മാനന്തവാടി: വയനാട്ടിൽ അദ്ധ്യാപിക തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിലായി. യുവതിയുടെ മരണത്തിൽ ഭർത്താവിനും വീട്ടുകാർക്കും ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. തവിഞ്ഞാൽ സെന്റ് തോമസ് യു.പി.സകൂൾ അദ്ധ്യാപികയായ പേര്യ വരയാൽ പാറത്തോട്ടം റോണി കെ.മാത്യുവിന്റെ ദുരൂഹ മരണത്തിലാണ് റോണിയുടെ ഭർത്താവ് പേര്യ ചെറുവത്ത് വിനീത് (31) പിതാവ് വിൽസൺ(63) എന്നിവരെ മാനന്തവാടി ഡി.വൈ.എസ്. പി. കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഗുരുതരമായി തീപൊള്ളലേറ്റ റോണി കെ.മാത്യുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ മരിക്കുകയും ചെയ്തു. റോണിയുടെ മരത്തിന് കാരണം ഭർത്താവിന്റെയും വീട്ടുകാരുടെയും പിഡനമാണെന്ന ആരോപണം ഉയർന്നിരുന്നു. റോണിയുടെ വീട്ടുകാരും മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിനെയും ഭർതൃപിതാവിനെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

റോണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് റോണിയുടെ അമ്മ ഷീല, സഹോദരൻ ടോണി കെ. മാത്യു എന്നിവർ പൊലീസിൽ പരാതി നൽകി. ഭർത്താവിന്റെ വീട്ടിൽ വെച്ച് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവർക്ക് പൊള്ളലേറ്റത്. തലപ്പുഴ പൊലീസ് ആണ് അന്വേഷണം നടത്തുന്നത്.

തന്റെ മകൾ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്ന് ഷീല പറഞ്ഞു. ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും പീഡനങ്ങളേറ്റു വാങ്ങിയിരുന്നു. റോണിക്ക് കുഞ്ഞ് ജനിച്ചതുമുതൽ ഭർത്താവ് വിനീത് പരുഷമായാണ് പെരുമാറിയതെന്നും ഇവർ ആരോപിക്കുന്നു. ഇവർക്ക് പെൺകുഞ്ഞാണ് ജനിച്ചത്. എന്നാൽ ആൺകുഞ്ഞാവാത്തതിൽ ഭർത്താവ് എപ്പോഴും റോണിയോട് ദേഷ്യം പ്രകടിപ്പിച്ചിരുന്നു.

മകൾക്ക് മതിയായ പ്രസവ ശുശ്രൂഷ നൽകിയിരുന്നില്ല. പൊള്ളലേൽക്കുന്നതിന്റെ തലേ ദിവസം മകളെ തന്റെ വീട്ടിലേക്ക് കൊണ്ടു വരുന്നതിനായി പോയി. എന്നാൽ റോണിയുടെ അകത്തേക്ക് കയറാൻ പോലും വിനീതിന്റെ വീട്ടുകാർ അനുവദിച്ചിരുന്നില്ല. ഭർതൃവീട്ടിൽ കൊടിയ പീഡനമാണ് മകൾ നുഭവിച്ചിരുന്നത്. ഇതേ സംബന്ധിച്ച് മകൾ പല തവണ പറഞ്ഞിരുന്നു. ഇതോടെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഭർത്താവിന്റെ വീട്ടുകാർ അനുവദിച്ചിരുന്നില്ല. വിനീത് മറ്റൊരു വിവാഹം കഴിക്കുമെന്ന് പറഞ്ഞതിനാൽ മകൾക്ക് മാനസിക വിഷമമുണ്ടായിരുന്നു.

മകളുടെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതിനൽകുമെന്നും ഷീല പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം റോണിക്ക് ഉണ്ടായിരുന്നില്ലെന്നും പ്രസവത്തിന് ശേഷം ചെറിയ രീതിയിലുള്ള മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും വിനീതിന്റെ സഹോദരൻ ജിബിൻ, അമ്മാവൻ ജോസ് എന്നിവർ പറഞ്ഞു.