ദുബായി: കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികൾ ഉള്ളത് ഗൾഫ് രാജ്യങ്ങളിലാണല്ലേ? തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ഓടിയെത്തുന്നില്ല എന്നതായിരുന്നു പ്രവാസ ജീവിതത്തിൽ മലയാളികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത്തരം പരാതികൾ ഇനി ഉണ്ടാകാൻ ഇടയില്ല. മലയാളികൾക്ക് ചീറിപ്പായാൻ വിമാനത്തേക്കാൾ വേഗത്തിൽ പറക്കാൻ ശേഷിയുള്ള ഹൈപ്പർ ലൂപ്പ് സാങ്കേതിക വിദ്യ വരുന്നു.

അബുദാബി-ദുബായ് യാത്രാസമയം 15 മിനിറ്റായി ചുരുക്കിക്കൊണ്ട് ഹൈപ്പർ ലൂപ്പ് ശൃംഖല സ്ഥാപിക്കാനൊരുങ്ങുകയാണ്. പദ്ധതി രൂപരേഖ തയ്യാറാക്കുന്ന ബിയാർകേ ഇങ്കൽസ് ഗ്രൂപ്പ് (ബിഗ്) ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു. നാള രൂപരേഖയുടെ ഔദ്യോഗിക പ്രകാശനം നടക്കും.പദ്ധതിയുടെ വിശദവിവരങ്ങൾ അടങ്ങുന്ന വീഡിയോ കമ്പനി പുറത്തുവിട്ടിരുന്നു.

ഇരുശാഖകളായി പിരിയുന്ന കൂറ്റൻ തൂണുകൾ താങ്ങി നിർത്തുന്ന നിലയിലാണ് വീഡിയോയിൽ ട്യൂബ് കാണിക്കുന്നത്. പ്രത്യേക രീതിയിൽ വായു സമ്മർദ്ദം ക്രമീകരിച്ചാണ് ട്യൂബുകളിൽ അതിവേഗ യാത്ര സാധ്യമാക്കുക. ട്യൂബിനകത്ത് പെട്ടികളുടെ മാതൃകയിലുള്ള ചെറുവാഹനങ്ങളായിരിക്കും യാത്രക്കാരെ വഹിക്കുന്നത്. ഇത്തരത്തിലൊരു വാഹനത്തിന്റെ മാതൃകയും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹൈപ്പർലൂപ്പ് വൺ കമ്പനിയുടെ നേതൃത്വത്തിൽ കരമാർഗമുള്ള ട്യൂബ് ശൃംഖലയാണ് പദ്ധതിയിടുന്നത്. അബുദാബി നഗരത്തിൽ നിന്ന് തുടങ്ങി വിമാനത്താവളം, ദുബായ് സൗത്തിൽ അൽ മക്തൂം വിമാനത്താവളം, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയവയെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ട്യൂബ് കടന്നുപോവുക. ജബൽ അലി തുറമുഖം, ദുബായ് മറീന, ബുർജ് ഖലീഫ എന്നിവയും ശൃംഖലയിൽ ഉൾപ്പെടുന്നതായി രൂപരേഖ വ്യക്തമാക്കുന്നു.

നിലവിലുള്ള സാങ്കേതികത ഉപയോഗിച്ചുകൊണ്ടുതന്നെ ഹൈപ്പർലൂപ്പ് സർവീസ് സാധ്യമാക്കാനാകുമെന്ന് ബിഗ് ഉടമകളിലൊരാളായ ജേക്കബ് ലാഞ്ചെ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനായി പുതുതായി ഒന്നും വികസിപ്പിച്ചെടുക്കേണ്ടതില്ല. രാജ്യത്ത് നടക്കുന്ന വികസന കുതിപ്പിന്റെ സ്വാഭാവികമായ തുടർയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഫുജൈറയിലേക്ക് ഹൈപ്പർലൂപ്പ് ശൃംഖല നീട്ടാനും ദുബായ് പദ്ധതിയിടുന്നുണ്ട്. ഇതിനായി ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മത്സരം നടത്തി ഏറ്റവും മികച്ച രൂപരേഖ പദ്ധതിക്കായി തിരഞ്ഞെടുക്കുകയും ചെയ്തു.

ഫുജൈറയിലേക്കുള്ള യാത്രാ സമയം 10 മിനുറ്റായി കുറക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ട്യൂബ് ശൃംഖല കടൽമാർഗമാണ് കടന്നുപോവുക. ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനത്തിന്റെ സാധ്യതകളെ കുറിച്ച് പല വൻകിട നഗരങ്ങളിലും പഠനം നടന്നിട്ടുണ്ടെങ്കിലും എവിടെയും യാഥാർഥ്യമാക്കിയിട്ടില്ല. അബുദാബി-ദുബായ് റൂട്ടിൽ നിശ്ചിത കാലയളവിനുള്ളിൽ സർവീസ് യാഥാർഥ്യമാക്കിയാൽ, അതൊരു വിപ്ലവകരമായ മുന്നേറ്റമായി ചരിത്രത്തിൽ ഇടംനേടും.

മണിക്കൂറിൽ 1200 കിലോമീറ്റർ വരെ വേഗത്തിൽ യാത്ര സാധ്യമാകുന്നതാണ് ഹൈപ്പർ ലൂപ്പ് ട്രെയിനുകൾ. രണ്ട് സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മർദം കുറഞ്ഞ കുഴലിലൂടെ ട്രെയിനുകൾ അതിവേഗം സഞ്ചരിക്കുന്ന സാങ്കേതിക വിദ്യയാണ് ഹൈപ്പർ ലൂപ്പ്. കുഴലിൽ മർദവും ഘർഷണവും വളരെ കുറവാതിനാൽ അതിവേഗം ട്രെയിനുകൾക്ക് കുതിച്ചുപായാൻ കഴിയും.

2010ൽ ദക്ഷിണാഫ്രിക്കക്കാരനായ എലോൺ റീവ് മസ്‌കാണ് ഹൈപ്പർ ലൂപ്പ് ആശയം ആദ്യമായി അവതരിപ്പിച്ചത്. കുഴലിനുള്ളിലെ വായുവിന്റെ മർദ വ്യത്യാസമാണ് ട്രെയിനിന് സഞ്ചരിക്കാനുള്ള ഊർജം പകരുക. മെട്രോക്ക് സമാനമായി ഭൂമിക്ക് മുകളിൽ സ്ഥാപിക്കുന്ന കുഴലിൽ മർദ വ്യത്യാസം ഉണ്ടാക്കാനുള്ള ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് സൗരോർജത്തിന്റെ സഹായത്തോടെയായിരിക്കും. നിലവിലെ ഹൈസ്പീഡ് ട്രെയിൻ പദ്ധതിക്ക് വേണ്ടിവരുന്ന ചെലവിന്റെ 10 ശതമാനം മാത്രമേ ഹൈപ്പർ ലൂപ്പിന് വേണ്ടിവരൂവെന്ന് വിദഗ്ദ്ധർ പറയുന്നു.

ദുബായിൽ ഇതിന്റെ സാധ്യതകൾ..........

ലോകത്തു ഏറെ വികസിച്ചു കൊണ്ടിരിക്കുന്ന നഗരവും ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നതുമായ ഒരു പ്രധാനപ്പെട്ട നഗരിയാണ് ദുബായ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ ഉയർന്ന കെട്ടിടമായ ബുർജ് ഖലീഫയും മറ്റു അംബര ചുംബികളും കൊണ്ട് ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായി ദുബായ് മാറിക്കഴിഞ്ഞു. തിരക്ക് പിടിച്ച നഗരത്തിൽ നിലവിൽ ഒരു സ്ഥലത്തു നിന്നും മറ്റു സ്ഥലത്തേക്ക് യാത്ര ചെയ്യാൻ വളരെ വിഷമകരമായത് കണ്ടു കൊണ്ടാണ് ദുബായ് ഭരണ കൂടം ഹൈപ്പർ ടെക്നോളജി കണ്ടു പിടിച്ചത് മുതൽ ഇതിനായി ശ്രമിക്കുന്നത്.

മറ്റു പലതിനും ദുബായ് മുന്നിലെത്തിയത് പോലെ നിലവിലെ കണക്കുകൾ പ്രകാരം യാത്രാ സൗകര്യവുമായി ഹൈപ്പർ ലൂപ്പ് ആദ്യമായി ലോകത്തിനു മുന്നിൽ ദുബായിലൂടെ യാഥാർത്യമാവുകയാണ്. .