- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിന്റെ ജീവനെടുത്തിട്ടും മകന് സിപിഎമ്മിനോട് അവിശ്വാസമില്ല; സ്വന്തം കുടുംബത്തേക്കാൾ പാർട്ടിയെ സ്നേഹിച്ച ബാപ്പയുടെ മകന് പാർട്ടിയെ തള്ളിപ്പറയാൻ വയ്യ; ഒരു ജീവിതം മുഴുവൻ പാർട്ടിക്കുവേണ്ടി മാറ്റിവച്ച നസീറിന്റെ മകൻ സിഐടിയു നേതാവായി നിന്നുകൊണ്ട് തന്നെ സിപിഐ(എം) നേതാക്കൾക്കെതിരെ പോരാടും
ഈരാറ്റുപേട്ട: പൂഞ്ഞാർ തിരഞ്ഞെടുപ്പിലെ രഹസ്യധാരണകളെയും നഗരസഭയുടെ ഭരണംപിടിക്കാൻ സമുദായ സംഘടനകളുമായി രഹസ്യധാരണ ഉണ്ടാക്കിയതിനെയും നഖശിഖാന്തം എതിർക്കുകയും പാർട്ടിയിലെ കള്ളക്കളികളെന്ന് തോന്നിയ കാര്യങ്ങൾ ഉന്നതങ്ങളിൽ അറിയിക്കാൻ രേഖകളും സിഡിയും തയ്യാറാക്കുകയും ചെയ്തതിന്റെ പേരിൽ കൊല്ലപ്പെട്ട സഖാവ് നസീറിന്റെ മകന് സിപിഎമ്മിനെ തള്ളിപ്പറയാൻ കഴിയുന്നില്ല. നസീറിനും മകനും മറ്റു കുടുംബാംഗങ്ങൾക്കുമെല്ലാം കമ്യൂണിസം ജീവശ്വാസമായിരുന്നു. എന്നിട്ടും നസീർ കൊല്ലപ്പെട്ടു. പാർട്ടി പ്രവർത്തകരാണ് പ്രതിസ്ഥാനത്ത്. ബാപ്പയുടെ ജീവനെടുത്തവർക്കെതിരെ പാർട്ടിയിൽ നിന്നുകൊണ്ടുതന്നെ പോരാടുമെന്ന് പ്രഖ്യാപിക്കുകയാണ് സിപിഐ(എം) മുൻ ബ്രാഞ്ച് സെക്രട്ടറി പത്താഴപ്പടിയിൽ കുന്നംപുറത്ത് വീട്ടിൽ കെ.എം.നസീറിന്റെ മകൻ ഹുസൈൻ. ഈരാറ്റുപേട്ടക്കാരുടെ മനസിൽ ഇടംപിടിച്ച സൗമ്യ സ്വഭാവക്കാരനായിരുന്നു നസീർ. പാർട്ടിയോട് കൂറുള്ള, അഹോരാത്രം പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന തികഞ്ഞ കമ്മ്യൂണിസ്റ്റുകാരൻ. ചെറുപ്പംമുതൽ ജീവവായുവായി മക്കൾക്കും നസീർ പകർന്നത് കമ്യൂണി
ഈരാറ്റുപേട്ട: പൂഞ്ഞാർ തിരഞ്ഞെടുപ്പിലെ രഹസ്യധാരണകളെയും നഗരസഭയുടെ ഭരണംപിടിക്കാൻ സമുദായ സംഘടനകളുമായി രഹസ്യധാരണ ഉണ്ടാക്കിയതിനെയും നഖശിഖാന്തം എതിർക്കുകയും പാർട്ടിയിലെ കള്ളക്കളികളെന്ന് തോന്നിയ കാര്യങ്ങൾ ഉന്നതങ്ങളിൽ അറിയിക്കാൻ രേഖകളും സിഡിയും തയ്യാറാക്കുകയും ചെയ്തതിന്റെ പേരിൽ കൊല്ലപ്പെട്ട സഖാവ് നസീറിന്റെ മകന് സിപിഎമ്മിനെ തള്ളിപ്പറയാൻ കഴിയുന്നില്ല. നസീറിനും മകനും മറ്റു കുടുംബാംഗങ്ങൾക്കുമെല്ലാം കമ്യൂണിസം ജീവശ്വാസമായിരുന്നു. എന്നിട്ടും നസീർ കൊല്ലപ്പെട്ടു. പാർട്ടി പ്രവർത്തകരാണ് പ്രതിസ്ഥാനത്ത്. ബാപ്പയുടെ ജീവനെടുത്തവർക്കെതിരെ പാർട്ടിയിൽ നിന്നുകൊണ്ടുതന്നെ പോരാടുമെന്ന് പ്രഖ്യാപിക്കുകയാണ് സിപിഐ(എം) മുൻ ബ്രാഞ്ച് സെക്രട്ടറി പത്താഴപ്പടിയിൽ കുന്നംപുറത്ത് വീട്ടിൽ കെ.എം.നസീറിന്റെ മകൻ ഹുസൈൻ.
ഈരാറ്റുപേട്ടക്കാരുടെ മനസിൽ ഇടംപിടിച്ച സൗമ്യ സ്വഭാവക്കാരനായിരുന്നു നസീർ. പാർട്ടിയോട് കൂറുള്ള, അഹോരാത്രം പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന തികഞ്ഞ കമ്മ്യൂണിസ്റ്റുകാരൻ. ചെറുപ്പംമുതൽ ജീവവായുവായി മക്കൾക്കും നസീർ പകർന്നത് കമ്യൂണിസം. രക്തത്തിൽ അലിഞ്ഞ വിശ്വാസത്തിന് ഉലച്ചിൽതട്ടിയപ്പോൾ അതിനെ നേരെയാക്കാൻ ഇറങ്ങിപ്പുറപ്പെട്ട നസീറിന് പക്ഷെ സ്വന്തം ജീവൻതന്നെ നഷ്ടപ്പെട്ടു. നസീർ പലരുടെയും കണ്ണിലെ കരടായിരുന്നുവെന്ന് മകൻ ഹുസൈൻ പറയുന്നു. പാർട്ടിയിലെ അനീതികൾക്കെതിരെ ശബ്ദമുയർത്തിത്തുടങ്ങിയപ്പോൾ ജീവാപായമുണ്ടാകുമെന്ന് പലരും മുന്നറിയിപ്പു നൽകിയിരുന്നു.
എന്നാലും താനുൾപ്പെടെ നിരവധി പേർ ചോര നീരാക്കി വളർത്തി വലുതാക്കിയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കാൻ തയ്യാറായില്ല. പ്രശ്‌നങ്ങൾ മേലേക്ക് റിപ്പോർട്ടുചെയ്താൽ നടപടിയുണ്ടാകുമെന്ന് നസീർ വിശ്വസിച്ചു. ആക്രമിക്കപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ് പാർട്ടിയുടെ ആസ്ഥാനത്തേക്ക് അയയ്ക്കാൻ തയ്യാറാക്കിയ പരാതിയിൽ ഇങ്ങനെയൊരു വരികൂടി നസീർ കുറിച്ചിട്ടിരുന്നു. 'എന്റെ ജീവിതം പാർട്ടിക്കു വേണ്ടിയാണ്, എന്റെ മരണവും. അത് ഒരു പക്ഷെ ഉടനെ സംഭവിച്ചേക്കാം...' അത് അറംപറ്റി. പാർട്ടിയിലെ അനീതികൾക്കെതിരെ തെളിവുകളൊരുക്കാൻ ഡിടിപി സെന്ററിലെത്തിയ നസീറിനെ ഒരുസംഘം ആക്രമിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ നസീർ ആശുപത്രിയിൽവച്ച് മരിച്ചു.
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ബാപ്പ ഏതാണ്ട് മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായിരുന്നുവെന്ന് ഹുസൈൻ ഓർക്കുന്നു. നാട്ടിലെ എല്ലാ വിഷയങ്ങളിലും ഇടപെടും. ശത്രുക്കളെപ്പോലും ബഹുമാനിച്ചു. അക്രമ രാഷ്ട്രീയത്തെയും അഴിമതിയെയും എപ്പോഴും എതിർത്തു. പാർട്ടിയുടെ വളർച്ചമാത്രമായിരുന്നു ബാപ്പയുടെ ലക്ഷ്യം. ബാപ്പയുടെ പ്രവർത്തനം കണ്ടാണ് ഞാനും എന്റെ സഹോദരങ്ങളും പാർട്ടിയിലേക്ക് വന്നത്. പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങൾക്കുള്ളിൽ നിന്ന് ജീവിച്ചയാളാണ് ബാപ്പ. ബാപ്പയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ പലരേയും ചൊടിപ്പിച്ചു.
ചിലരുടെ വഴി വിട്ട പ്രവർത്തനങ്ങളും നടപടികളുമെല്ലാം പാടില്ലെന്ന് അവരെ നേരിൽ കണ്ട് പറഞ്ഞിട്ടുമുണ്ട്. ഇക്കാര്യങ്ങൾ അറിയിച്ചപ്പോൾ, പാർട്ടി മേൽഘടകം അവരുടെ തെറ്റുകളെ വിമർശിക്കുകയും ചെയ്തു. ഇതോടെ അഴിമതിക്കെതിരെയുള്ള ബാപ്പയുടെ നിലപാടിനാണ് പാർട്ടിയിൽ പിന്തുണയെന്ന് തിരിച്ചറിഞ്ഞ ചിലർ അസ്വസ്ഥരായി. ഏറ്റവും ഒടുവിൽ ചില പ്രധാനപ്പെട്ട തെളിവുകൾ സഹിതം സംസ്ഥാന കമ്മറ്റിക്കും പ്രമുഖ നേതാക്കൾക്കും കത്തെഴുതാൻ ഒരുങ്ങുന്നതറിഞ്ഞാണ് അവർ ബാപ്പയെ കായികമായി നേരിട്ടത്. - ഹുസൈൻ പറയുന്നു.
ബാപ്പ സഹപ്രവർത്തകരുടെ ആക്രമണത്താൽ കൊല്ലപ്പെട്ടെങ്കിലും ഇപ്പോഴും ഹുസൈന് പാർട്ടിയിലുള്ള വിശ്വാസത്തിന് ഉലച്ചിൽ തട്ടിയിട്ടില്ല. ഇപ്പോഴും ഞാൻ സിഐടി.യു ഏരിയാ കമ്മറ്റി അംഗമാണ്. തന്നെയുമല്ല, പാർട്ടിയെ പ്രതികൂട്ടിലാക്കാനല്ല ഞങ്ങളുടെ ശ്രമം. ചിലരുടെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് എതിരെയാണ് ബാപ്പ നിലപാടെടുത്തത്. അവരാണ് ബാപ്പയുടെ കൊലപാതകത്തിനു പിന്നിൽ. അല്ലാതെ പാർട്ടിയോ നേതാക്കളോ അല്ല. അതു കൊണ്ട് ഞാൻ പാർട്ടിയിൽ തന്നെ ഉറച്ചു നിൽക്കും. ബാപ്പയെ കൊന്നവർക്കെതിരെ നിയമപരമായി പോരാടും - ഹുസൈൻ പറയുന്നു.
നഗരസഭാ ഭരണം പിടിക്കാൻ ചില സമുദായ സംഘടനകളുമായി രഹസ്യ ധാരണ ഉണ്ടാക്കുന്നതിനെ ബാപ്പ ശക്തമായി എതിർത്തു. ഇതു കാരണം പാർട്ടി ലേബലിൽ മത്സരിച്ച എന്റെ ഭാര്യ ആസിയയെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ചിലർ ഒത്തു കളിച്ചു. അതു കൊണ്ട് തന്നെ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന വാർഡിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേയ്ക്കു പോയി.
പൂഞ്ഞാർ തിരഞ്ഞെടുപ്പിലെ ചില വഴിവിട്ട കളികളെക്കുറിച്ചും ഈരാറ്റുപേട്ട നഗരസഭാ തിരഞ്ഞെടുപ്പിൽ സാമുദായിക സംഘടനകളുമായി ഉണ്ടാക്കിയ രഹസ്യ ധാരണയെക്കുറിച്ചും പാണന്തോട്ടെ കൈയേറ്റ സമരം ഒത്തുതീർപ്പാക്കിയതിനു പിന്നിൽ നടന്ന ഇടപാടുകളെക്കുറിച്ചുമെല്ലാം പാർട്ടി കൺട്രോൾ കമ്മിഷന് ബാപ്പ കത്തെഴുതിയിരുന്നു. ഇതായിരുന്നു തുടക്കം. ചില വഴിവിട്ട ഇടപാടുകളും തെളിവ് സഹിതം ബാപ്പ സംസ്ഥാന നേതൃത്വത്തെ അറിയിക്കാൻ തീരുമാനിച്ചിരുന്നു. പാർട്ടി നടപടിയുണ്ടാകുമെന്ന് ഭയന്നവർ ബാപ്പയ്‌ക്കെതിരെ തിരിഞ്ഞു.
ബാപ്പയെ അപായപ്പെടുത്തുമെന്ന് ഞങ്ങൾക്ക് ഭയമുണ്ടായിരുന്നു. എന്നാൽ ബാപ്പ അതൊന്നും ചെവിക്കൊണ്ടില്ല. പാർട്ടിയെ നേർവഴിക്കു കൊണ്ടുപോവുക എന്നതായിരുന്നു ബാപ്പയുടെ നിലപാട്. ആക്രമിക്കപ്പെട്ട ദിവസം ഡി.ടി.പി സെന്ററിലെത്തിയ ബാപ്പയുടെ ഓരോ നീക്കവും പ്രതികൾ നിരീക്ഷിച്ചു വരികയായിരുന്നു. ഇവർക്കെതിരെയുള്ള തെളിവുകൾ ബാപ്പയുടെ പക്കൽ ഉണ്ടെന്ന് മനസിലാക്കിയാണ് പ്രതികൾ പിന്നാലെ കൂടിയത്. കൈയിലുള്ള സി.ഡി കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. ഡി.ടി.പി സെന്ററിലെത്തിയപ്പോഴാണ് ബാപ്പയെ ആദ്യം മർദ്ദിച്ചത്. മടിക്കുത്തിൽ പിടിച്ച് കൈയിലിരുന്ന സി.ഡി ബലമായി വാങ്ങാൻ ശ്രമിച്ചെങ്കിലും ബാപ്പ വിട്ടുകൊടുത്തില്ല.
പിന്നീട് ബാക്കിയുള്ളവർകൂടി ചേർന്നായി മർദ്ദനം. ഒടുവിൽ അവർ ബലമായി സി.ഡി കൈക്കലാക്കി. തല തറയിൽ പിടിച്ച് ഇടിച്ചതോടെ ബാപ്പയുടെ ബോധം നഷ്ടപ്പെട്ടു. തുടർന്നും മർദ്ദിച്ച ഇവർ ബാപ്പയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. അവശ നിലയിൽ കിടക്കുന്ന ബാപ്പയെ ആശുപത്രിയിലെത്തിക്കണമെന്ന് നാട്ടുകാർ വാശി പിടിച്ചതോടെ രണ്ടുപേർ ചേർന്ന് ഒരു ഓട്ടോയിൽ കയറ്റി ബാപ്പയെ ആശുപത്രിയിലെത്തിച്ചു. വീടിനുള്ളിൽ തെന്നി വീണതാണെന്നാണ് അവർ ആശുപത്രിയിൽ പറഞ്ഞത്. സംഭവം അറിഞ്ഞ് ഞാൻ എത്തിയപ്പോഴേയ്ക്കും അവർ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിയ ബാപ്പയ്ക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ല. കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി മറിച്ചായിരുന്നില്ല. ഹൗസ് സർജൻസ് മാത്രമാണ് ബാപ്പയെ ചികിത്സിച്ചത്. ഗുരുതരാവസ്ഥയിലായ ബാപ്പയെ അടുത്ത ദിവസം ശുചിമുറിക്കു സമീപമുള്ള വരാന്തയിലേക്കു മാറ്റി. ഇക്കാര്യത്തിൽ ചില ഉന്നത ഇടപെടലുകൾ നടന്നതായി സംശയം ഉണ്ടെന്നും ഹുസൈൻ പറയുന്നു ഏതുതരം അന്വേഷണം ഉണ്ടായാലും ബാപ്പയുടെ മരണത്തിൽ നീതി ലഭിക്കുമോയെന്ന് ഹുസൈന് സംശയം ഉണ്ട്. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലും കോടതി വളപ്പിലും എത്തിയപ്പോൾ അക്കാര്യം ബോധ്യപ്പെട്ടെന്നും ഹുസൈൻ പറയുന്നു.
എല്ലാവരുടെയും മുഖത്ത് സന്തോഷം പ്രകടമായിരുന്നു. പൊലീസ് സ്റ്റേഷനിനുള്ളിൽ വച്ചും അവർ മൊബൈൽ ഫോണിൽ വിളിച്ച് ആരോടൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പെറ്റിക്കേസിൽ പിടിക്കപ്പെടുന്നവന്റെ മൊബൈൽ ഫോൺ പോലും പിടിച്ചു വാങ്ങുന്ന പൊലീസ് ഇത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഞാൻ നൽകിയ പരാതിയിൽ ഏഴു പ്രതികളുണ്ടെങ്കിൽ ആറുപേർക്കെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്. കോടതി വളപ്പിലെത്തിയപ്പോൾ പ്രതികൾക്കുവേണ്ടി മുദ്രാവാക്യം വിളിക്കാനും ചിലർ ഉണ്ടായിരുന്നു.
പക്ഷേ ബാപ്പയെ കൊലപ്പെടുത്തിയവർക്കെതിരെ ശിക്ഷ വാങ്ങിക്കൊടുക്കുംവരെ സന്ധിയില്ലാതെ പോരാടുമെന്ന് ഉറപ്പിച്ചു പറയുകയാണ് ഈ യുവാവ്.
എത്ര സമ്മർദ്ദമുണ്ടായാലും കേസുമായി മുന്നോട്ടുതന്നെ പോവും. ആരെയും ഭയമില്ല. ഇതുവരെ ഉന്നയിച്ച എല്ലാ വിമർശനങ്ങൾക്കും ബാപ്പയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണങ്ങൾക്കും വ്യക്തമായ തെളിവുകൾ എന്റെ പക്കലുണ്ട്. എന്നാൽ അവ തത്ക്കാലം പുറത്ത് വിടുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരിട്ട് പരാതി നൽകിയിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്ത് മുന്നോട്ട് പോകും. വീടു വിറ്റിട്ടാണെങ്കിലും കുറ്റക്കാരെ അഴിക്കുള്ളിലാക്കാൻ പോരാടും. പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച, അനീതിക്കും അക്രമത്തിനുമെതിരെ ശക്തമായ നിലപാടെടുത്ത പിതാവിനെ കൊലപ്പെടുത്തിയവർ ശിക്ഷിക്കപ്പെടണം - ഹുസൈൻ പറയുന്നു.