- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് സാക്ഷികളുടെ വീഡിയോ ഞങ്ങളുടെ പക്കലുണ്ട്; ബലാത്സംഗക്കേസ് പ്രതിയുടെ മരണം ആത്മഹത്യയെന്ന് ആവർത്തിച്ച് തെലങ്കാന പൊലീസ്; ഇതിൽ ആർക്കും കള്ളം പറയേണ്ടതില്ലലോയെന്നും വിശദീകരണം; പൊലീസിന്റെ മറുപടി തെലുങ്കാന ഹൈക്കോടതിയുടെ മെജസ്റ്റീരിയിൽ അന്വേഷണത്തിൽ
ഹൈദരാബാദ്: സെയ്ദാബാദിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം ആത്മഹത്യയാണെന്ന് ആവർത്തിച്ച് പൊലീസ്.ഏഴു സാക്ഷികളുടെ വീഡിയോ തങ്ങളുടെ കൈവശം ുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.കൊണാർക്ക് എക്സ്പ്രസിലെ ലോക്കോ പൈലറ്റുമാർ, രണ്ട് കർഷകർ, രണ്ട് റെയിൽവേ ഉദ്യോഗസ്ഥർ, ഖാൻപൂർ സ്റ്റേഷൻ മാസ്റ്റർ എന്നിവരാണ് മൊഴി നൽകിയത്. പ്രതിയുടെ ശരീരത്തിലൂടെ ട്രെയിൻ കയറിയിറങ്ങിയ ശേഷം ലോക്കോ പൈലറ്റുമാർ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നു. ഇക്കാര്യം റെയിൽവേ ഇൻഫർമേഷൻ സിസ്റ്റത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
'ഇത് 100 ശതമാനവും ആത്മഹത്യയാണ്. ആർക്കും അതിൽ സംശയമില്ല. ഏഴ് സാക്ഷികളുടെ വിഡിയോ ഞങ്ങളുടെ പക്കലുണ്ട്. ഇക്കാര്യത്തിൽ ആർക്കും കള്ളം പറയേണ്ടതില്ലെല്ലോ'- ഡി.ജി.പി എം. മഹേന്ദർ റെഡ്ഡി പറഞ്ഞു.പ്രതി ട്രാക്കിന് സമീപത്തേക്ക് സംശയാസ്പദമായ സാഹചര്യത്തിൽ പോകുന്നത് കണ്ടതായി രണ്ടുപേർ മൊഴി നൽകിയതായി ദേശിയ മാധ്യമവും റിപ്പോർട്ട് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതിയായ പല്ലാക്കൊണ്ട രാജുവിന്റെ മൃതദേഹം വ്യാഴാഴ്ചയാണ് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.വാറങ്കൽ ജില്ലയിലെ ഖാൻപൂരിലെ റെയിൽവേ ട്രാക്കിൽ തിരിച്ചറിയാൻ കഴിയാത്ത തരത്തിലായിരുന്നു രാജുവിന്റെ മൃതദേഹം. പ്രതി റെയിൽവേ ട്രാക്കിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നായിരുന്നു വ്യാഴാഴ്ച പൊലീസ് നൽകിയ വിശദീകരണം.തൊട്ടു പിന്നാലെ വിഷയത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
തെലങ്കാന സിവിൽ ലിബർട്ടീസ് കമ്മിറ്റി പ്രസിഡന്റ് പ്രഫസർ ഗദ്ദാം ലക്ഷ്മൺ ആണ് പ്രതിയുടെ മരണതിൽ ദുരൂഹത ആരോപിച്ച് വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച കോടതിയുടെ പരിഗണനയിലെത്തിയ വിഷയത്തിൽ വ്യാഴാഴ്ച രാത്രി തന്നെ മൃതദേഹം സംസ്കരിച്ചതിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ആശ്ചര്യം രേഖപ്പെടുത്തി. നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
സെപ്റ്റംബർ ഒന്നിനായിരുന്നു നാടിനെ നടുക്കിയ ആറു വയസുകാരിയുടെ കൊലപാതകം. 27കാരനായ പ്രതി അയൽവാസിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ രാജുവിന്റെ വീട്ടിൽനിന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു.
കുഞ്ഞിനെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ പ്രതിയെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്ന് തെലങ്കാന തൊഴിൽ മന്ത്രി മല്ലം റെഡ്ഡി പറഞ്ഞിരുന്നു. കൂടാതെ മൽക്കാജ്ഗിരി എംപിയും തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡിയും എൻകൗണ്ടറുകൾ നടക്കുമെന്ന രീതിയിൽ പരാമർശം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാജുവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഇതോടെ രാജുവിന്റെ മരണം ആത്മഹത്യയാണോ അതോ എൻകൗണ്ടറിലൂടെ വധിച്ചതാണോ എന്ന തരത്തിൽ പ്രചാരണങ്ങളും ആരംഭിക്കുകയായിരുന്നു.
സെപ്റ്റംബർ പത്തിന് രാജുവിന്റെ മാതാവിനെയും ഭാര്യയെയും സ്റ്റേഷനിൽ തടഞ്ഞുവെച്ചിരുന്നു. എന്നാൽ ബുധനാഴ്ച രാത്രി രാജുവിനെ മരിച്ചനിലയിൽ കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇരുവരെയും വിട്ടയച്ചിരുന്നു. പൊലീസ് രാജുവിനെ കൊന്നതാണെന്നാണ് മാതാവും ഭാര്യയും ഉന്നയിക്കുന്ന ആരോപണം
മറുനാടന് മലയാളി ബ്യൂറോ