ലുധിയാന: മയക്ക് മരുന്ന് വാങ്ങാൻ പണം കണ്ടെത്താനായി യുവാവ് തന്റെ ഭാര്യയെ ഏഴ് സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചു. സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത് നഗ്ന രംഗങ്ങൾ പകർത്തിയ യുവാക്കൾ ഇതുപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കി. യുവാക്കളുടെ ഭീഷണി സഹിക്കാനാവാതെ യുവതി ഒടുവിൽ പൊലീസിൽ പരാതി നൽകി.

യുവതിയുടെ പരാതിയിൽ കേസ് എടുത്ത പൊലീസ് ഏഴുപേരെയും തിരയുകയാണ്. കഴിഞ്ഞ ജൂണിലാണ് സംഭവം. 2011 ലായിരുന്നു ഒരു കുട്ടിയുടെ മാതാവ് കൂടിയായ യുവതിയും മയക്കുമരുന്നിന് അടിമയായ യുവാവും തമ്മിലുള്ള വിവാഹം. ഇരയും ഏഴു കുറ്റവാളികളും ഒരേഗ്രാമക്കാരാണ്. ഏഴു യുവാക്കൾക്കെതിരേ ബലാത്സംഗത്തിനും യുവതിയെ അപമാനിച്ചതിനും കേസെടുത്തപ്പോൾ ക്രിമിനൽ ഗൂഢാലോചനയാണ് ഭർത്താവിനെതിരേ ചുമത്തിയിരിക്കുന്നത്. മയക്കുമരുന്നിന് അടിമയായിരുന്ന ഭർത്താവ് പണമില്ലാതെ വന്നപ്പോൾ ഭാര്യയെ നൽകാമെന്ന് പറഞ്ഞ് ഗ്രാമത്തിലെ യുവാക്കളിൽ നിന്നും പണം കടം വാങ്ങുകയായിരുന്നു. ഈ പണത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള സാധനവും വാങ്ങിയ യുവാവ് ഭാര്യയെ യുവാക്കൾക്ക് കൂട്ടിക്കൊടുത്തു.

17 വർഷം മുമ്പ് മകൻ മരിച്ചതോടെ യുവതിയുടെ മാതാവ് മറ്റൊരാളെ വിവാഹം കഴിച്ച് ഉപേക്ഷിച്ചു പോയിരുന്നു. പിന്നീട് യുവതിയെ വളർത്തുകയും 2011 ൽ വിവാഹം കഴിച്ചു വിടുകയും ചെയ്തത് മുത്തച്ഛനായിരുന്നു. വിവാഹം കഴിഞ്ഞായിരുന്നു കൊച്ചുമകളുടെ ഭർത്താവ് മയക്കുമരുന്നിനടിമയാണെന്ന് മുത്തച്ഛൻ തിരിച്ചറിഞ്ഞത്. കുറ്റവാളികളെല്ലാം മയക്കുമരുന്നിന് അടിമയാണെന്നാണ് താൻ കേട്ടതെന്നും മുത്തച്ഛൻ പറഞ്ഞു.

അതേസമയം നേരത്തേ അപകടത്തിൽ പെട്ട സഹോദരന്റെ ചികിത്സാർത്ഥമാണ് യുവാവ് കൂട്ടുകാരിൽ നിന്നും പണം വാങ്ങിയതെന്നും കടം വീട്ടാൻ കഴിയാത്ത സാഹചര്യത്തിലാണ് ഭാര്യയെ പണയം വെച്ചതെന്നും അത് ദുരുപയോഗം ചെയ്ത കൂട്ടുകാർ യുവതിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്തുക ആയിരുന്നെന്ന് ഇരയുടെ ഒരു ബന്ധു പറഞ്ഞത്.