ഹൈദരാബാദ്: എംബിബിഎസിന് സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് അഗ്‌നിക്കിരയാക്കി. ഹൈദരാബാദിലാണ് ഈ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. 25വയസ്സുകാരിയായ ഹാരികയെയാണ് ഭർത്താവ് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. എംബിബിഎസ് ലഭിക്കാത്തതിനെ തുടർന്നാണ് ഈ നടപടിയെന്നാണ് പൊലീസ് പറയുന്നത്. സോഫ്റ്റ്‌വെയർ എൻജിനീയറാണ് യുവതിയുടെ ഭർത്താവ്.

എന്നാൽ ആസൂത്രിത കൊലപാതകമാണെന്നും സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നതായും യുവതിയുടെ മാതാപിതാക്കൾ പറയുന്നു. ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഹരികയുടെ മാതാപിതാക്കളെ വിളിച്ച ഭർത്താവ് റുഷി കുമാർ, ഹരിക സ്വയം തീകൊളുത്തി മരിച്ചതായി അറിയിച്ചു. ഇത് വിശ്വസിക്കാതിരുന്ന മാതാപിതാക്കളാണ് എംബിബിഎസ് പ്രവേശനം ലഭിക്കാത്തതിനാൽ മകളെ കൊലപ്പെടുത്തിതയാണെന്ന് പൊലീസിനെ അറിയിച്ചത്. ഇവരുടെ പരാതിയിൽ റുഷി കുമാറും മാതാപിതാക്കളും അറസ്റ്റിലായിട്ടുണ്ട്.

ഹൈദരാബാദിലെ റോക്ക് ടൗൺ കോളനിക്ക് സമീപം എൽബി നഗറിലാണ് ഈ അരുംകൊല അരങ്ങേറിയത്. മെഡിക്കൽ പ്രവേശനത്തിനായി കുറച്ചുവർഷങ്ങളായി നിരന്തം പരിശ്രമിച്ചുവരികയായിരുന്നു ഹരിക. ഈ വർഷവും ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഹരികയ്ക്ക് ഒരു സ്വകാര്യ കോളജിൽ ബി.ഡി.എസിന് പ്രവേശനം ലഭിച്ചിരുന്നു. എന്നാൽ ഇത് ഭർത്താവിന് സ്വീകാര്യമായില്ല. ഹരികയുമായുള്ള ബന്ധം വേർപെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

രണ്ടു വർഷം മുൻപാണ് ഹരികയും റുഷിയും വിവാഹിതരായത്. അന്നു മുതൽ എം.ബി.ബി.എസിന് പ്രവേശനം ലഭിക്കാത്തതിനെ ചൊല്ലി ഇയാൾ വഴക്കിട്ടിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടും വഴക്കുണ്ടാക്കി. ഭാര്യ ആത്മഹത്യ ചെയ്തതാണെന്നാണ് റുഷി പൊലീസിനോട് പറഞ്ഞത്. എന്നാൽ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കൊലപാതകത്തിന്റെ സൂചനകൾ ലഭിച്ചുവെന്ന് എസിപി വേണുഗോപാല റാവു പറയുന്നു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണോ കത്തിച്ചതെന്നും സംശയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ യഥാർത്ഥ മരണകാരണം വ്യക്തമാകൂവെന്നും എസിപി വ്യക്തമാക്കി.

മുൻപും യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് പീഡിപ്പിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പൊലീസിന് ലഭിച്ച വിവരപ്രകാരം, യുവതിയുടെ ഭർത്താവ് ഭാര്യമാതാവിനെ ഞാറാഴ്‌ച്ച രാത്രിയോടെ വിളിക്കുകയും ഹാരിക സ്വയം തീകൊളുത്തി എന്നും അറിയിക്കുകയായിരുന്നു. എന്നാൽ രക്ഷിതാക്കൾ ഇത് വിശ്വസിക്കാൻ തയ്യാറായില്ല. സംഭവസ്ഥലത്ത് എത്തിയപ്പോളാണ് മരണത്തിലെ അസ്വാഭാവികത രക്ഷിതാക്കൾ തിരിച്ചറിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയിൽ യുവതിയുടെ ഭർത്താവിനേയും വീട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു.