- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംശയത്തിന്റെ പേരിൽ ഭാര്യയെ നിരന്തരം ഉപദ്രവിച്ചു; വഴക്കിനിടെ വാക്കത്തികൊണ്ട് മുറിവേൽപ്പിച്ച് കൊലപ്പെടുത്തി; കേസിൽ ഭർത്താവിന് കുരുക്കായത് സ്വന്തം മൊഴി; 16 വർഷം തടവും പിഴയും
പാലക്കാട്: അട്ടപ്പാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് 16 വർഷം ശിക്ഷ. ദൃക്സാക്ഷിയില്ലാത്തതിനാൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഷോളയൂർ കോഴിക്കൂടത്തെ നിഷ കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് സുന്ദരനെ മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
2014ലാണ് 27 വയസ്സുകാരി നിഷ ഗുരുതരമായി പരുക്കേറ്റ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ടത്. സ്ത്രീപീഡനം, മനപ്പൂർവല്ലാത്ത നരഹത്യ, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷ. സംഭവത്തിനു ശേഷം സുന്ദരന്റെ ദേഹത്തെ മുറിവുകളെ കുറിച്ചുള്ള ചോദ്യത്തിനു ഭാര്യ കടിച്ചും മാന്തിയുമുള്ള മുറിവുകളാണെന്ന് നൽകിയ മൊഴിയാണ് വഴിത്തിരിവായത്.
48 സാക്ഷികളിൽനിന്ന് 26 പേരെ വിസ്തരിച്ചു. 33 രേഖകൾ ഹാജരാക്കി. അഗളി ഡിവൈഎസ്പിയായിരുന്ന കെ.ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് 10 വർഷം തടവും 25,000 രൂപ പിഴയും, സ്ത്രീപീഡനത്തിന് 3 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തെളിവു നശിപ്പിക്കലിന് 3 വർഷം തടവും 5,000 രൂപ പിഴയുമാണ് ജഡ്ജി കെ.എസ്.മധു വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജയൻ ഹാജരായി.
സംശയത്തിന്റെ പേരിൽ നിഷയെ നിരന്തരം മാനസികമായും ശാരീരികമായും ഭർത്താവ് പീഡിപ്പിച്ചിരുന്നു. വഴക്കിനിടെ വാക്കത്തികൊണ്ട് മുഖത്തും ശരീരത്തിലും നിരവധി മുറിവുകളേൽപ്പിച്ചു. തല ചുമരിൽ അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. നിഷ മരിച്ച സമയത്ത് താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് സ്ഥാപിക്കാനും തെളിവ് നശിപ്പിക്കാനും സുന്ദരൻ ശ്രമം നടത്തി.