- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ആരുജയിച്ചാലും ആഘോഷിക്കുക ബിജെപി; വോട്ടെണ്ണലിൽ ടിആർഎസ് മുന്നേറുമ്പോൾ ഒവൈസിയുടെ എഐഎംഐഎം രണ്ടാമതും ബിജെപി മൂന്നാമതും; കോൺഗ്രസ് ചിത്രത്തിലേ ഇല്ല; 2023 ലക്ഷ്യമാക്കി തന്ത്രങ്ങളുമായി ബിജെപി
ഹൈദരാബാദ്: കനത്ത സുരക്ഷാക്രമീകരണങ്ങളോടെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറഷേൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 5 ഡിവിഷനുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ തെലങ്കാന രാഷ്ട്രസമിതി ലീഡ് ചെയ്യുകയാണ്. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം രണ്ടാമതും, ബിജെപി മൂന്നാമതുമാണ്. 56 വാർഡുകളിലെ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചതിൽ ടിആർഎസ് 42 ഉം, എഐഎംഐഎം 34 ഉം ബിജെപി 22 സീറ്റിലും വിജയിച്ചു. കോൺഗ്രസ് തീർത്തും പരാജയമായി. രണ്ട് ഡിവിഷനുകൾ മാത്രമാണ് സ്വന്തമാക്കാനായത്.
150 ഡിവിഷനുകളിലായി 1,122 സ്ഥാനാർത്ഥികളുടെ ഭാവി നിർണയിക്കും. മേയർ സ്ഥാനം വനിതയ്ക്കായി സംവരണം ചെയ്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വരും മുമ്പേ തന്നെ ബിജെപി നേതാക്കൾ പരസ്പരം അഭിനന്ദന ട്വീറ്റുകൾ ഇട്ടുതുടങ്ങി. ടിആർഎസിന് ശക്തമായ ബദലാവാൻ തങ്ങൾക്ക് ഭാവിയിൽ കഴിയുമെന്ന പ്രതീക്ഷയാണ് പാർട്ടിക്ക്. യോഗി ആദിത്യനാഥ് അടക്കമുള്ള കേന്ദ്രനേതാക്കളെ ഇറക്കി കിടിലൻ പ്രചാരണമാണ് ബിജെപി അഴിച്ചുവിട്ടത്. ജയിച്ചാൽ ഹൈദരാബാദിന്റെ പേര് മാറ്റി 'ഭാഗ്യനഗർ' എന്നാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതടക്കം വലിയ വിവാദമായിരുന്നു. 150 വാർഡുകളിൽ 100 വാർഡിലും ടിആർഎസ് - ബിജെപി നേർക്കുനേർ പോരാട്ടമാണ്. ഇത്തവണ 46.59 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2016-ൽ 45.29 ആയിരുന്നു പോളിങ് ശതമാനം.
2023 ൽ ആറ് വർഷത്തെ ടിആർഎസ് ഭരണത്തിന് എതിരായ വികാരം മുതലാക്കി നേട്ടം കൊയ്യാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. കോൺഗ്രസ് താരതമ്യേന തണുപ്പൻ പ്രചാരണമാണ് നടത്തിയത്. ബിജെപിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു പ്രമുഖ നേതാവ് പോലും തെലങ്കാനയിൽ പ്രചാരണത്തിന് എത്തിയില്ല. ഹൈദരബാദിലെ പഴയ ടിഡിപി വോട്ടുകൾ ബിജെപിയിലേക്ക് മാറിയെന്ന ആശങ്കകൾ ചില നേതാക്കൾ പങ്കുവയ്ക്കുന്നു. സംസ്ഥാന ബിജെപിയുടെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രശംസിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ കർണാടകയ്ക്ക് പുറമേ തെലങ്കാന കൂടി പിടിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി ആവിഷ്കരിച്ചിട്ടുള്ളത്.
അസദുദ്ദീൻ ഒവൈസിയെ ലക്ഷ്യമിട്ടുള്ള പ്രചാരണം വഴി വോട്ടർമാർക്കിടയിൽ ധ്രുവീകരണം കൊണ്ടുവരാനും ബിജെപിക്ക് കഴിഞ്ഞു. ഏതായാലും മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ടിആർഎസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് സൂചന. മേയർ സ്ഥാനത്തേക്ക് ജയിക്കാൻ എഐഎംഐഎമ്മിന്റെ പിന്തുണ ആവശ്യമായി വന്നേക്കില്ല.
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടി നാല് എംപിമാരെ നേടിയെടുത്തു. 2018 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ സീറ്റിൽ ഒരുസീറ്റ് മാത്രം നേടിയ പാർട്ടിക്കാണ് ഈ പുരോഗതി.
മറുനാടന് ഡെസ്ക്