- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐ ഗ്രൂപ്പിന്റെ കുന്തമുനയായിരുന്ന സതീശനെ കൊണ്ട് ഗ്രൂപ്പ് സമവാക്യം തകർത്തത് സുധാകരനും വേണുഗോപാലും; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചിട്ടും നീക്കം വിജയിച്ചതോടെ അന്ത്യമാകുന്നത് കോൺഗ്രസിന്റെ സമവായ ഗ്രൂപ്പ് രാഷ്ട്രീയം; ഗ്രൂപ്പ് നേതാക്കളും മാനേജർമാരും നെട്ടോട്ടത്തിൽ
തിരുവനന്തപുരം: ഐ ഗ്രൂപ്പുകാരായിരുന്നു വിഡി സതീശനും കെസി വേണുഗോപാലും കെ സൂധാകരനും. കെ കരുണാകരന്റെ പിന്തലമുറക്കാർ. പക്ഷേ ഇവർ ഐ ഗ്രൂപ്പിലെ തിരുത്തൽ നേതാക്കൾക്കൊപ്പമാണ് എന്നും നിലകൊണ്ടത്. ജി കാർത്തികേയനോടായിരുന്നു വിഡി സതീശന് താൽപ്പര്യം. വയലാർ രവിക്കൊപ്പമായിരുന്നു കെ സുധാകരൻ. കെസി വേണുഗോപാലും കരുണാകരന്റെ അവസാന കാലത്ത് പിണങ്ങി മാറിയ നേതാവ്. ഈ മൂന്ന് നേതാക്കളും ചേർന്ന് കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചെഴുതുകയാണ്. വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കുന്നതും ഇതിന് വേണ്ടിയാണ്. എയേയും ഐയേയും തകർക്കുകയെന്നതാണ് ലക്ഷ്യം.
ഇതിൽ ഐ ഗ്രൂപ്പ് തകർന്നു കഴിഞ്ഞു. രമേശ് ചെന്നിത്തലയായിരുന്നു ഐ ഗ്രൂപ്പിന്റെ നേതാവ്. ഗ്രൂപ്പ് നേതാവിനെ വെട്ടി ഗ്രൂപ്പിലെ രണ്ടാം നിരയിലെ നേതാവ് പ്രതിപക്ഷ നേതാവായിരിക്കുന്നു. ഇനി ഐ ഗ്രൂപ്പിലെ മാനേജർമാർ മാത്രമാണ് ചെന്നിത്തലയ്ക്കൊപ്പം ഉള്ളത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാൻ തുനിഞ്ഞിറങ്ങിയത് ഉമ്മൻ ചാണ്ടിയാണ്. സാധാരണ ഈ രണ്ടു പേരും ഒരുമിച്ചാൽ പിന്നെ അട്ടിമറി അസാധ്യമാണ്. ഇതാണ് വിഡി സതീശനെ മുന്നിൽ നിർത്തി കെസി വേണുഗോപാൽ പൊളിക്കുന്നത്. കെപിസിസി അധ്യക്ഷനായി കെ സുധാകരൻ കൂടി എത്തിയാൽ എ ഗ്രൂപ്പും തകർന്നടിയും. പാർട്ടിയിൽ പ്രധാന പദവികളൊന്നും ഇല്ലാത്ത ഗ്രൂപ്പായി എ ഗ്രൂപ്പ് മാറും. ഇതോടെ ചാണ്ടിക്കൊപ്പമുള്ള ഗ്രൂപ്പ് നേതാക്കളും മാനേജർമാരും വഴിയാധാരമാകും.
കെസി വേണുഗോപാൽ ഡൽഹിയിൽ പിടിമുറുക്കിയതാണ് ഇതിനു കാരണം. കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറിയായി മാറിയതോടെ രാഹുൽ ഗാന്ധിയുമായി അടുത്തു. ഈ സ്വാധീനമാണ് വിഡിയെ പ്രതിപക്ഷ നേതാവാക്കുന്നത്. കെപിസിസിയുടെ തലപ്പത്തും തനിക്ക് താൽപ്പര്യമുള്ള വ്യക്തി വരണമെന്ന ചിന്ത കെസിക്ക് ഉണ്ട്. എന്നാൽ കെ സുധാകരന് വേണ്ടി അണികൾ സജീവമായി നിൽക്കുന്നു. അതുകൊണ്ട് തന്നെ സുധാകരനെ വെട്ടനാകില്ലെന്ന് കെസിക്കും അറിയാം. അതിനാൽ കെപിസിസിയെ നയിക്കാൻ കണ്ണൂരിലെ കരുത്തനുമെത്തും. ജംബോ കമ്മറ്റികളും ഇതോടെ തീരും. ജനകീയരല്ലാത്തവർക്കെല്ലാം പണി കിട്ടുകയും ചെയ്യും.
ഗ്രൂപ്പ് നേതൃത്വങ്ങളെ ഞെട്ടിക്കുന്നതാണ് വി.ഡി.സതീശന്റെ ആരോഹണം. ഉമ്മൻ ചാണ്ടി പിന്തുണച്ചിട്ടും രമേശ് ചെന്നിത്തലയെ പോലെ ശക്തനായ നേതാവിനു പ്രതിപക്ഷ നേതാവാകാൻ കഴിഞ്ഞില്ലെന്നത് എ ഗ്രൂപ്പിനേയും വെട്ടിലാക്കുന്നു. അതേസമയം ഗ്രൂപ്പ്, തലമുറ ഭേദമില്ലാതെ വി.ഡി. സതീശന്റെ വരവിനെ സ്വാഗതം ചെയ്യുന്നവരുമേറെ. ചുരുക്കത്തിൽ, സമീപകാലം വരെ ഐ ഗ്രൂപ്പിൽ രമേശ് ചെന്നിത്തലയുടെ കുന്തമുന ആയിരുന്ന നേതാവിനെക്കൊണ്ടു തന്നെ ഗ്രൂപ്പിനെ രാഹുൽ ഗാന്ധി തകർത്തു. വിഡിയോട് രാഹുലിന് പ്രത്യേക താൽപ്പര്യമുണ്ട്. വിഡിയെ എഐസിസി സെക്രട്ടറിയാക്കിയതും കെപിസിസി വൈസ് പ്രസിഡന്റാക്കിയതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു.
2016 ൽ ലഭിച്ച 47 സീറ്റ് പോലും യുഡിഎഫിനു കിട്ടാതെ 41 എംഎൽഎമാരിലേക്കു ചുരുങ്ങിയതോടെയാണു രമേശ് ചെന്നിത്തല മാറണമെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തമായത്. യുവ എംഎൽഎമാർ പകരം സതീശന്റെ പേരു പറഞ്ഞുതുടങ്ങി. ഇതോടെ സതീശൻ തലസ്ഥാനത്തെത്തി രമേശിനെ കണ്ടു. തുടരാനുള്ള താൽപര്യമാണു രമേശ് പ്രകടിപ്പിച്ചത്. നിർണായക പദവികളിലേക്കു പല വട്ടം പരിഗണിക്കപ്പെട്ട ശേഷം മാറിക്കൊടുക്കേണ്ടി വന്ന സതീശൻ ഇത്തവണ പിന്മാറാനില്ലെന്നു വ്യക്തമാക്കിയതോടെ ഐ ഗ്രൂപ്പിൽ വിള്ളൽ വീണു. കെ.സി.വേണുഗോപാലും കെ.സുധാകരനും മാറ്റത്തിനു വേണ്ടി നിലകൊണ്ടു. ഇതും ചെന്നിത്തലയ്ക്ക് തിരിച്ചടിയായി.
ഐയിലെ എംഎൽഎമാരും സതീശന്റെ കൂടെയായി. കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന്റെ തലേന്നു രമേശും സതീശനും ഉമ്മൻ ചാണ്ടിയെ വെവ്വേറെ കണ്ടു പിന്തുണ തേടി. പൊതുസമ്മതിയുള്ള സീനിയർ നേതാവെന്ന നിലയിൽ യുഡിഎഫിനെ ഒരുമിച്ചു കൊണ്ടുപോകാൻ രമേശിനേ സാധിക്കൂവെന്ന നിലപാട് ഉമ്മൻ ചാണ്ടി എടുത്തു. സതീശനോട് എതിർപ്പുള്ള ഗ്രൂപ്പിലെ നേതാക്കളുടെ നിലപാടും അദ്ദേഹത്തെ സ്വാധീനിച്ചു. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്നു തീരുമാനിച്ച എ ഗ്രൂപ്പ് പകരം രമേശിനെ പിന്തുണയ്ക്കാൻ നിശ്ചയിച്ചെങ്കിലും എല്ലാവരും അത് അംഗീകരിച്ചില്ല. എയിലെ രണ്ടു പേർ സതീശനെ പിന്തുണച്ചു. ഇതും ചാണ്ടിയെ വെട്ടിലാക്കി.
എ വിഭാഗത്തിലെ പി.ടി. തോമസും തിരുവഞ്ചൂർ രാധാകൃഷ്ണനും തങ്ങളുടെ അവകാശ വാദങ്ങളാണ് ഹൈക്കമാൻഡിനെ ധരിപ്പിച്ചത്. ഫലത്തിൽ രണ്ടു ഗ്രൂപ്പുകൾ പല തട്ടുകളിലായി. എംപിമാർക്കും രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾക്കും രമേശിനോട് എതിർപ്പില്ലെങ്കിലും അവരും മാറ്റത്തിനായി നിലകൊണ്ടു. യൂത്ത് കോൺഗ്രസും കെഎസ്യുവും മാറ്റം ആവശ്യപ്പെട്ടു. അങ്ങനെ ഗ്രൂപ്പ് നേതാവ് പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും പുറത്തായി.
മറുനാടന് മലയാളി ബ്യൂറോ