- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സ്റ്റേഷന് തീവെച്ച് യുവാവ്; കാരണം ചോദിച്ച രാജ്കോട്ട് പൊലീസ് ഞെട്ടി; ഭാര്യയുടെ വഴക്ക് കേൾക്കുന്നതിനേക്കാൾ ജയിലാണ് മെച്ചമെന്ന് 23 കാരൻ; ജയിലിൽ നല്ല ഭക്ഷണം എങ്കിലും കിട്ടുമെന്ന് പാവം പ്രതി
രാജ്കോട്ട്: ഭാര്യയെ പേടിച്ച് യുവാവ് പൊലീസ് സ്റ്റേഷന് തീയിട്ടു. ഗുജറാത്തിലെ രാജ്കോട്ടിലാണ് വിചിത്ര സംഭവം. ഭാര്യ പറഞ്ഞിട്ടല്ല സ്റ്റേഷന് തീയിട്ടത്. കേസിൽ പ്രതിയായാൽ സ്വസ്ഥമായി ജയിലിൽ കിടക്കാമല്ലോ, അതായിരുന്നു ഇഷ്ടന്റെ ലക്ഷ്യം. സ്റ്റേഷന് തീവെച്ചതിന് പിടിയിലായ പ്രതിയോട് കാരണം അന്വേഷിച്ചപ്പോഴാണ് പൊലീസിന് സംഗതി പിടികിട്ടിയത്.
ഭാര്യ സദാ വഴക്കാണെന്നാണ് 23 വയസ്സുകാരനായ ദേവ്ജി ചവ്ദ പറയുന്നത്. ഭാര്യ തനിക്കു സമാധാനം തരുന്നില്ല. അവർക്കൊപ്പം ജീവിക്കുന്നതിലും നല്ലതു ജയിലിൽ പോകുന്നതാണെന്നും യുവാവ് പറയുന്നു. ജയിലിൽ നല്ല ഭക്ഷണം എങ്കിലും കിട്ടുമെന്നാണു ദേവ്ജി പറയുന്നത്
രാജ്കോട്ടിലെ ജംനഗറിലുള്ള ബജ്റംഗ് വാഡി പൊലീസ് സ്റ്റേഷന് സമീപമാണ് ദിവസ വേതനക്കാരനായ ദേവ്ജി താമസിക്കുന്നത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ പെട്രോളുമായി സ്ഥലത്തെത്തിയ യുവാവ് കെട്ടിടത്തിനു തീയിടുകയായിരുന്നു. പൊലീസ് ഓടിയെത്തിയപ്പോഴും ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചില്ല.
ഈ സമയം പൊലീസ് കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല. ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിലും നല്ലത് ജയിലിൽ പോകുന്നതാണെന്നും അതിനാണ് താൻ ഇതു ചെയ്തതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അടുത്തിടെയായിരുന്നു ഇയാളുടെ വിവാഹം.
സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇൻസ്പെക്ടർ ഖുമാൻസിങ് വാല പറഞ്ഞു.
ആവണി ഗോപാല് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്