കൊച്ചി: എംഎൽഎ ഹോസ്റ്റൽ പീഡന കേസിൽ ഹൈബിൻ ഈഡൻ എംപിക്ക് എതിരെ തെളിവില്ലെന്ന് സിബിഐ. തട്ടിപ്പ് കേസ് പ്രതി നൽകിയ പരാതിയിൽ അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എംഎൽഎ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് തട്ടിപ്പ് കേസ് പ്രതി നൽകിയ പരാതിയെ തുടർന്നാണ് ഹൈബി ഈഡന് എതിരെ കേസെടുത്തത്. സംസ്ഥാന സർക്കാരാണ് കേസ് സിബിഐക്ക് കൈമാറിയത്.

ഇതുമായി ബന്ധപ്പെട്ട് സിബിഐ സംഘം ആറ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. ബലാത്സംഗ കേസിൽ അന്വേഷണത്തിൽ തെളിവ് കണ്ടെത്താനായില്ല. പരാതിക്കാരിക്കും തെളിവ് നൽകാൻ സാധിച്ചില്ലെന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും സിബിഐ പറയുന്നു.

അതേസമയം മറ്റ് കേസുകളിൽ അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒരു പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു തട്ടിപ്പു കേസിലെ പ്രതി പരാതി നൽകിയത്. പീഡന പരാതി വ്യാജമെന്നാണ് തുടക്കം മുതലേ കോൺഗ്രസ് വാദിച്ചത്. കേസ് സിബിഐക്ക് വിട്ടതിനെ കോൺഗ്രസ് നേതാക്കൾ എതിർക്കുകയും വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു.

നാലു വർഷത്തോളം കേരള പൊലീസ് അന്വേഷിച്ച കേസ്. തെളിവ് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പിന് മുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്. പീഡന കേസിൽ ഹൈബി ഈഡൻ എം പിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഹൈബി ഈഡൻ എംഎൽഎ ആയിരുന്നപ്പോൾ താമസിച്ചിരുന്ന എംഎൽഎ ഹോസ്റ്റലിൽ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നുയ പരാതിക്കാരിയുംൊത്താണ് അന്ന് പരിശോധനന നടത്തിയത്. ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34 നമ്പർ മുറിയാണ് പരിശോധിച്ചത്. 2013 ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.

ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി അനിൽകുമാർ, അബ്ദുള്ള കുട്ടി, അനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സഹദുള്ള എന്നിവർക്കെതിരെയും പരാതിക്കാരി പീഡനപരാതി നൽകിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ രേഖപ്പെടുത്തിയിരുന്നു. നാലര മണിക്കൂറെടുത്ത് വിശദമായാണ് പരാതിക്കാരി രഹസ്യമൊഴി നൽകിയത്. മജിസ്ട്രേറ്റ് നേരിട്ടാണ് മൊഴി എഴുതിയെടുത്തത്. മൊഴി എഴുതി മജിസ്ട്രേറ്റിന്റെ കൈ കുഴഞ്ഞതായാണ് സ്റ്റാഫ് പറഞ്ഞത്.

കെ.സി.വേണുഗോപാൽ, എംപിമാരായ ഹൈബി ഈഡൻ, അടൂർപ്രകാശ്, മുന്മന്ത്രിയും എംഎൽഎയുമായ എ.പി.അനിൽകുമാർ, ബിജെപി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരെ പ്രതികളാക്കിയാണ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ആറ് എഫ്.ഐ.ആറുകൾ സിബിഐ അഡി.സൂപ്രണ്ട് സി.ബി.രാമദേവൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കെ.സി. വേണുഗോപാലിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഉമ്മൻ ചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളിൽ പങ്കാളിയാകൽ എന്നീ കുറ്റങ്ങളാണ് സിബിഐ ചുമത്തിയത്.

ഹൈബി ഈഡനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, അടൂർ പ്രകാശിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകേ നടന്ന് ശല്യംചെയ്യൽ എന്നിവയാണ് ചുമത്തിയത്. അബ്ദുള്ള കുട്ടിക്കെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി ശല്യം ചെയ്യൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങളാണുള്ളത്.