ജയ്പുർ: മരുമക്കൾ അമ്മയെ സന്തോഷത്തോടെ പരിപാലിക്കുന്നില്ലെന്ന് ആരോപിച്ച് രാജസ്ഥാനിൽ യുവാവ് തന്റെ രണ്ടു മാര്യമാരെ കാറിൽ പൂട്ടിയിട്ട ശേഷം തീയിട്ടു കൊന്നു. ജലോറിലെ ദാരിയ ദേവി(25), മാലി ദേവി(27) എന്നിവരാണ് ഭർത്താവിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ദീപ റാമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ ദീപറാം കുറ്റം സമ്മതിച്ചു. ഭാര്യമാർ തന്റെ അമ്മയെ നന്നായി പരിപാലിച്ചിരുന്നില്ല. ഇതിനാൽ ഭാര്യമാരുമായുള്ള ജീവിതം സന്തോഷകരമല്ലായിരുന്നെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. അതുകൊണ്ടാണ് ഭാര്യമാരെ കൊല്ലാൻ തീരുമാനിച്ചതെന്നും ദീപ് റാം മൊഴി നൽകിയിട്ടുണ്ട്.

കാറിൽ യാത്രചെയ്യുന്നതിനിടെ ദീപ് റാമും ഭാര്യമാരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തുടർന്ന് പെട്ടെന്ന് വണ്ടി നിർത്തുകയും രണ്ടുപേരെയും കാറിൽ പൂട്ടിയിട്ട് തീവെക്കുകയുമായിരുന്നു. സ്ഥലത്ത് ആളുകൾ എത്തുമ്പോഴേക്കും ഇരുവരും കത്തിക്കരിഞ്ഞ നിലയിലുമായി.