- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെ
കോഴിക്കോട്: മുത്തലാഖ് ചൊല്ലാനുള്ള ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും തീരുമാനത്തിനെതിരെ യുവതിയും രണ്ട് മക്കളും ഭർത്താവിന്റെ വീട്ടിൽ നടത്തി വരുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കോഴിക്കോട് നാദാപുരം വാണിമേൽ സ്വദേശിനി ശഫീനയാണ് ഭർത്താവ് കിഴക്കെപറമ്പത്ത് ഷാഫിയുടെ വീട്ടിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഷഫീനയുടെയും ഷാഫിയുടെയും മക്കളായ സിയഫാത്തി, മുഹമ്മദ് ഷീനാസ് എന്നിവരും മാതാവിനൊപ്പം സമരമിരിക്കുന്നുണ്ട്.
2010 ഏപ്രിൽ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്. അടുത്തകാലം മുതലാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. വർഷങ്ങളായി ഒമാനിൽ ജോലി ചെയ്യുന്ന ഷാഫി ഭാര്യയെയും മക്കളെയും വിദേശത്തേക്ക് കൊണ്ട് പോയിരുന്നു. നാട്ടിൽ പുതിയ വീടെടുത്ത് താമസം തുടങ്ങിയതിന് ശേഷമാണ് ഷാഫി കുടുംബത്തെ ഗൾഫിലേക്ക് കൊണ്ടുപോയത്. പിന്നീട് കുടുംബത്തെ നാട്ടിലേക്ക് തിരികെ അയക്കുകയും ഭാര്യയോടും മക്കളോടും ഭാര്യയുടെ വാണിമേലിലുള്ള സ്വന്തം വീട്ടിലേക്ക് പോകാൻ നിർദ്ദേശിക്കുകയുമായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഷാഫി ഭാര്യയെ ഫോണിൽ വിളിച്ച് പേരോടുള്ള പുതിയ വീട്ടിലേക്ക് പോകാൻ പറയുകയുമായിരുന്നു.
ഷഫീനയോട് പുതിയ വീട്ടിലേക്ക് പോകാൻ പറഞ്ഞ സമയത്തു തന്നെ ഷഫീനയെ വീട്ടിലേക്ക് പ്രവേശിപ്പിക്കരുതെന്ന് തന്റെ പിതാവിനെയും ബന്ധുക്കളെയും വിളിച്ച് ഷാഫി പറയുകയും ചെയ്തിരുന്നു. ഇതനുസരിച്ച് പേരോടുള്ള വീട്ടിലെത്തിയ ഷഫീനയെയും മക്കളെയും ഷാഫിയുടെ വീട്ടുകാർ തടയുകയും വീട്ടിലേക്ക് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് ഷഫീനയുടെ വീട്ടുകാരും രംഗത്തെത്തി. ഇത്തരത്തിൽ ഇരുവീട്ടുകാർക്കുമിടയിൽ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയാണ് ഷാഫി ആദ്യം ഷഫീനയോട് പുതിയ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടത്. ഭർതൃ വീട്ടുകാർ പുതിയ വീട്ടിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞതോടെയാണ് ഷഫീന പേരോടുള്ള വീട്ടിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. സമരം ഇന്നേക്ക് മൂന്ന് ദിവസം പിന്നിട്ടു. ഷഫീനക്ക് ഉയരം കുറവാണ് എന്നാണ് വിവാഹ മോചനത്തിന് കാരണമായി ഷാഫി പറയുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് 10 വർഷങ്ങൾക്ക് ശേഷമാണോ തനിക്ക് ഉയരം കുറവാണ് എന്ന് ഭർത്താവിന് മനസ്സിലായത് എന്നാണ് ഷഫീന ചോദിക്കുന്നത്.
വീട് ഷാഫിയുടെ പേരിലല്ലെന്നും തന്റെ പേരിലാണെന്നുമാണ് ഷാഫിയുടെ പിതാവ് ഷഫീനയെ വീട്ടിൽ പ്രവേശിപ്പിക്കാതിരിക്കുന്നതിനുള്ള കാരണമായി പറയുന്നത്. വീടിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥതയെ സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും അതിന്റെ വിധി വന്നതിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ തീരുമാനിക്കുകയുള്ളൂ എന്നുമാണ് ഷാഫിയുടെ പിതാവ് പറയുന്നത്. അതുവരെ ഷഫീനയും മക്കളും ഇവിടേക്ക് പ്രവേശിക്കരുതെന്നും ഷാഫിയുടെ പിതാവായ കുഞ്ഞബ്ദുള്ള ഹാജി പറയുന്നു. എന്നാൽ കുഞ്ഞബ്ദുള്ള ഹാജിയുടെ നിർദ്ദേശങ്ങൾ അനുസരിക്കാനാകില്ലെന്ന തീരുമാനത്തിലാണ് ഷഫീന മക്കളെയും കൂട്ടി സമരം ആരംഭിച്ചത്. ഇതിനിടയിൽ അൻപതോളം വരുന്ന ഷാഫിയുടെ ബന്ധുക്കൾ വീട്ടിലെത്തി ഷഫീനയെ ഭീഷണിപ്പെടുത്തുകയും വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് സംബന്ധിച്ച് പൊലീസിലും കളക്ടറെ ഫോണിൽ വിളിച്ചും പരാതി അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഇൻസ്പെക്ടർ എൻ.സുനിൽകുമാർ ഇരുവിഭാഗത്തെയും ചർച്ചയ്ക്ക് വിളിച്ചെങ്കിലും ഫലം കാണാതെ പിരിയുകയും സമരം തുടരുകയുമായിരുന്നു. ഇതിനിടെ, ഷമീനയുടെയും മക്കളുടെയും സമരത്തിന് പിന്തുണയുമായി സിപിഎം രംഗത്തെത്തി.
സിപിഐഎം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് മെംബർ വി.പി.കുഞ്ഞിക്കൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് നെല്ല്യേരി ബാലൻ തുടങ്ങിയവർ യുവതിയിൽ നിന്നും ബന്ധുക്കളിൽനിന്നും വിവരങ്ങൾ ആരാഞ്ഞു. ഷഫീനയ്ക്കു കൂടി അവകാശപ്പെട്ടതാണ് വീടെന്നിരിക്കെ വീടു പൂട്ടി താക്കോൽ കൈവശപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് നേതാക്കൾ പറഞ്ഞു. വീടിന് പുറത്ത് വരാന്തയിലാണ് ഷഫീനയും മക്കളും ഇപ്പോൾ സമരം നടത്തുന്നത്. ഷഫീനക്കും മക്കൾക്കും നീതി ലഭിക്കുന്നതിന് ബാലാവകാശ കമ്മിഷനെയും വനിതാ കമ്മിഷനെയും സമീപിക്കാനൊരുങ്ങുകയാണ് സിപിഎം