ഹൈദരാബാദ് : പ്രാദേശിക സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും 'കരാർ വിവാഹം' ചെയ്യുന്ന സംഘത്തെ ഹൈദരബാദ് പൊലീസ് പിടികൂടി. ഗൾഫ് രാജ്യങ്ങളിലെയും മിഡിൽ ഈസ്റ്റിലേയും വ്യക്തികൾ ഉൾപ്പെടെയുള്ള 20 പേരെയാണ് പൊലീസ് പിടികൂടിയത്.

പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ പണം കാട്ടി വശീകരിക്കും. അതിന് ശേഷം വിവാഹം. മതചാരപ്രകാരമുള്ള കല്ല്യാണം നടത്തിയതായി രേഖകളുണ്ടാക്കും. ഇതിന് ശേഷം പെൺകുട്ടികളെ വിദേശത്തേക്ക് കടത്തും. നിക്കാഹ് സമയത്ത് തന്നെ വെള്ളകടലാസിൽ പെൺകുട്ടികളുടെ വെറും ഒപ്പുവാങ്ങും. ഇത് തലാഖ് ചൊല്ലിനിലുള്ള സമ്മത പത്രമായി ഭാവിയിൽ ഉപയോഗിക്കും. ഇങ്ങനെ ആവശ്യം കഴിഞ്ഞ ശേഷം പെൺകുട്ടികലെ നരകയാതനയിലേക്ക് തള്ളിവിടും. ഇതു സംബന്ധിച്ച് നിരവധി പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടപെടൽ. പെൺകുട്ടികളെ ഗൾഫിലേക്ക് കടത്താൻ അറബികൾ നിരവധിയായി എത്താറുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയായിരുന്നു പൊലീസ് ഇടപെടൽ.

പിടിയിലായ എട്ടുപേർ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അറബി പ്രമാണിമാരാണെന്ന് പൊലീസ് പറഞ്ഞു. വിവാഹം നടത്താനെത്തിയ മൂന്നു പേർ, നാല് ലോഡ്ജ് ഉടമകൾ, അഞ്ച് ബ്രോക്കർമാർ എന്നിവരെയും പിടികൂടി. ഇവരാണ് വിവാഹം നടത്താൻ മധ്യസ്ഥത നിൽക്കുന്നതെന്ന് ഡപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് (ദക്ഷിണ മേഖല) വി. സത്യനാരായണ പറഞ്ഞു. അറസ്റ്റിലായവരിൽ മതനേതാക്കളുമുണ്ട്. ഇവരും വിവാഹ ചതിയിലേക്ക് പെൺകുട്ടികളെ തള്ളിവിടുന്നുണ്ടായിരുന്നു. സൗദി, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള ഷെയ്ഖുമാരേയാണ് അറസ്റ്റ് ചെയ്തത്.

വിവാഹത്തിന്റെ പേരിൽ നിഷ്‌ക്കളങ്കരായ പെൺകുട്ടികളെ ചതിയിൽപ്പെടുത്തിയന്നെ കുറ്റം ചുമത്തിയാണ് മതനേതാക്കളെ അറസ്റ്റ് ചെയ്തത്. സൗദിയിൽ നിന്നുള്ള ഷെയ്ഖുമാർ കരാർ അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ വിവാഹം ചെയ്തതെന്ന് പൊലീസ് പറയുന്നു. കരാർ അടിസ്ഥാനത്തിൽ പെൺമക്കളെ ഷെയ്ഖുമാർക്ക് വിവാഹം ചെയ്ത് നൽകുകയും പിന്നീട് വെട്ടിലാകുകയും ചെയ്ത നിരവധി കേസുകൾ ഇതിന് മുമ്പും ഹൈദരാബാദിലുണ്ടായിട്ടുണ്ട്.

രണ്ട് പ്രായപൂർത്തിയാകത്ത പെൺകുട്ടികൾ ഉൾപ്പെടെ ഇരുപതോളം സ്ത്രീകളെ സംഘത്തിൽ നിന്നും രക്ഷിച്ചു. പെൺകുട്ടികളെയും സ്ത്രീകളെയും നാടുകടത്താനായിരുന്നു പദ്ധതിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇത്തരം 'കരാർ വിവാഹങ്ങൾ' ഹൈദരാബാദിൽ നടക്കാറുണ്ടെന്ന് അധികൃതർ അറിയിച്ചു. രേഖകളിൽ കൃത്രിമത്വം കാണിച്ചാണ് വിവാഹങ്ങൾ നടക്കാറ്.

പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് ഇത്തരം വിവാഹങ്ങൾക്ക് ഇരയാകുന്നത്. ഇടനിലക്കാർ വഴി പെൺകുട്ടികളെ വിദേശിയർക്ക് വിൽക്കുകയാണ് ചെയ്യുകയെന്നും പൊലീസ് പറഞ്ഞു.