. ഇതിനായി അനിതയെ നിർബന്ധിച്ചു കൊണ്ടിരിക്കുമ്പോഴാണ് പൊലീസ് എത്തിയത്. ഇതോടെ ഇയാൾ വീണ്ടും അക്രമാസക്തനായി. പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാമെന്ന് പറഞ്ഞ് പൊലീസ് അനുനയിപ്പിച്ചതോടെ വിനോദ് ശാന്തനായി. തുടർന്ന് ഇരുവരെയും കോന്നി സ്റ്റേഷനിലേക്ക് മാറ്റി. ഉച്ചയ്ക്ക് 12.30 നാണ് പൊലീസിന് ഇവരെ കണ്ടെത്താൻ കഴിഞ്ഞത്. വിനോദ് കഞ്ചാവ് അടക്കമുള്ള ലഹരികൾക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.